നിയന്ത്രണങ്ങൾ എല്ലാം ലംഘിച്ച് കോട്ടയം ജനറൽ ആശുപത്രിയിൽ അഭിമുഖം: കൈക്കുഞ്ഞുമായി വരെ നഴ്സുമാരെത്തി; കൊറോണക്കാലത്ത് നഴ്സുമാരുടെ നിര റോഡിലേയ്ക്കും നീണ്ടു
തേർഡ് ഐ ബ്യൂറോ
കോട്ടയം: കൊറോണക്കാലത്ത് നിയന്ത്രണങ്ങൾ എല്ലാം ലംഘിച്ച് കോട്ടയം ജനറൽ ആശുപത്രിയിൽ അഭിമുഖം. കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ വിപുലീകരണത്തിനു വേണ്ടി വിവിധ തസ്തികയിലേയ്ക്കുള്ള നിയമനങ്ങൾ നടത്തുന്നതിനായാണ് മാനദണ്ഡങ്ങളും, നിയന്ത്രണങ്ങളും എല്ലാം ലംഘിച്ച് അഭിമുഖം നടനത്തിയത്. പ്രത്യേക മുന്നൊരുക്കങ്ങളില്ലാതെ അഭിമുഖത്തിന് ആളുകളെ വിളിച്ചു വരുത്തിയതോടെ നഴ്സുമാർ കൈക്കുഞ്ഞുങ്ങളുമായി അടക്കം റോഡിൽ നിരന്നു.
റോഡിലേയ്ക്കു വരെ നഴ്സുമാരുടെ നിര നീണ്ടിട്ടുണ്ട്. സാമൂഹിക അകലം പാലിക്കാതെയാണ് ഇത്തരത്തിൽ നഴ്സുമാർ ക്യൂ നിൽക്കുന്നത്. നിയന്ത്രണങ്ങൾ എല്ലാം ലംഘിക്കപ്പെട്ടതോടെ നഴ്സുമാരെ പുറത്താക്കി ആശുപത്രിയുടെ ഗേറ്റും അടച്ചിരിക്കുകയാണ്. ജനറൽ ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിനു മുന്നിലും, ഗേറ്റിനു പുറത്തുമായി നൂറുകണക്കിന് നഴ്സുമാരാണ് തടിച്ചു കൂടി നിൽക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി നഴ്സുമാർക്കായി ശനിയാഴ്ച രാവിലെ പത്തു മുതൽ ഉച്ചയ്ക്കു രണ്ടു വരെ അഭിമുഖം നടത്തുന്നുവെന്നായിരുന്നു പ്രഖ്യാപനം. ഇത് വിശ്വസിച്ച് നൂറുകണക്കിന് ആളുകളാണ് ഇവിടെ തടിച്ചു കൂടിയത്. നേരത്തെ ബുക്കിംങിനോ, പ്രത്യേകം സമയം നൽകുന്നതിനോ ഒന്നും ക്രമീകരണവും ആശുപത്രിയിൽ ഒരുക്കിയിരുന്നില്ല.
കോവിഡ് ബാധിച്ചും അല്ലാതെയും നൂറുകണക്കിന് രോഗികൾ എത്തുന്ന സ്ഥലമാണ് ജനറൽ ആശുപത്രി. ഇവിടെ ജീവനക്കാർക്കു വരെ കോവിഡ് ബാധിച്ച സംഭവം ഉണ്ടായിരുന്നു. നിരവധി രോഗികളാണ് ഇവിടെ എല്ലാ ദിവസവും എത്തി കോവിഡ് പരിശോധന നടത്തുന്നതും. ഇതെല്ലാം നിലവിൽ നിൽക്കെയാണ് മാനദണ്ഡങ്ങൾ എല്ലാം ലംഘിച്ച് ആശുപത്രിയിൽ അഭിമുഖം നടത്തിയിരിക്കുന്നത്.
അഞ്ചിൽ കൂടുതൽ ആളുകൾ ഒന്നിച്ചു നിൽക്കാൻ പാടില്ലെന്നും, ആളുകൾ സാമൂഹിക അകലം കൃത്യമായി പാലിക്കണമെന്നും ആളുകളെ മുഴുവൻ ബോധവത്കരിക്കുന്ന ജില്ലയിലെ ആരോഗ്യ വിഭാഗം തന്നെയാണ് ഇത്തരത്തിൽ ഗുരുതരമായ വീഴ്ച വരുത്തിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ ആറോഗ്യ വിഭാഗത്തിനെതിരെ നടപടിയെടുക്കാൻ ജില്ലാ ഭരണകൂടം തയ്യാറാകണമെന്നാണ് ആവശ്യം.
സംഭവം വിവാദമായതോടെ അഭിമുഖം നിർത്തിവയ്ക്കാൻ ജില്ലാ മെഡിക്കൽ ഓഫിസർ നിർദേശം നൽകി. അഭിമുഖത്തിന്റെ നടപടിക്രമങ്ങൾ എല്ലാം പാലിക്കാതെയാണ് ആളുകൾ തടിച്ചു കൂടിയത് എന്നു കണ്ട സാഹചര്യത്തിലാണ് അഭിമുഖം നിർത്തി വച്ചിരിക്കുന്നത്. ആളുകൾ കൂടുന്നത് ഒഴിവാക്കാനുള്ള നടപടികൾ സ്വീകരിക്കാതിരുന്ന ആശുപത്രി അധികൃതർക്കെതിരെ നടപടിയുണ്ടായേക്കും