
ക്രിസ്മസ്- ന്യൂഇയർ ബംപർ ലോട്ടറി ടിക്കറ്റുകളുടെ വ്യാജടിക്കറ്റ് തയാറാക്കി വില്‍പ്പന നടത്തി തട്ടിപ്പ്; വിറ്റ ലോട്ടറി ടിക്കറ്റുകൾക്ക് സമ്മാനം ലഭിച്ചതോടെ സംശയം; ലക്കി സെന്റര്‍ ഉടമയുടെ പരാതിയിൽ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം പിടിയിൽ
കൊല്ലം: പുനലൂരിൽ ക്രിസ്മസ് ന്യൂ ഇയർ ബംപർ ലോട്ടറി ടിക്കറ്റുകളുടെ പകര്‍പ്പ് എടുത്ത് തട്ടിപ്പ് നടത്തിയ ലോട്ടറി വില്‍പ്പനക്കാരനെ പൊലീസ് അറസ്റ്റു ചെയ്തു. സിപിഎം പുനലൂര്‍ നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി അംഗവും വാളക്കോട് സ്വദേശിയുമായ ബൈജു ഖാന്‍ ആണ് പിടിയിലായത്.
പ്രതി മൂന്നു ലോട്ടറി വില്‍പ്പനകേന്ദ്രങ്ങള്‍ വഴി വന്‍ തട്ടിപ്പ് നടത്തിയെന്നാണ് പരാതി. പുനലൂരിൽ ടി.ബി. ജംക്‌ഷനിലെ ചക്കുളത്തമ്മ ലക്കി സെന്റര്‍ ഉടമ സുഭാഷ് ചന്ദ്രബോസിന്റെ പരാതിയിലാണ് പൊലീസ് ബൈജു ഖാനെ പൊലീസ് പിടികൂടിയത്.
2024 ഡിസംബർ 7 മുതൽ 24 വരെ പരാതിക്കാരന്റെ സ്ഥാപനത്തിൽ നിന്ന് ടിക്കറ്റ് വാങ്ങി അതിന്റെ വ്യാജടിക്കറ്റ് തയാറാക്കി വില്‍പ്പന നടത്തിയെന്നാണ് പൊലീസ് കണ്ടെത്തിയത്. 332 രൂപ നിരക്കുളള ലോട്ടറി ടിക്കറ്റിന്റെ വ്യാജ ടിക്കറ്റ് തയാറാക്കി 400 രൂപയ്ക്ക് വില്‍പ്പന നടത്തി. പ്രതിയായ ബൈജു വിറ്റ ചില ലോട്ടറി ടിക്കറ്റുകൾക്ക് സമ്മാനം ലഭിച്ചതോടെയാണ് തട്ടിപ്പ് പുറത്തറിഞ്ഞത്. സംശയം തോന്നി ചക്കുളത്തമ്മ ലക്കി സെന്റര്‍ ഉടമ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സിപിഎം പുനലൂർ നോര്‍ത്ത് ലോക്കൽ കമ്മിറ്റിയംഗമാണ് പിടിയിലായ ബൈജുഖാന്‍. വ്യാജ ടിക്കറ്റ് വാങ്ങി ശബരിമല തീർഥാടകരും കബളിപ്പിക്കപ്പെട്ടതായാണ് പരാതി. പുനലൂർ മിനി പമ്പയിലുളള ബൈജുവിന്റെ ലോട്ടറി കടകള്‍ വഴി വന്‍ തട്ടിപ്പ് നടത്തിയെന്നാണ് കോണ്‍ഗ്രസ് ആരോപണം. തട്ടിപ്പില്‍ കൂടുതല്‍പേര്‍ക്ക് പങ്കുണ്ടോയെന്ന് പൊലീസ് അന്വേഷണം തുടരുകയാണ്.