2019ലെ കോട്ടയം നയം സിപിഎം തുടര്‍ന്നാല്‍ മല്‍സരിക്കുന്ന ജില്ലാ സെക്രട്ടറിമാര്‍ക്ക് സ്ഥാനമൊഴിയേണ്ടി വരില്ല; ഒഴിഞ്ഞാല്‍ കണ്ണൂരില്‍ പകരക്കാരനാകാൻ കെ.കെ.രാഗേഷ്; ഇക്കാര്യത്തില്‍ നിര്‍ണ്ണായകമാവുക മുഖ്യമന്ത്രിയുടെ നിലപാട്; തീരുമാനം 27നുശേഷം
തിരുവനന്തപുരം: കണ്ണൂരില്‍ സിപിഎം ജില്ലാ സെക്രട്ടറിക്ക് മാറ്റമുണ്ടാകുമോ എന്ന രാഷ്ട്രീയ ചര്‍ച്ച സജീവം.
എം വി ജയരാജന്‍ സെക്രട്ടറി സ്ഥാനം ഒഴിയാതെ തന്നെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാണ് കൂടുതല്‍ സാധ്യത.
എന്നാല്‍ തിരഞ്ഞെടുപ്പിന് മുൻപായാലും ശേഷമായാലും സ്ഥാനമൊഴിഞ്ഞാല്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷ് പകരക്കാരനാകാൻ സാധ്യത തെളിഞ്ഞു.
ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടാകും നിര്‍ണ്ണായകം.
എന്നാല്‍ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ സിപിഎം നയം സൂക്ഷ്മമായി പരിശോധിച്ചാല്‍ എം.വി.ജയരാജന് മത്സരിക്കുമ്പോള്‍ സ്ഥാനം ഒഴിയേണ്ടി വരില്ല. കഴിഞ്ഞ തവണ പാര്‍ട്ടിയുടെ നഷ്ടപ്പെട്ട ഉറച്ച സീറ്റുകളും നഷ്ടമായ പല സീറ്റുകളും തിരിച്ചുപിടിക്കാനാണ് കരുത്തരായ സ്ഥാനാര്‍ഥികളെ ഇറക്കി സിപിഎം ലക്ഷ്യമിടുന്നത്. ഈ മാസം 27ന് ചേരുന്ന പിബി യോഗത്തിന് ശേഷമാകും സ്ഥാനാര്‍ഥി പട്ടിക ഔദ്യോഗികമായി പ്രഖ്യാപിക്കുക. അതിന് ശേഷമാകും മത്സരിക്കുന്ന ജില്ലാ സെക്രട്ടറിമാരെ തല്‍സ്ഥാനത്തു നിന്നും മാറ്റേണ്ടതുണ്ടോ എന്ന തീരുമാനം സിപിഎം നേതൃത്വം എടുക്കുക.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സംസ്ഥാനത്ത് ആകെയുള്ള 20 സീറ്റില്‍ 15 ഇടത്താണ് സിപിഎം മത്സരിക്കുക. മന്ത്രി കെ.രാധാകൃഷ്ണന്‍ അടക്കം നാല് സിറ്റിങ് എംഎല്‍മാര്‍ ഇത്തവണ ലോക്‌സഭയിലേക്ക് മത്സരിക്കുകയാണ്. മൂന്നു ജില്ലാ സെക്രട്ടറിമാരും മത്സരരംഗത്തുണ്ടാകും.
കാസര്‍കോട് മണ്ഡലത്തില്‍ ജില്ലാ സെക്രട്ടറി എം.വി.ബാലകൃഷ്ണനും, കണ്ണൂരില്‍ ജില്ലാ സെക്രട്ടറി എം.വി.ജയരാജനും, ആറ്റിങ്ങലില്‍ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയും വര്‍ക്കല എംഎല്‍എയുമായ വി.ജോയിയും മത്സരിക്കുമെന്ന് ഉറപ്പായി.
2019ല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോട്ടയത്ത് സെക്രട്ടറിയായിരുന്ന വി.എന്‍.വാസവനേയും കണ്ണൂരില്‍ പി.ജയരാജനേയും മത്സരത്തിന് ഇറക്കിയിരുന്നു. ഇതില്‍ പി.ജയരാജന്‍ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞാണ് മത്സരിച്ചത്. പകരം എം.വി.ജയരാജന്‍ ജില്ലാ സെക്രട്ടറിയായി. തിരഞ്ഞെടുപ്പില്‍ തോറ്റ പി.ജയരാജന് പക്ഷെ പിന്നീട് ആ സ്ഥാനം തിരികെ കിട്ടിയില്ല. എന്നാല്‍ കോട്ടയം ജില്ലാ സെക്രട്ടറി സ്ഥാനം രാജിവയ്ക്കാതെ മത്സരിച്ച വാസവൻ തോല്‍വിക്ക് ശേഷവും ആ പദവിയില്‍ തിരിച്ചെത്തി. വളരെ കരുതലോടെയുള്ള നയമായിരുന്നു ഇക്കാര്യത്തില്‍ സിപിഎം അവതരിപ്പിച്ചത്.
കോട്ടയത്ത് തന്നെയായിരുന്നു വാസവന്റെ മത്സരം. അതുകൊണ്ട് തന്നെ സെക്രട്ടറിയുടെ അഭാവം ജില്ലയില്‍ ഉണ്ടാകുന്നില്ല. എന്നാല്‍ കോഴിക്കോട്, കണ്ണൂർ ജില്ലകളില്‍ ഉള്‍പ്പെടുന്ന നിയമസഭാ മണ്ഡലങ്ങള്‍ ചേര്‍ന്നതാണ് വടകര ലോക്‌സഭാ മണ്ഡലം. അതുകൊണ്ട് തന്നെ പി.ജയരാജന് കണ്ണൂർ ജില്ലയില്‍ നിന്ന് മാറിനില്‍ക്കേണ്ടിവന്നു. ഈ സാഹചര്യത്തില്‍ പകരക്കാരനെ കണ്ടെത്തേണ്ടി വന്നുവെന്നായിരുന്നു സിപിഎം അന്ന് അനൗദ്യോഗികമായി നല്‍കിയ സൂചന..
മല്‍സര കാലയളവില്‍ വാസവന്‍ താല്‍കാലികമായി കോട്ടയം ജില്ലാ സെക്രട്ടറിയുടെ ചുമതല മറ്റൊരാളെ ഏല്‍പിക്കുകയായിരുന്നു. ഇതേ നയം തുടര്‍ന്നാല്‍ എം.വി.ജയരാജന് രാജി വയ്‌ക്കേണ്ടി വരില്ല. കണ്ണൂർ ജില്ലയില്‍ തന്നെ ഒതുങ്ങുന്നതാണ് കണ്ണൂർ ലോക്സഭാ മണ്ഡലം. ജില്ല വിട്ടുള്ള പ്രചാരണം വേണ്ടിവരില്ല. ജയരാജൻ്റെ സാന്നിധ്യം ജില്ലയില്‍ തന്നെയുണ്ടാകുകയും ചെയ്യും. ഈ മാനദണ്ഡം ഇത്തവണയും തുടരാൻ തീരുമാനിച്ചാല്‍ എം.വി.ജയരാജന് മാത്രമല്ല, തിരുവനന്തപുരം ജില്ലാ സെക്രട്ടറിയെന്ന പദവിയുമായി ആറ്റിങ്ങലില്‍ വി.ജോയിയ്ക്കും മത്സരിക്കാം. കാസര്‍കോട്ട് എം.വി.ബാലകൃഷ്ണനും തിരഞ്ഞെടുപ്പ് കാലത്ത് സെക്രട്ടറിപദം രാജിവയ്‌ക്കേണ്ടി വരില്ല.