ലതികയോട് ബഹുമാനം തോന്നി, ശോഭയുടെ ഊർജ്ജം അസൂയപ്പെടുത്തുന്നതും ; സ്ത്രീകൾ ഒറ്റയ്ക്ക് പോരാടുന്നതും മികച്ച രാഷ്ട്രീയമാണ് : ശ്രദ്ധേയമായി കെ.ആർ മീരയുടെ കുറിപ്പ്‌

ലതികയോട് ബഹുമാനം തോന്നി, ശോഭയുടെ ഊർജ്ജം അസൂയപ്പെടുത്തുന്നതും ; സ്ത്രീകൾ ഒറ്റയ്ക്ക് പോരാടുന്നതും മികച്ച രാഷ്ട്രീയമാണ് : ശ്രദ്ധേയമായി കെ.ആർ മീരയുടെ കുറിപ്പ്‌

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാന മഹിളാ കോൺഗ്രസ് അധ്യക്ഷൻ ലതിക സുഭാഷിന് നിയമസഭ തിരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാതെ വന്നതിനെ തുടർന്ന് വ്യാപകമായ പ്രതിഷേധങ്ങളാണ് കോൺഗ്രസിനുള്ളിൽ നിന്നും ഉയർന്ന് വന്നത്. സീറ്റ് ലഭിക്കാതെ വന്നതോടെ ലതിക കോൺഗ്രസിൽ നിന്ന് രാജിവയ്ക്കുകയും പരസ്യമായി തല മുണ്ഡനം ചെയ്യുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ ലതിക സുഭാഷിനെ പിന്തുണച്ച് എഴുത്തുകാരി കെ.ആർ രംഗത്തെത്തിയിരിക്കുകയാണ്. ഒരു ദേശീയ പാർട്ടിയുടെ മഹിളാ സംഘടനയുടെ അധ്യക്ഷ, പാർട്ടി ആസ്ഥാനത്തു വച്ചു തല മുണ്ഡനം ചെയ്തു പ്രതിഷേധിക്കുന്നതു കാണേണ്ടി വരുന്നത് നമ്മുടെയൊക്കെ ദുര്യോഗമാണെന്ന് കെആർ മീര ഫേസ്ബുക്കിൽ കുറിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കെ.ആർ മീരയുടെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ

ജനസംഖ്യയിൽ പകുതിയോളം വരുന്ന സ്ത്രീകൾ ഒന്നിച്ചൊരു സംഘടിത ശക്തിയായി തങ്ങൾക്ക് അർഹതപ്പെട്ട അവകാശങ്ങൾ ചോദിച്ചു വാങ്ങിയ ചരിത്രമില്ല. അക്കാലം ഒരിക്കലും വരികയില്ലെന്ന ഉറപ്പിൻമേലാണ് അധികാരം കയ്യാളുന്ന പുരുഷൻമാരുടെ നിലനിൽപ്പ്.

പക്ഷേ, ആ കാലം വന്നു തുടങ്ങി എന്ന് ഇന്നു തോന്നുന്നു. കാരണക്കാർ രണ്ടു സ്ത്രീകളാണ്. അതും, നിലവിലുള്ള വ്യവസ്ഥിതിയെ വെല്ലുവിളിച്ചുകൂടാ എന്നും വ്യവസ്ഥിതിയെ ശക്തിപ്പെടുത്തുന്നതിലാണു സ്ത്രീയുടെ സുരക്ഷിതത്വം എന്നും വിശ്വസിക്കുന്ന വലതുപക്ഷത്തെയും തീവ്രവലതുപക്ഷത്തെയും സ്ത്രീകൾ.

ലതിക സുഭാഷും ശോഭ സുരേന്ദ്രനും.

ലതികയെ എനിക്കു രണ്ടു പതിറ്റാണ്ടായി അറിയാം. പരിചയപ്പെടുമ്പോൾ ലതിക പത്രപ്രവർത്തകയായിരുന്നു. പിന്നീടു സജീവ രാഷ്ട്രീയ പ്രവർത്തനത്തിനു വേണ്ടി ജോലി ഉപേക്ഷിച്ചു. ഒരിക്കൽ എൽ.ഐ.സി. ഓഫിസിൽ പോളിസി പുതുക്കാൻ ചെന്നപ്പോൾ ഏജൻസി തുക അടയ്ക്കാൻ ക്യൂ നിൽക്കുന്നതു കണ്ടു. രാഷ്ട്രീയത്തിൽ ഇറങ്ങിയിട്ടും, ഉപജീവനത്തിന് ഇൻഷുറൻസ് ഏജന്റായി ജോലി ചെയ്യുകയായിരുന്ന ലതികയോടു ബഹുമാനം തോന്നി. പിന്നീടു ഞങ്ങൾ കണ്ടതൊക്കെ ഏതെങ്കിലും സമരപരിപാടികൾക്കിടയിലാണ്. സമചിത്തതയും സൗഹാർദ്ദവും ആയിരുന്നു, ലതികയുടെ മുഖമുദ്ര.

ലതിക ഇന്നത്തെപ്പോലെ പ്രതികരിക്കുമെന്നു ഞാൻ വിചാരിച്ചതല്ല. തുല്യനീതിയെക്കുറിച്ച് ഇത്രയേറെ ചർച്ച നടക്കുന്ന വേളയിൽ, സ്വാതന്ത്ര്യസമരത്തിനു നേതൃത്വം കൊടുത്ത ഒരു ദേശീയ പാർട്ടിയുടെ മഹിളാ സംഘടനയുടെ അധ്യക്ഷ, പാർട്ടി ആസ്ഥാനത്തു വച്ചു തല മുണ്ഡനം ചെയ്തു പ്രതിഷേധിക്കുന്നതു കാണേണ്ടി വരുന്നതു സ്ത്രീവിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ മേനി പറയുന്ന നമ്മുടെയൊക്കെ ദുര്യോഗം.

ശോഭ സുരേന്ദ്രനെ എനിക്കു പരിചയമൊന്നുമില്ല. പത്തുപതിമൂന്നു വർഷം മുൻപ് ഒരു ടിവി ചർച്ചയിൽ വച്ചു കണ്ടിട്ടുണ്ട് എന്നു മാത്രം.

എങ്കിലും, തീവ്രവലതുപക്ഷത്തു നിലകൊണ്ട്, ആർ.എസ്.എസ്. പോലെ ഒരു ആൺമേൽക്കോയ്മാ പ്രസ്ഥാനം നിയന്ത്രിക്കുന്ന രാഷ്ട്രീയപാർട്ടിയിൽ പ്രവർത്തിച്ചുകൊണ്ട്, മാസങ്ങളായി അവർ തുടരുന്ന പ്രതിഷേധം അമ്പരപ്പിക്കുന്നതാണ്.

ബിജെപിക്കു കേരളത്തിൽ വേരോട്ടമുണ്ടാക്കിയതിൽ ആ പാർട്ടിയിലെ ഏതു പുരുഷ നേതാവിനെയുംകാൾ, ശോഭ സുരേന്ദ്രനു പങ്കുണ്ട്.

രണ്ടു പതിറ്റാണ്ടായി രക്തം വെള്ളമാക്കി അവർ കേരളത്തിന്റെ അങ്ങേയറ്റം മുതൽ ഇങ്ങേയറ്റം വരെ ഓടി നടന്നു പ്രസംഗിക്കുന്നു. ടിവി ചർച്ചകളിൽ പാർട്ടിയെ ന്യായീകരിച്ചു തൊണ്ട പൊട്ടിക്കുന്നു. അവരുടെ ഊർജ്ജം അസൂയപ്പെടുത്തുന്നതാണ്. ആ ഊർജ്ജമത്രയും പുരോഗമനാശയങ്ങൾക്കു വേണ്ടിയായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോയിട്ടുണ്ട്.

എന്നിട്ടും, എത്ര നിസ്സാരമായാണ് അവരെ നിശ്ശബ്ദയാക്കിയത് ! എത്ര ഹൃദയശൂന്യമായാണ് അവർക്കു സ്ഥാനാർത്ഥിത്വം നിഷേധിച്ചത് !

പക്ഷേ, ഇക്കാലത്തെ ഏറ്റവും വലിയ വെല്ലുവിളി വൈകാരികമായും ബൗദ്ധികമായും ശാക്തീകരിക്കപ്പെട്ട സ്ത്രീകളും പഴയ ആണത്തസങ്കൽപ്പത്തിന്റെ തടവുകാരായ പുരുഷൻമാരും തമ്മിൽ വർധിക്കുന്ന അന്തരമാണ്.

അതിന്റെ നല്ല ഉദാഹരണമായിരുന്നു, ശോഭാസുരേന്ദ്രന്റെ ഇന്നത്തെ പത്രമ്മേളനം. വളരെ കൃത്യവും മൂർച്ചയുള്ളതുമായ വാക്കുകൾ:

” കേരളത്തിലെ ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം ആദ്യാവസരവും സുവർണാവസരവുമാണ് ഇത്. രണ്ടു സീറ്റിലാണു സംസ്ഥാന അധ്യക്ഷൻ മൽസരിക്കുന്നത്. രണ്ടു സീറ്റിലും അദ്ദേഹത്തിനു വിജയാശംസകൾ നേരുന്നു. ”

ലതിക തലമുണ്ഡനം ചെയ്തതിനെ കുറിച്ചും വളരെ പക്വതയോടെയാണു ശോഭ സുരേന്ദ്രൻ പ്രതികരിച്ചത്. അവർ ഉപയോഗിച്ച വാക്കുകൾ ശ്രദ്ധേയമാണ് :

”രാഷ്ട്രീയ രംഗത്തുള്ള പുരുഷൻമാർക്കു പുനർവിചിന്തനത്തിനു തയ്യാറാകുന്ന സാഹചര്യമാണ് ഈ കാഴ്ചയിൽനിന്ന് അവർക്കു കിട്ടുക എന്നു കരുതുന്നു. ”

ജനസംഖ്യയിൽ പകുതിയോളം വരുന്ന സ്ത്രീകൾ കക്ഷിരാഷ്ട്രീയത്തിന് അതീതമായി ഒന്നിച്ചൊരു സംഘടിത ശക്തിയായി തങ്ങൾക്ക് അർഹതപ്പെട്ട അവകാശങ്ങൾക്കായി വിലപേശുന്ന കാലം വരെയേയുള്ളൂ ആണത്തത്തിന്റെ പേരിലുള്ള അധീശത്വം.

അങ്ങനെയൊരു കാലം വരാതിരിക്കില്ല. കുറച്ചു വൈകിയാലും.

അതുവരെ, ഇടതും വലതും തീവ്രവലത്തും നിലകൊള്ളുന്ന ഒരുപാടു സ്ത്രീകൾക്ക് ഒറ്റയ്ക്കു യുദ്ധം ചെയ്യേണ്ടി വരും.

ഒറ്റയ്ക്കു യുദ്ധം ചെയ്യാൻ തീരുമാനിക്കുന്നതു തന്നെ ഒരു രാഷ്ട്രീയ വിജയമാണ്.

ലതികയ്ക്കും ശോഭ സുരേന്ദ്രനും വിജയാശംസകൾ