play-sharp-fill
ആഡംബര കപ്പലിലെ ലഹരി പാർട്ടി ഷാരൂഖ് ഖാൻ്റെ മകനെ അറസ്റ്റ് ചെയ്തു;  ലഹരി പാർട്ടിയിൽ ബോളിവുഡിലെ നിരവധി താരങ്ങൾക്ക് പങ്ക്

ആഡംബര കപ്പലിലെ ലഹരി പാർട്ടി ഷാരൂഖ് ഖാൻ്റെ മകനെ അറസ്റ്റ് ചെയ്തു; ലഹരി പാർട്ടിയിൽ ബോളിവുഡിലെ നിരവധി താരങ്ങൾക്ക് പങ്ക്

സ്വന്തം ലേഖകൻ

മുംബൈ: ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടിക്കിടെ പിടിയിലായ ഷാരുഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്റെ് അറസ്റ്റ് രേഖപ്പെടുത്തി.
സുഹൃത്തുക്കളായ 7 പേരുടെയും അറസ്റ്റ് രേഖപ്പെടുത്തി.

മുംബൈ തീരത്തു നിന്ന് പുറപ്പെട്ട ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടിയാണ് എന്‍സിബിയുടെ തന്ത്രപരമായ നീക്കത്തില്‍ കയ്യോടെ പിടിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുംബൈയില്‍ നിന്ന് ഗോവയിലേക്കും തിരിച്ചും ഒരു സംഗീത യാത്ര. ഇതായിരുന്നു കോര്‍ഡേലിയ ഇംപ്രസ എന്ന ആഡംബര കപ്പിലിലെ രണ്ട് ദിന യാത്രയ്ക്ക് സംഘാടകര്‍ നല്‍കിയ പേര്.

മുംബൈ തീരത്തു നിന്ന് പുറപ്പെട്ടതിനു പിന്നാലെ സംഗീതത്തിനൊപ്പം ലഹരിയുമെത്തി. എന്‍സിബി സോണല്‍ ഡയറക്ടര്‍ സമീര്‍ വാംഗഡെ അടക്കമുള്ള ഉയര്‍ന്ന എന്‍സിബി ഉദ്യോസ്ഥര്‍ യാത്രക്കാരെന്ന വ്യാജേന കപ്പലിലുണ്ടായിരുന്നു. പ്രതികളെ അങ്ങനെ കയ്യോടെ പിടികൂടി.

ഇവരില്‍ നിന്ന് കൊക്കെയിന്‍, ഹാഷിഷ്. എംഡിഎംഎ തുടങ്ങിയ നിരോധിത മയക്കുമരുന്നുകള്‍ പിടികൂടി. ആര്യന്‍ ഖാന്റെ പേര് മാത്രമാണ് ആദ്യം പുറത്തുവന്നിരുന്നതെങ്കിലും പിന്നാലെ കസ്റ്റഡിയിലുള്ള മറ്റ് ഏഴ് പേരുടെ വിവരങ്ങളും എന്‍സിബി പുറത്തുവിട്ടു.

നടന്‍ അര്‍ബാസ് സേത്ത് മര്‍ച്ചന്റ്, മുണ്‍മൂണ്‍ ധമേച്ച, നൂപുര്‍ സരിക, ഇസ്മീത് സിംഗ്, മോഹക് ജസ്‌വാള്‍, വിക്രാന്ത് ഛോകര്‍, ഗോമിത്ത് ചോപ്ര എന്നിവരാണ് കസ്റ്റഡിയിലുള്ള മറ്റുള്ളവരെന്ന് എന്‍സിബി മുംബൈ ഡയറക്ടര്‍ സമീര്‍ വാംഖഡെയാണ് അറിയിച്ചത്.

മുംബൈയിലെ സോണല്‍ ഓഫീസില്‍ എത്തിച്ച്‌ ആര്യന്‍ ഖാന്‍ അടക്കം കസ്റ്റഡിയിലുള്ളവരെ മണിക്കൂറുകളോളം ചോദ്യം ചെയ്തു. മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തു. രക്തപരിശോധന അടക്കം നടത്തി തെളിവ് ശേഖരിക്കുമെന്ന് എന്‍സിബി അറിയിച്ചു. ഫാഷന്‍ടിവി ഇന്ത്യയും ദില്ലി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു കമ്പനിയാണ് പരിപാടിയുടെ സംഘാടകരെന്നാണ് വിവരം. ഇവരോടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
കപ്പലിലുണ്ടായിരുന്ന നൂറിലേറെ പേരുടെ മൊഴി രേഖപ്പെടുത്തി. സംഭവത്തിനു പിന്നില്‍ ബോളിവുഡ് ബന്ധമുണ്ടെന്ന് എന്‍സിബി തലവന്‍ എസ്‌എന്‍ പ്രധാന്‍ പറഞ്ഞു.

രഹസ്യവിവരത്തെ തുടര്‍ന്ന് രണ്ട് ആഴ്ചയിലേറെ നീണ്ടുനിന്ന അന്വേഷണമാണ് ഫലം കണ്ടതെന്നും അദ്ദേഹം വാര്‍ത്താ ഏജന്‍സിയോട് വ്യക്തമാക്കി.