വീട്ടുകാരെ പട്ടിണിക്ക് ഇടാൻ കഴിയാത്തത് കൊണ്ട് ചാരായം വാറ്റിയതാ സാറേ..! ചാരായം വാറ്റുന്നതിനിടയിൽ അറസ്റ്റിലായ പ്രതിയുടെ വീട്ടിലേക്ക് സാധനങ്ങൾ വാങ്ങി നൽകി പൊലീസ് ; നിറഞ്ഞ കൈയടി നേടി കേരളാ പൊലീസ്

വീട്ടുകാരെ പട്ടിണിക്ക് ഇടാൻ കഴിയാത്തത് കൊണ്ട് ചാരായം വാറ്റിയതാ സാറേ..! ചാരായം വാറ്റുന്നതിനിടയിൽ അറസ്റ്റിലായ പ്രതിയുടെ വീട്ടിലേക്ക് സാധനങ്ങൾ വാങ്ങി നൽകി പൊലീസ് ; നിറഞ്ഞ കൈയടി നേടി കേരളാ പൊലീസ്

സ്വന്തം ലേഖകൻ

ചിറയിൻകീഴ്: ലോക് ഡൗണിൽ വീട്ടുചെലവ് നടത്താൻ പണം കണ്ടെത്താൻ ചാരായം വാറ്റുന്നതിനിടെ അറസ്റ്റിലായ പ്രതിയുടെ ദുരവസ്ഥ അറിഞ്ഞതോടെ പ്രതിയുടെ വീട്ടിൽ സഹായം എത്തിച്ച് കേരള പൊലീസ്.

ചിറയിൻകീഴ് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് ചാരായം വാറ്റുന്നതിനിടെ അറസ്റ്റിലായ പ്രതിയുടെ വീട്ടിലേക്ക് അവശ്യ സാധനങ്ങൾ എത്തിച്ചു നൽകിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വീട്ടിൽ വച്ച് ചാരായം വാറ്റുന്നതിനിടയിൽ അറസ്റ്റിലായ കേസിൽ തുടരന്വേഷണം നടത്തവേയാണ് പ്രതിയുടെ ദുരവസ്ഥ പൊലീസ് തിരിച്ചറിഞ്ഞത്. തുടർന്നാണ് സഹായവുമായി പൊലീസ് പ്രതിയുടെ വീട്ടിലേക്ക് എത്തിയത്.

അച്ഛനും അമ്മയും ഭാര്യയും രണ്ട് മക്കളും അടങ്ങുന്ന കുടുംബം മുന്നോട്ട് പോയിക്കൊണ്ടിരുന്നത് പ്രതിയുടെ ഏക വരുമാനത്തിലായിരുന്നു. എന്നാൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ ജോലിയും വരുമാനവും ഇല്ലാതായി.

വീട്ടിലുള്ളവരെ പട്ടിണിക്ക് ഇടാൻ കഴിയാത്തത് കൊണ്ടാണ് പ്രതി ചാരായം വാറ്റിയതെന്ന് അന്വേഷണത്തിൽ പോലീസ് ഉദ്യോഗസ്ഥർക്ക് മനസ്സിലായി.ഇതേ തുടർന്നാണ് ചിറയിൻകീഴ് പൊലീസ് തന്നെ പ്രതിയുടെ വീട്ടിലേക്ക് അരിയും ഭക്ഷ്യ വസ്തുക്കളും എത്തിച്ച് കൊടുത്തത്.

കേരള പൊലീസിന്റെ ഈ പ്രവർത്തിക്ക് നിറഞ്ഞ കൈയ്യടിയാണ് സമൂഹമാധ്യമങ്ങളിൽ ലഭിക്കുന്നത്. പൊലീസ് തങ്ങളുടെ ഫെയ്‌സ്ബുക്ക് പേജിലൂടെ സഹായം എത്തിച്ചു നൽകുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വിട്ടിരുന്നു. ഇതിനോടകം തന്നെ ആ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിരുന്നു.