play-sharp-fill
ദുരിത ഭൂമിയിലെ കർമ്മധീരന് രാഷ്ട്രീയമില്ല: രക്ഷാപ്രവർത്തനത്തിനിടെ മരിച്ച ലിനുവിന് സഹായവുമായി ജയസൂര്യയും മോഹൻലാലും അടക്കമുള്ള പ്രമുഖർ; വീടും പണവും കരുണയും ഒഴുകിയെത്തും

ദുരിത ഭൂമിയിലെ കർമ്മധീരന് രാഷ്ട്രീയമില്ല: രക്ഷാപ്രവർത്തനത്തിനിടെ മരിച്ച ലിനുവിന് സഹായവുമായി ജയസൂര്യയും മോഹൻലാലും അടക്കമുള്ള പ്രമുഖർ; വീടും പണവും കരുണയും ഒഴുകിയെത്തും

സ്വന്തം ലേഖകൻ

കോഴിക്കോട്: രണ്ടാം പ്രളയത്തിൽ കേരളം വിറങ്ങലിച്ചു നിൽക്കുമ്പോൾ മതവും രാഷ്ട്രീയവും നോക്കാതെ സഹായവുമായി പ്രമുഖർ. കോഴിക്കോട് രക്ഷാപ്രവർത്തനത്തിനിടെ മരിച്ച ലിനുവിന്റെ കുടുംബത്തിന് സഹായവുമായി ആദ്യമെത്തിയത് സിനിമാ താരം ജയസൂര്യയായിരുന്നു. ഇതിനു പിന്നാലെ മമ്മൂട്ടിയും മോഹൻലാലും അടക്കമുള്ള വൻ താര നിര തന്നെ മുന്നോട്ട് എത്തി.
ലിനുവിന്റെ മാതാവിനെ ഫോണിൽ വിളിച്ച് നടൻ മമ്മൂട്ടി സഹായവാഗ്ദാനം നൽകിയതിന് പിന്നാലെ നിരവധി പേർ ലിനുവിനെ സഹായിക്കാൻ രംഗത്തുവന്നു. ലിനുവിന്റെ കുടുംബത്തിന് നടൻ കൈത്താങ്ങുമായി നടൻ ജയസൂര്യയും മോഹൻലാലിന്റെ വിശ്വാശാന്തി ഫൗണ്ടേഷനും രംഗത്തുവന്നു. ലിനുവിന്റെ കുടുംബത്തിനായി അഞ്ച് ലക്ഷം രൂപ ജയസൂര്യ നൽകിയപ്പോൾ കുടുംബത്തിന് വീടുവെച്ചു നൽകാമെന്ന വാഗ്ദാനമാണ് മോഹൻലാലിന്റെ വിശ്വശാന്തി ഫൗണ്ടേഷൻ നൽകിയത്.
ലിനുവിന്റെ അമ്മയെ ഫോണിൽ വിളിച്ച് സംസാരിച്ച ജയസൂര്യ ബാങ്ക് അക്കൗണ്ടിലേക്ക് അഞ്ചു ലക്ഷം രൂപ ട്രാൻസ്ഫർ ചെയ്തു നൽകി. ലിനു ചെയ്തത് മഹത്തായ പ്രവൃത്തിയാണെന്നും ഇതൊരു മകൻ നൽകുന്നതായി മാത്രം കണ്ടാൽ മതിയെന്നും ജയസൂര്യ ലിനുവിന്റെ അമ്മയോട് പറഞ്ഞു. ഇത് കൂടാതെ ലിനുവിന്റെ കുടുംബത്തിന് നടൻ മോഹൻലാൽ ചെയർമാനായിട്ടുള്ള വിശ്വശാന്തി ഫൗണ്ടേഷൻ വീട് നിർമ്മിച്ച് നൽകും. ഫൗണ്ടേഷൻ പ്രതിനിധിയായി എത്തിയ മേജർ രവി ലിനുവിന്റെ വീട് സന്ദർശിച്ച ശേഷമാണ് ഇക്കാര്യം അറിയിച്ചത്. അടിയന്തര സഹായമായി ഒരു ലക്ഷം രൂപ ലിനുവിന്റെ അമ്മയ്ക്ക് നൽകി. ലിനുവിന്റെ കടം വീട്ടാനുള്ള സഹായവും വിശ്വശാന്തി ഫൗണ്ടേഷൻ നൽകുമെന്ന് അദ്ദേഹം അറിയിച്ചു.
മരപ്പണി തൊഴിലാളിയായിരുന്നു ലിനു. ബേപ്പൂരിലാണ് ലിനുവിന്റെ വീട്. അച്ഛനും അമ്മയും സഹോദരങ്ങളും ഉൾപ്പെടെയാണ് കഴിഞ്ഞിരുന്നത്. വീട് മഴയെടുത്തപ്പോൾ സമീപത്തെ സ്‌കൂളിലെ ദുരിതാശ്വാസ ക്യംപിലേക്ക് ഇവർ മാറി. ഇവിടെ നിന്നാണ് ലിനും കൂട്ടരും രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയത്. കുണ്ടായിത്തോട് എരഞ്ഞിരക്കാട്ട് പാലത്തിനു സമീപം രക്ഷാപ്രവർത്തനത്തിടെ ലിനുവിനെ കാണാതായി. മണിക്കൂറുകൾക്ക് ശേഷം ലിനുവിന്റെ ജിവനറ്റ ശരീരം സുഹൃത്തുക്കൾ കണ്ടെത്തുകയായിരുന്നു. നേരത്തെ സേവാഭാരതി പ്രവർത്തകന്റെ കുടുംബത്തിന് ആശ്വാസവുമായി രംഗത്തുവന്നത് മെഗാ സ്റ്റാർ മമ്മൂട്ടിയായിരുന്നു.
ലിനുവിന്റെ അമ്മ പുഷ്പലതയെ ഫോണിൽ വിളിച്ചാണ് മമ്മൂട്ടി കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുച്ചേർന്നത്. ലിനുവിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തിയ മമ്മൂട്ടി എന്ത് ആവശ്യമുണ്ടായാലും അറിയിക്കണമെന്നും ചോദിക്കാൻ മടിക്കരുതെന്നും പറഞ്ഞു. മമ്മൂട്ടിയെ പോലൊരു വലിയ മനുഷ്യന്റെ വാക്കുകൾ കുടുംബത്തിന് ആശ്വാസവും ധൈര്യവും നൽകുന്നുവെന്ന് ലിനുവിന്റെ സഹോദരനും പ്രതികരിച്ചു. മന്ത്രിമാരും സിനിമാതാരങ്ങളുമടക്കം ഒട്ടേറെ പേരാണ് ലിനുവിന് ആദരമർപ്പിച്ച് രംഗത്തെത്തിയത്. വീട്ടിൽ വെള്ളം കയറിയതിനെ തുടർന്നാണ് ലിനുവും മാതാപിതാക്കളും സഹോദരങ്ങളും ദുരിതാശ്വാസ ക്യാംപിലേക്കു മാറിയത്. ഇവിടെ നിന്നാണ് മറ്റുള്ളവരെ രക്ഷിക്കാൻ ലിനു ഇറങ്ങിത്തിരിച്ചത്. ലിനുവിനെ കണ്ടെത്താൻ ഒരു ദിവസം നീണ്ട തിരച്ചിൽ നടത്തിയിരുന്നു. പിന്നീട് വെള്ളക്കെട്ടിൽ നിന്നും ലിനുവിന്റെ മൃതദേഹം ലഭിച്ചു. അമ്മയും സഹോദരങ്ങളും കഴിയുന്ന ക്യാംപിലേക്കാണ് മൃതദേഹം എത്തിച്ചത്.
അതിനിടെ ലിനുവിന്റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നൽകുമെന്ന് ഹരിദ്വാർ കർണ്ണാവതി മിത്രമണ്ഡൽ ചാരിറ്റബിൾ ട്രസ്റ്റ് അറിയിച്ചു. ഈ തുക സേവാഭാരതി വഴി ഉടനെ കൈമാറുമെന്ന് അവർ ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ ശശികല ടീച്ചറെ അറിയിച്ചു. ലിനുവിന്റെ കുടുംബത്തിന് സർക്കാർ ധനസഹായം നൽകണമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എംടി രമേശും ആവശ്യപ്പെട്ടു. ദുരിതാശ്വാസ ക്യാമ്പിൽ നിന്ന് രക്ഷാപ്രവർത്തനത്തിന് പോയി മരണപ്പെട്ട സേവാഭാരതി പ്രവർത്തകനാണ് ലിനു. ലിനുവിന്റെ അമ്മയെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കവേയാണ് രമേശ് ഈ ആവശ്യം മുന്നോട്ടു വെച്ചത്.
കോഴിക്കോട് ചെറുവണ്ണൂരിലെ ക്യാമ്പിൽ നിന്നുമാണ് ലിനു രക്ഷാപ്രവർത്തനത്തിന് പോയത്. ചാലിയാർ കരകവിഞ്ഞ് ഒറ്റപ്പെട്ടുപോയ ഭാഗമായിരുന്നു ഇത്. രണ്ട് തോണികളിലായിട്ടായിരുന്നു രക്ഷാപ്രവർത്തനം. ഇരുസംഘവും ലിനു അടുത്ത തോണിയിലുണ്ടാവുമെന്നു കരുതി. എന്നാൽ തിരികെ വന്നപ്പഴാണ് ലിനുവിനെ കാണാനില്ലെന്ന് മനസിലായത്. തുടർന്ന് പ്രദേശത്ത് അഗ്‌നിശമന സേന നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്.