play-sharp-fill
ലഹരിയുടെ ഉപയോഗം ജില്ലയില്‍ വര്‍ധിക്കുന്നു

ലഹരിയുടെ ഉപയോഗം ജില്ലയില്‍ വര്‍ധിക്കുന്നു

സ്വന്തം ലേഖകൻ

ആലപ്പുഴ: ടൂറിസം രംഗത്തെ കുതിച്ചു ചാട്ടത്തില്‍ ആഹ്ലാദിക്കുമ്ബോള്‍തന്നെ സിന്തറ്റിക് ലഹരിയുടെ ഉപയോഗവും ജില്ലയില്‍ വര്‍ധിക്കുന്നു.ചില കായലോര റിസോര്‍ട്ടുകള്‍ കേന്ദ്രീകരിച്ചാണ് ലഹരി മാഫിയ പിടിമുറുക്കുന്നതെന്ന് പൊലീസിനും എക്സൈസിനും വിവരം ലഭിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം വിവാഹത്തോടനുബന്ധിച്ച്‌ റിസോര്‍ട്ട് കേന്ദ്രീകരിച്ച്‌ നടന്ന പാര്‍ട്ടിയില്‍ കച്ചവടത്തിനെത്തിച്ച സിന്തറ്റിക് ലഹരി വസ്തുക്കളുമായി ഒരാള്‍ പിടിയിലായിരുന്നു. ഈ വര്‍ഷം ആദ്യ നാലു മാസത്തിനുള്ളില്‍ ഇരുനൂറോളം എന്‍.ഡി.പി.എസ് (നര്‍കോട്ടിക് ഡ്രഗ്സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ് ആക്‌ട്) കേസുകളാണ് ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ എം.ഡി.എം.എയും കഞ്ചാവും നൈട്രാസെപാം ഗുളികകളും പിടിച്ച കേസുകള്‍ ഉള്‍പ്പെടുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ വര്‍ഷം ജില്ലയില്‍ ആകെ രജിസ്റ്റര്‍ ചെയ്ത നാര്‍കോട്ടിക് കേസുകള്‍ 527 ആണെന്നിരിക്കെ ഈവര്‍ഷം ജനുവരി ഒന്നു മുതല്‍ ഏപ്രില്‍ 26വരെ രജിസ്റ്റര്‍ ചെയ്ത നാര്‍കോട്ടിക് കേസുകള്‍ 193 ആയി. എം.ഡി.എം.എ ഉപയോഗമാണ് വലിയ തോതില്‍ വര്‍ധിക്കുന്നത്.

2021ല്‍ പൊലീസ് നടത്തിയ പരിശോധനയില്‍ 20 ഗ്രാമും എക്സൈസ് പരിശോധനയില്‍ 18 ഗ്രാം എം.ഡി.എം.എയുമാണ് കണ്ടെത്തിയത്. 2022 ആയപ്പോഴേക്കും സ്ഥിതി മാറി. പൊലീസ് പരിശോധനയില്‍ 1350 ഗ്രാമും എക്സൈസ് പരിശോധനയില്‍ 147 ഗ്രാമും എം.ഡി.എം.എയാണ് പിടികൂടിയത്. ഈ വര്‍ഷം ആദ്യത്തെ മൂന്ന് മാസത്തെ കണക്കുപ്രകാരം മാത്രം ജില്ലയില്‍ പൊലീസ് 350 ഗ്രാമും എക്സൈസ് 47 ഗ്രാമും പിടികൂടി.

ഒരു ഗ്രാം എം.ഡി.എം.എ ജില്ലയില്‍ വില്‍ക്കുന്നത് 2000 മുതല്‍ 5000 രൂപക്ക് വരെയാണ്. ജില്ലയിലേക്ക് ലഹരി കടത്തിക്കൊണ്ടുവരുന്നത് ബംഗളൂരു കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന മാഫിയകളാണെന്ന് സൂചന ലഭിച്ചിട്ടുണ്ട്. പിടിയിലായവരെ ചോദ്യംചെയ്തപ്പോള്‍ സിന്തറ്റിക് ലഹരിയുടെ ഉറവിടം ഇതര സംസ്ഥാനങ്ങളാണെന്നും മൊഴിയുണ്ട്. സിന്തറ്റിക് ലഹരി ഉപയോഗിക്കുന്നവരില്‍ കൂടുതലും യുവാക്കളും വിദ്യാര്‍ഥികളുമാണ്.

Tags :