‘പള്ളികളെ രാഷ്ട്രീയ പ്രചാരണത്തിന് ഉപയോഗിക്കരുത്’;ലീഗിന്‍റെ കൊടിമരത്തില്‍ റീത്ത് വെച്ച്‌ പ്രതിഷേധം

‘പള്ളികളെ രാഷ്ട്രീയ പ്രചാരണത്തിന് ഉപയോഗിക്കരുത്’;ലീഗിന്‍റെ കൊടിമരത്തില്‍ റീത്ത് വെച്ച്‌ പ്രതിഷേധം

സ്വന്തം ലേഖിക

പാലക്കാട്: പള്ളികളെ രാഷ്ട്രീയ പ്രചാരണത്തിന് ഉപയോഗിക്കുന്നതിനെതിരെ ഒറ്റപ്പാലത്ത് മുസ്ലീം ലീഗിന്‍റെ കൊടിമരത്തില്‍ റീത്ത് വെച്ച്‌ പ്രതിഷേധം.

ഇന്ന് രാവിലെയാണ് കൊടിമരത്തില്‍ റീത്തും നോട്ടീസും പ്രത്യക്ഷപ്പെട്ടത്. റീത്തില്‍ നോട്ടീസുണ്ട്. വര്‍ഗീയ ലീഗിനെതിരെ പ്രതിഷേധം, പള്ളികളില്‍ രാഷ്ട്രീയം പാടില്ല തുടങ്ങിയവയാണ് നോട്ടീസിലുള്ളത്.

അതേസമയം വഖഫ് നിയമന പ്രശ്നത്തില്‍ പള്ളികളില്‍ പ്രതിഷേധിക്കാനുള്ള തീരുമാനം സമസ്ത തള്ളിയതോടെ നാളെ നടത്താനിരുന്ന പരിപാടികള്‍ ലീഗ് മാറ്റി. മുഖ്യമന്ത്രിയുമായി സംസാരിച്ചെന്നും പരിഹരിച്ചില്ലെങ്കില്‍ പ്രതിഷേധത്തിലേക്ക് നീങ്ങുമെന്നും സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ വ്യക്തമാക്കിയതിന് പിന്നാലെ ലീഗധ്യക്ഷന്‍റെ ചുമതല വഹിക്കുന്ന പാണക്കാട് സാദിഖലി തങ്ങളാണ് പ്രതിഷേധം മാറ്റിയതായി അറിയിച്ചത്.

കോഴിക്കോട്ട് സമസ്ത അധ്യാപക, പണ്ഡിത സംഘടനകളുടെ സമരപ്രഖ്യാപന വേദിയിലാണ് സമസ്ത അധ്യക്ഷന്‍ സമരത്തിനില്ലെന്ന് പ്രഖ്യാപിച്ചത്. പള്ളികളില്‍ പ്രതിഷേധമില്ല, മുഖ്യമന്ത്രിയുമായി വിഷയം സംസാരിച്ചെന്നും സമസ്ത അധ്യക്ഷന്‍ വ്യക്തമാക്കി. പാണക്കാട് സാദിഖലി തങ്ങള്‍ കൂടി പങ്കെടുത്ത വേദിയില്‍ വെച്ചായിരുന്നു സമസ്തയുടെ നിലപാട് മാറ്റം. ഇതോടെ നാളെ പള്ളികളില്‍ പ്രതിഷേധം നടത്താനില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

ലീഗിനെ തുണയ്ക്കുന്ന പ്രമുഖ മതസംഘടനയായ സമസ്തയുടെ നിലപാട് മാറ്റം സ‍‍‍‍‍ര്‍ക്കാരിന് നേട്ടമായി. മുഖ്യമന്ത്രി നേരിട്ട് നടത്തിയ നീക്കമാണ് ഫലം കണ്ടത്. മുസ്ലിം സംഘടനകളെ സ‍ര്‍ക്കാരിനെതിരെ അണി നിരത്താനുള്ള ലീഗിന്റെ നീക്കമാണ് ഇതോടെ പൊളിഞ്ഞത്.