ലോലൻ ഇനി ആനിമേഷനിലും ; ബെല്‍ ബോട്ടം പാന്‍റും വ്യത്യസ്തമാര്‍ന്ന ഹെയര്‍ സ്റ്റൈലും ഭാവങ്ങളുമായി ചിരിയുടെ അലകള്‍ തീര്‍ത്ത കാര്‍ട്ടൂണ്‍ കഥാപാത്രം ; ലോലനെ മലയാളികള്‍ക്ക് സമ്മാനിച്ച കോട്ടയം വടവാതൂര്‍ സ്വദേശിയായ കാര്‍ട്ടൂണിസ്റ്റ് ചെല്ലന് കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെ വിശിഷ്ടാംഗത്വം
സ്വന്തം ലേഖകൻ
കോട്ടയം: മലയാളക്കരയെ കാല്‍ നൂറ്റാണ്ട് പൊട്ടിച്ചിരിപ്പിച്ച ലോലൻ ഇനി ആനിമേഷനിലും പുറത്തിറങ്ങും. കാർട്ടൂണിസ്റ്റ് ചെല്ലൻ (ടി.പി.ഫിലിപ്പ്) രൂപം കൊടുത്ത കഥാപാത്രമായ ലോലന്‍ ഒരു കാലഘട്ടത്തില്‍ കേരളത്തിലെ കാമ്പസുകളില്‍ തുടര്‍ച്ചയായി ചിരിയുടെ അലകള്‍ തീര്‍ത്തിട്ടുണ്ട്.
1980 മുതല്‍ ” മംഗളം ” വാരികയില്‍ പ്രത്യക്ഷപ്പെട്ട് തുടങ്ങിയ ലോലന്‍ കാല്‍ നൂറ്റാണ്ട് കാലം മലയാളികളെ പൊട്ടിചിരിപ്പിച്ചു. ലോലന്‍റെ ബെല്‍ ബോട്ടം പാന്‍റും വ്യത്യസ്തമാര്‍ന്ന ഹെയര്‍ സ്റ്റൈലും ഭാവങ്ങളുമൊക്കെ കോളജ് വിദ്യാർഥികള്‍ അനുകരിച്ചിരുന്നു. കലാലയങ്ങളിലെ പ്രണയ നായകന്മാർക്ക് ലോലന്‍ എന്ന വിളിപ്പേരും വീണു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കാര്‍ട്ടൂണ്‍ സിന്‍ഡിക്കേറ്റ് മുഖേന ലോലന്‍ “രാഷ്ട്രീയ സമാചാർ” ഹിന്ദി ദിനപത്രത്തിന്‍റെ ഞായറാഴ്ച പതിപ്പില്‍ രണ്ടുവര്‍ഷം പ്രസിദ്ധീകരിച്ചു. “കന്നട മംഗള “യില്‍ നാലു വര്‍ഷവും തമിഴില്‍ രണ്ടു വര്‍ഷവും ലോലന്‍ അച്ചടിച്ചു. കൈരളി ചാനലിലൂടെ ലോലന്‍ മലയാളികളുടെ സ്വീകരണ മുറികളിലും എത്തി. നടന്‍ ഇന്ദ്രന്‍സും നസീര്‍ സംക്രാന്തിയുമാണ് മുഖ്യ വേഷങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്.
കേരള കാർട്ടൂണ്‍ അക്കാദമിയുടെ വിശിഷ്ടാംഗത്വം കാർട്ടൂണിസ്റ്റ് ചെല്ലന് കോട്ടയത്തെ വീട്ടല്‍ എത്തി കേരള കാർട്ടൂണ്‍ അക്കാദമി ചെയർമാൻ സുധീർ നാഥ് സമ്മാനിച്ച ചടങ്ങിലാണ് ആനിമേഷൻ സംബന്ധിച്ച സമ്മതപത്രവും കൈമാറിയത്.
വിവിധ പ്രസിദ്ധീകരണങ്ങളില്‍ ദീര്‍ഘകാലം വരച്ച് കേരളത്തിന്‍റെ കലാരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച കാര്‍ട്ടൂണിസ്റ്റ് ചെല്ലൻ്റെ കാര്‍ട്ടൂണ്‍ രംഗത്തെ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് വിശിഷ്ടാംഗത്വം നല്‍കിയത്.
കേരള ലളിതകലാ അക്കാദമി സെക്രട്ടറി ബാലമുരളികൃഷ്ണൻ, മാധ്യമ പ്രവർത്തകൻ പി.ഒ. മോഹൻ, കാർട്ടൂണ്‍ അക്കാദമി നിർവ്വാഹക സമിതി അംഗങ്ങളായ ബൈജു പൗലോസ്, അനില്‍ വേഗ, കെ.കെ. സുഭാഷ്, മുതിർന്ന കാർട്ടൂണിസ്റ്റ് ഇ.പി പീറ്റർ, പ്രസന്നൻ അനിക്കാട്, ശിവ തുടങ്ങിയവർ ചടങ്ങില്‍ പങ്കെടുത്തു.
ലോലൻ എന്ന കാർട്ടൂണ്‍ കഥാപാത്രത്തിൻ്റെയും കഥയുടേയും അവകാശം നെവർ എൻഡിങ്ങ് സർക്കിള്‍ മീഡിയ എന്ന പ്രൊഡക്ഷൻ കമ്ബനിക്ക് കൈമാറുന്നതിൻ്റെ സമ്മത പത്രം ചടങ്ങില്‍ കാർട്ടൂണിസ്സ് ചെല്ലൻ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ പ്രവീണ്‍ പ്രേംനാഥും, കണ്ടൻ്റ് മേധാവി സായ് വിഷ്ണുവിനും ചടങ്ങില്‍ കാർട്ടൂണിസ്റ്റ് ചെല്ലനില്‍ നിന്ന് സ്വീകരിച്ചു.
കോട്ടയം വടവാതൂര്‍ സ്വദേശിയായ ചെല്ലന്‍റെ കലയിലെ തുടക്കം 1970 ല്‍ സൈന്‍ ബോര്‍ഡുകള്‍ എഴുതിയായിരുന്നു. തുടര്‍ന്ന് ജനയുഗം വാരികയില്‍ ‘സാമൂഹ്യം പപ്പു ആശാന്’ എന്ന കാര്‍ട്ടൂണ്‍ പംക്തി തുടങ്ങി.
മലയാള മനോരമ, ദീപിക, മനോരാജ്യം, ബാലരമ, ചന്ദ്രിക, കുട്ടികളുടെ ദീപിക, പൗരദ്ധ്വനി, ചെമ്ബകം, മനോരമ കോമിക്സ്, ടോംസ് കോമിക് തുടങ്ങി മലയാളത്തിലെ ഒട്ടുമിക്ക പ്രസിദ്ധീകരണങ്ങളിലും കാര്‍ട്ടൂണ്‍ വരച്ചിട്ടുണ്ട്. നൂറിലേറെ പുസ്തകങ്ങള്‍ക്ക് കവര്‍ ചിത്രങ്ങള്‍ വരച്ചു. മറിയാമ്മ ഫിലിപ്പാണ് ഭാര്യ, മകൻ സുരേഷ്.