ഓൺലൈനായി പണം അയച്ചെന്നു വിശ്വസിപ്പിച്ച് ലോട്ടറി വിൽപനക്കാരനിൽ നിന്നും പണവും ലോട്ടറി ടിക്കറ്റുകളും തട്ടിയെടുത്തു; യുവാവിനെതിരെ കറുകച്ചാൽ പൊലീസിൽ പരാതി നൽകി

ഓൺലൈനായി പണം അയച്ചെന്നു വിശ്വസിപ്പിച്ച് ലോട്ടറി വിൽപനക്കാരനിൽ നിന്നും പണവും ലോട്ടറി ടിക്കറ്റുകളും തട്ടിയെടുത്തു; യുവാവിനെതിരെ കറുകച്ചാൽ പൊലീസിൽ പരാതി നൽകി

പത്തനാട്: ഓൺലൈനായി പണം അയച്ചെന്നു വിശ്വസിപ്പിച്ച് ലോട്ടറി വിൽപനക്കാരന്റെ പക്കൽ നിന്നു പണവും ലോട്ടറി ടിക്കറ്റുകളും തട്ടിയെടുത്തു.

പത്തനാട് കവലയിൽ റോഡരികിൽ ലോട്ടറി വിൽക്കുന്ന എസ്.രാധാകൃഷ്ണൻ നായരാണ് തട്ടിപ്പിന് ഇരയായത്.

30 വയസ്സിൽ താഴെ തോന്നിക്കുന്ന യുവാവ് രാധാകൃഷ്ണന്റെ പക്കൽ നിന്നു 19 ലോട്ടറി ടിക്കറ്റുകൾ വാങ്ങി. പഴ്‌സിൽ പണമില്ലെന്നും മൊബൈൽ നമ്പറിലേക്ക് ഓൺലൈനിൽ പണം അയയ്ക്കാമെന്നും പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സമീപത്തെ സൈക്കിൾ വിൽപന കടയിലെത്തിയ യുവാവ് 5 വയസ്സുള്ള കുട്ടിക്ക് സൈക്കിൾ വേണമെന്ന് ആവശ്യപ്പെട്ടു.
സൈക്കിൾ തിരഞ്ഞെടുത്ത ശേഷം പണം ഓൺലൈനിൽ അയയ്ക്കാമെന്നു പറഞ്ഞ് സൈക്കിൾ കട ഉമയുടെ ഫോൺ വാങ്ങി രാധാകൃഷ്ണന്റെ ഫോണിലേക്ക് 3500 രൂപ എന്ന് സന്ദേശം അയച്ചു.

ഉടൻ വരാമെന്നു പറഞ്ഞ് യുവാവ് കടയിൽ നിന്നു പോയി രാധാകൃഷ്ണന്റെ അടുത്തെത്തി വീട്ടിലെ ഫോൺ നമ്പറിൽ നിന്നു 3500 രൂപ അയച്ചിട്ടുണ്ടെന്നും ഫോൺ നോക്കാനും ആവശ്യപ്പെട്ടു. തുടർന്ന് ടിക്കറ്റ് തുകയായ 760 രൂപ കുറച്ച് ബാക്കി 2740 രൂപ രാധാകൃഷ്ണൻ പണമായി നൽകി.

വൈകിട്ട് ഓൺലൈൻ അക്കൗണ്ട് പരിശോധിച്ചപ്പോൾ പണം കിട്ടിയിട്ടില്ലെന്നു രാധാകൃഷ്ണന് മനസ്സിലായത്. മൊബൈൽ സന്ദേശം വന്ന സൈക്കിൾ കട ഉടമയെ ബന്ധപ്പെട്ടപ്പോഴാണ് തട്ടിപ്പു തിരിച്ചറിഞ്ഞത്.

തട്ടിപ്പ് നടത്തിയ യുവാവിന്റെ സിസിടിവി ദൃശ്യം സൈക്കിൾ കടയിലുണ്ട്.
കറുകച്ചാൽ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.