play-sharp-fill
കയ്യില്‍ കാശില്ലാത്തതിനാല്‍ ലോട്ടറി ടിക്കറ്റ് കടം വാങ്ങി; ചുമട്ടുതൊഴിലാളിയെ തേടിയെത്തിയത് 75 ലക്ഷം രൂപയുടെ ഒന്നാം സമ്മാനം

കയ്യില്‍ കാശില്ലാത്തതിനാല്‍ ലോട്ടറി ടിക്കറ്റ് കടം വാങ്ങി; ചുമട്ടുതൊഴിലാളിയെ തേടിയെത്തിയത് 75 ലക്ഷം രൂപയുടെ ഒന്നാം സമ്മാനം

സ്വന്തം ലേഖിക

തിരുവനന്തപുരം: കൈയില്‍ കാശില്ലാത്തതിനാല്‍ പിന്നീട് പണം തരാമെന്ന് പറഞ്ഞ് ചുമട്ട് തൊഴിലാളി വാങ്ങിയ ലോട്ടറി ടിക്കറ്റിന് ഒന്നാം സമ്മാനം.

കഴക്കൂട്ടം ആറ്റിന്‍കുഴി തൈകുറുമ്പില്‍ വീട്ടില്‍ സിഐടിയു ആറ്റിന്‍കുഴി യൂണിയന്‍ അംഗം ബാബുലാലിനാണ് (55) സംസ്ഥാന സ്ത്രീ ശക്തി ലോട്ടറിയുടെ ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ ലഭിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നലെ രാവിലെ യൂണിയന്‍ ഓഫീസിലെത്തിയ കഠിനംകുളം സ്വദേശിയായ ലോട്ടറി വില്പനക്കാരി ബാബുലാലിനോട് ഇന്ന് വളരെ കുറച്ച്‌ ടിക്കറ്റ് മാത്രമേ വിറ്റുള്ളൂവെന്നും ഒരു ടിക്കറ്റ് എടുത്ത് സഹായിക്കണമെന്നും അഭ്യര്‍ത്ഥിച്ചു. തന്റെ കൈയില്‍ ഇപ്പോള്‍ കാശില്ലെന്ന് ബാബുലാല്‍ പറഞ്ഞപ്പാേള്‍ പൈസ പിന്നെ വാങ്ങിക്കൊള്ളാമെന്നു പറഞ്ഞ് രണ്ട് ടിക്കറ്റ് ഏല്‍പ്പിക്കുകയായിരുന്നു.

അതില്‍ ഒരു ടിക്കറ്റിനാണ് ഒന്നാംസമ്മാനം ലഭിച്ചത്. തൊഴിലാളികള്‍ വിശ്രമിക്കുന്ന ആറ്റിന്‍കുഴി പഴയ വാട്ടര്‍ ടാങ്കിന് സമീപത്തെ റോഡ്‌ വക്കിലെ യൂണിയന്‍ ഓഫീസില്‍ സ്ഥിരമായെത്തി ലോട്ടറി കച്ചവടം ചെയ്യുന്ന യുവതി കണിയാപുരം ധനം ഏജന്‍സിയില്‍ നിന്നാണ് ടിക്കറ്റ് വില്പനയ്ക്കായി വാങ്ങുന്നത്.

നിര്‍ദ്ധന കുടുംബത്തില്‍പ്പെട്ട ബാബുലാല്‍ ചെറുപ്പത്തിലേ ചുമടെടുത്താണ് കുടുംബം പോറ്റുന്നത്. ഭാര്യ ശോഭന വീട്ടുജോലിക്കും പോകുന്നുണ്ട്. അരുണ്‍, അജയലാല്‍ എന്നിവരാണ് മക്കള്‍.

ആകെയുള്ള നാലര സെന്റ് കുടികിടപ്പ് കിട്ടിയ സ്ഥലത്ത് അമ്മാവന്റെയും, അനുജന്റെയും ബാബുലാലിന്റെയും കുടുംബം ഒന്നിച്ചാണ് താമസിക്കുന്നത്. സമ്മാനാര്‍ഹമായ SE 989926 എന്ന നമ്പറിലുള്ള ടിക്കറ്റ് കനറാ ബാങ്ക് കഴക്കൂട്ടം ശാഖയില്‍ ഏല്പിച്ചു.