Saturday, April 25, 2026

ലോൺ ആപ്പുകള്‍ പോലുള്ള സൈബര്‍ കെണികളില്‍ നിന്ന് യുവതയെ രക്ഷിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് യുവജനകമ്മീഷന്‍; 150 ഓളം എം.എസ്.ഡബ്ല്യു വിദ്യാർത്ഥികളെ ചുമതലപ്പെടുത്തി

Spread the love

 

സ്വന്തം ലേഖിക

video
play-sharp-fill

കോട്ടയം: ലോണ്‍ ആപ്പ്, ഓണ്‍ലൈന്‍ ഗെയിമുകള്‍ പോലെയുള്ള സൈബര്‍ കെണികളില്‍ നിന്ന് യുവതയെ രക്ഷിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് സംസ്ഥാന യുവജന കമ്മീഷന്‍ ചെയര്‍മാന്‍ എം. ഷാജര്‍ പറഞ്ഞു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലാതല ജാഗ്രതാസഭ രൂപീകരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പതിനായിരക്കണക്കിന് യുവജനങ്ങളാണ് ഇത്തരം സൈബര്‍ കെണികളിലകപ്പെട്ട് പുറത്ത് പറയാനാകാതെ വിഷമിക്കുന്നത്. യുവാക്കളില്‍ ആത്മഹത്യ പ്രേരണ വര്‍ദ്ധിച്ചു വരുകയാണ്. അതിന്റെ കാരണങ്ങള്‍ കണ്ടെത്തി പ്രശ്‌ന പരിഹാരത്തിനായി പഠനം നടത്തി സര്‍ക്കാരിന് സമര്‍പ്പിക്കുന്നതിനായി സംസ്ഥാനമെമ്പാടുമുള്ള 150 ഓളം വരുന്ന എം.എസ്. ഡബ്ല്യു വിദ്യാര്‍ത്ഥികളെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലഹരിക്കെതിരെ ഒരു ചെറുപ്പക്കാരന്‍ ഒരു ക്യാമ്പയിനെങ്കിലും സംഘടിപ്പിക്കേണ്ടതുണ്ട്. എല്ലാ കോളേജ് ക്യാമ്പസുകളിലും തൊഴിലിടങ്ങളിലും യുവജന കമ്മീഷന്റെ ടോള്‍ ഫ്രീ നമ്പറുകളുടെ പ്രചരണ ബോര്‍ഡുകള്‍ ഒരുക്കണമെന്നും അദ്ദേഹം പറഞ്ഞു.

യുവാക്കളില്‍ ഉയര്‍ന്നു വരുന്ന ലഹരിയുടെ ഉപയോഗം, ലോണ്‍ ആപ്പുകളില്‍ അകപ്പെട്ട് ജീവിതം തുലാസിലാകുന്നവര്‍, യുവാക്കളിലെ ആത്മഹത്യ പ്രേരണ, മൊബൈല്‍ ഫോണിന്റെ ദുരുപയോഗം, തൊഴിലിടങ്ങളില്‍ യുവജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ എന്നീ വിഷയങ്ങളില്‍ ചര്‍ച്ച നടന്നു.
യോഗത്തില്‍ യുവജന കമ്മീഷന്‍ അംഗം റെനീഷ് മാത്യു അധ്യക്ഷത വഹിച്ചു.

യുവജന കമ്മീഷന്‍ കോട്ടയം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍മാരായ അര്‍ച്ചന സദാശിവന്‍, നാസര്‍ സലാം തുടങ്ങിയവര്‍ സംസാരിച്ചു. സംസ്ഥാന യുവജന കമ്മീഷന്‍ നടപ്പാക്കുന്ന വിവിധ പദ്ധതികളുമായി ബന്ധപ്പെട്ട് ജില്ലയിലെ വിദ്യാര്‍ഥി യുവജന സംഘടന പ്രതിനിധികള്‍, സര്‍വകലാശാല, കോളജ് യൂണിയന്‍ ഭാരവാഹികള്‍, നാഷണല്‍ സര്‍വീസ് സ്‌കീം, എന്‍.സി.സി. പ്രതിനിധികളും പങ്കെടുത്തു.