play-sharp-fill

ലൈഫ്‌ മിഷൻ; 20,073 വീടുകൾ ഇന്ന് കൈമാറുന്നു; 41,439 ഗുണഭോക്താക്കളുമായി കരാർ ഒപ്പുവെക്കുന്ന ചടങ്ങും ഇതോടൊപ്പം നടക്കും; പുതുചരിത്രം രചിച്ച്‌ എൽഡിഎഫ് സർക്കാരിന്റെ നൂറ്‌ ദിന കർമ്മ പരിപാടി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ലൈഫ്‌ മിഷൻ പണികഴിപ്പിച്ച 20,073 വീടുകൾ ഇന്ന് നാടിന് സമർപ്പിക്കും. രണ്ടുവർഷം പൂർത്തിയാക്കുന്ന എൽഡിഎഫ് സർക്കാരിന്റെ നൂറ്‌ ദിന കർമ്മ പരിപാടിയുടെ ഭാഗമായാണ് വീടുകൾ പൂർത്തിയാക്കിയത്. ലൈഫ്‌ 2020 പട്ടികയിൽ ഉൾപ്പെട്ട 41,439 ഗുണഭോക്താക്കളുമായി കരാർ ഒപ്പുവെക്കുന്ന ചടങ്ങും ഇതോടൊപ്പം നടക്കും.

ലൈഫ്‌ ഭവന പദ്ധതിയിലൂടെ ഇതുവരെ സംസ്ഥാനത്ത്‌ 3,42,156 വീടുകളാണ് നിർമ്മാണം പൂർത്തിയാക്കി ഗുണഭോക്താക്കൾക്ക് സമർപ്പിച്ചത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 1,06,000 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിക്കുവാനാണ് സർക്കാർ ലക്ഷ്യമിട്ടിരുന്നത്. ഇതില്‍ ഇക്കഴിഞ്ഞ മാർച്ച്‌ 31 വരെ 54,648 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനു പുറമേ 67,000 ലധികം വീടുകള്‍ നിര്‍മ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. ഭൂരഹിത ഭവനരഹിതരുടെ പുനരധിവാസത്തിനായി ‘മനസ്സോടിത്തിരി മണ്ണ്’ ക്യാമ്പയിനിലൂടെ ഇതുവരെ 23.50 ഏക്കര്‍ സ്ഥലം വാഗ്ദാനം ചെയ്യപ്പെട്ടിട്ടുണ്ട്.

ഇതില്‍ 12.32 ഏക്കര്‍ ഭൂമിയുടെ രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് അര്‍ഹരായ ഗുണഭോക്താക്കള്‍ക്ക് കൈമാറി. ഇതോടൊപ്പം ലൈഫ് 2020 ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള 3,69,262 ഭൂമിയുള്ള ഭവനരഹിതരില്‍ പട്ടികജാതി പട്ടികവര്‍ഗ്ഗ ഫിഷറീസ് വിഭാഗത്തില്‍പ്പെട്ട ഗുണഭോക്താക്കള്‍ക്കും അതിവേഗം ആനുകൂല്യം ലഭ്യമാക്കുന്നതിന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതേത്തുടർന്ന് 46,380 ഗുണഭോക്താക്കള്‍ ഭവനനിര്‍മ്മാണത്തിനായി കരാറില്‍ ഏര്‍പ്പെടുകയും ഇതിൽ 587 പേരുടെ ഭവന നിര്‍മ്മാണം പൂര്‍ത്തീകരിക്കുകയും ചെയ്തു.