കേരള പൊലീസിന് ഒരു ‘പ്രണയലേഖനം’: കൊറോണക്കാലത്ത് കേരള പൊലീസിനു അഭിനന്ദനക്കത്തുമായി യുവതി; കോട്ടയത്തെ പൊലീസിന് അഭിമാനത്തോടെ ഏറ്റുവാങ്ങാം ഈ കത്ത്

കേരള പൊലീസിന് ഒരു ‘പ്രണയലേഖനം’: കൊറോണക്കാലത്ത് കേരള പൊലീസിനു അഭിനന്ദനക്കത്തുമായി യുവതി; കോട്ടയത്തെ പൊലീസിന് അഭിമാനത്തോടെ ഏറ്റുവാങ്ങാം ഈ കത്ത്

സ്വന്തം ലേഖകൻ

കോട്ടയം: കൊറോണക്കാലത്ത് വൈറസിനെ പേടിക്കാതെ തെരുവിലിറങ്ങുന്നവർ പോലും പേടിക്കുന്നത് കേരള പൊലീസിനെയാണ്..! ഈ പൊലീസിന് ഒരു ‘പ്രണയലേഖനം’ സമ്മാനിച്ചിരിക്കുകയാണ് വഴിയാത്രക്കാരിയായ യുവതി. കൊറോണക്കാലത്ത് തെരുവിലിറങ്ങി സേവനം ചെയ്യുന്നവരോടുള്ള ആത്മാർത്ഥമായ സ്‌നേഹം നിറഞ്ഞ കത്താണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.

ലോക്ക് ഡൗണിൽ ജില്ലയ്ക്കു ഇളവ് പ്രഖ്യാപിച്ച ഏപ്രിൽ 20 നാണ് യുവതി ബേക്കർ ജംഗ്ഷനിൽ എത്തി കത്ത് കൈമാറിയത്. ബേക്കർ ജംഗ്ഷനിലൂടെ പെട്രോളിംങ് നടത്തുകയായിരുന്ന പൊലീസ് കൺട്രോൾ റൂം വാഹനത്തെ ചേസ് ചെയ്ത് മുന്നിൽ വട്ടം നിർത്തുകയായിരുന്നു. തുടർന്നു, യുവതി കാറിൽ നിന്നും ഇറങ്ങിവന്ന് ഒരു കത്ത് പൊലീസിനു കൈമാറി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡോൺ ബോസ്‌കോ പബ്ലിക്ക് സ്‌കൂൾ അദ്ധ്യാപികയായ താഴത്തങ്ങാടി കുന്നുംമ്പുറത്ത് ജോസ്മി ജോർജാണ് ലോക്ക് ഡൗൺ കാലത്തെ കേരള പൊലീസിനെ അഭിനന്ദിച്ച് രംഗത്ത് എത്തിയത്.

ജോസ്മി കേരള പൊലീസിനു നൽകിയ കത്ത് ഇങ്ങനെ

കോവിഡ് 19 എന്ന മഹാമാരിയിൽ നിന്നും ഇതുവരെ ഞങ്ങളെ രക്ഷിച്ച എല്ലാവർക്കും നന്ദിപറയുന്നു. സർവശക്തനായ ദൈവത്തോടുള്ള നന്ദി ആദ്യമെ തന്നെ പറയട്ടെ.
ഭരണകർത്താക്കളുടെ ശക്തമായ ഇടപെടലുകളും നിയമങ്ങളുമാണ് ഈ മഹാമാരി വ്യാപകമാകാതെ തടഞ്ഞത് എന്നുള്ളത് എല്ലാവർക്കും അറിയാവുന്ന ഒരു സത്യം തന്നെയാണ്. ലോക്ക് ഡൗൺ വിജയകരമാക്കുന്നതിൽ ഒരു സുപ്രധാന പങ്കു വഹിച്ചവരാണ് നമ്മുടെ പൊലീസ് സേന. അവരോടുള്ള ആദരവും നന്ദിയും പ്രകടിപ്പിക്കേണ്ടത് ഓരോ കേരളീയന്റെയും കടമയാണ്.

നാം ഇന്ന് സുഖമായി ഉണ്ടുറങ്ങുന്നെങ്കിൽ, നിരത്തുകളിൽ ഇറങ്ങുന്നെങ്കിൽ മഹാമാരിയെ ഭയക്കാതിരിക്കുന്നെങ്കിൽ ഇതിന്റെയെല്ലാം പിന്നിൽ പ്രവർത്തിച്ച ആരോഗ്യ പ്രവർത്തകരും, (ആരോഗ്യമന്ത്രി, ഡോക്ടർമാർ, നഴ്‌സുമാർ), പൊലീസ് സേനയും തന്നെയാണ് എന്നുള്ള വസ്തുത നാം തിരിച്ചറിയേണ്ടതാണ്.

ലോക്ക് ഡൗണിന്റെ ആദ്യനാളുകളിൽ പൊലീസ് സേനയ്‌ക്കെതിരെ വിമർശനമുണ്ടായപ്പോഴും അതൊന്നും കാര്യമാക്കാതെ തങ്ങളുടെ കടമയും, ഉത്തരവാദിത്വവും ചെയ്യാൻ നമ്മുടെ പൊലീസ് സേനയ്ക്കു പ്രചോദനം ലഭിച്ചത് രാജ്യത്തോടും, ജനങ്ങളോടുമുള്ള സ്‌നേഹമാണ്, ആത്മാർത്ഥതയാണ്.

വെന്തുരുകുന്ന ചൂടത്തും ത്യാഗം സഹിച്ച് സ്വന്തം സുഖസൗകര്യങ്ങൾ പരിഗണിക്കാതെ നമ്മെ സംരക്ഷിച്ച നമ്മുടെ പൊലീസുകാർക്ക് നാം എങ്ങിനെയാണ് നന്ദി പറയേണ്ടത്.

ജോസ്മി ജോർജ്
കുന്നുംപുറത്ത്
താഴത്തങ്ങാടി
ടീച്ചർ ഡോൺ ബോസ്‌കോ പുതുപ്പള്ളി