മന്ത്രി എ.കെ. ശശീന്ദ്രനെതിരെ കേസെടുത്താൽ നിലനിൽക്കില്ലെന്ന് നിയമോപദേശം; ഫോൺ സംഭാഷണത്തിൽ ക്രിമിനൽ കേസെടുക്കാവുന്ന വിഷയങ്ങൾ ഇല്ല
തിരുവനന്തപുരം: പീഡനക്കേസ് ഒതുക്കിത്തീർക്കാൻ ശ്രമിച്ചെന്ന പരാതിയുമായ് ബന്ധപ്പെട്ട് മന്ത്രി എ.കെ. ശശീന്ദ്രനെതിരെ കേസെടുത്താൽ നിലനിൽക്കില്ലെന്ന് നിയമോപദേശം. ഫോൺ സംഭാഷണത്തിൽ ക്രിമിനൽ കേസെടുക്കാവുന്ന വിഷയങ്ങൾ ഇല്ലെന്ന് പ്രാഥമിക നിയമോപദേശം ലഭിച്ചു.
പരാതിക്കാരിയുടെ പിതാവുമായി ശശീന്ദ്രൻ നടത്തിയ ഫോൺ സംഭാഷണത്തെ അടിസ്ഥാനമാക്കിയാണ് പൊലീസ് നിയമോപദേശം തേടിയത്. ശദമായ നിയമോപദേശത്തിനായി കാത്തിരിക്കുകയാണ് പൊലീസ്.
എൻസിപി നേതാവും കുണ്ടറയിലെ ഹോട്ടൽ ഉടമയുമായ പത്മാകരനെതിരെയാണ് പീഡനശ്രമ കേസ്. പത്മാകരൻ നടത്തുന്ന ഹോട്ടലിലെത്തിയ തന്നെ കൈയ്ക്ക് പിടിച്ചുവലിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചു എന്നാണ് സ്ത്രീ കുണ്ടറ പോലീസ് സ്റ്റേഷനിൽ ജൂൺ 27ന് നൽകിയ പരാതി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സ്ത്രീ പോലീസിൽ പരാതി നൽകിയതറിഞ്ഞ മന്ത്രി സ്വന്തം ഫോണിൽ സ്ത്രീയുടെ പിതാവിനെ വിളിച്ച് കേസ് നല്ല രീതിയിൽ ഒത്തു തീരണം എന്ന് ആവശ്യപ്പെട്ടതായാണ് ആരോപണം.
അതേസമയം, എ.കെ ശശീന്ദ്രനെ മുഖ്യമന്ത്രി സംരക്ഷിക്കുകയാണെന്നും, ഇത് വഴി അദ്ദേഹം നൽകുന്ന സന്ദേശമെന്താണെന്നും പരാതിക്കാരി ചോദിച്ചു. മുഖ്യമന്ത്രിയുടെ നിലപാട് തന്നെ വേദനിപ്പിച്ചുവെന്നും,മന്ത്രിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പരാതിക്കാരി വ്യക്തമാക്കി.
ഇന്ന് രാവിലെ മുഖ്യമന്ത്രിയുമായി നേരിട്ട് കൂടിക്കാഴ്ച നടത്തിയ ശശീന്ദ്രൻ വിഷയവുമായി ബന്ധപ്പെട്ട് വിശദീകരണം നൽകി. ശശീന്ദ്രൻ രാജിവയ്ക്കേണ്ടെന്ന നിലപാടാണ് കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രി സ്വീകരിച്ചത്. ഇതിനുപിന്നാലെയാണ് പരാതിക്കാരിയായ യുവതി മാദ്ധ്യമങ്ങളെ കണ്ടത്.
മന്ത്രിയുടെ ഇടപെടലിൽ അസ്വാഭാവികതയില്ലെന്നും കേസിൽ അന്വേഷണം തുടരുന്ന സാഹചര്യത്തിൽ ശശീന്ദ്രൻ രാജിവയ്ക്കേണ്ടതില്ലെന്നുമുള്ള നിരീക്ഷണത്തിലാണ് സി.പി.എം.
പ്രതിപക്ഷ നേതാവ് വി.ഡി സതീഷനും ശശീന്ദ്രനെതിരെ രൂക്ഷ വിമർശനവുമായ് രംഗത്ത് വന്നിരുന്നു. നാളെ നിയമസഭ സമ്മേളനം തുടങ്ങുമ്പോൾ എ.കെ.ശശീന്ദ്രൻ ഭരണകക്ഷി ബെഞ്ചിൽ ഉണ്ടാവരുതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആവശ്യപ്പെട്ടു.
ശശീന്ദ്രനെ പുറത്താക്കാൻ മുഖ്യമന്ത്രി തയാറാവണമെന്നും, രാജി മുഖ്യമന്ത്രി ചോദിച്ച് വാങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ശശീന്ദ്രൻ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തുവെന്നും വി.ഡി.സതീശൻ ആരോപിച്ചു.
മന്ത്രി രാജിവച്ചില്ലെങ്കിൽ നിയമസഭയിൽ പ്രശ്നം കൊണ്ടുവരും. പിണറായി സർക്കാർ രണ്ടാമത് അധികാരത്തിൽ എത്തിയശേഷം സ്ത്രീകൾക്കെതിരായ നടപടികളാണ് കൈക്കൊള്ളുന്നത്. ഇതിനെല്ലാം നിയമസഭയിൽ പ്രതിപക്ഷം മറുപടി പറയിക്കുമെന്നും സതീശൻ കൂട്ടിച്ചേർത്തു.