play-sharp-fill
ലങ്കാദഹനം റിലീസ് ആയിട്ട് 53 വർഷം പിന്നിട്ടു: മലയാളത്തിൽ ആദ്യമായി ഗാനരചയിതാവും സംഗീതസംവിധായകനും ഗായകരുമെല്ലാം വാൾപോസ്റ്ററിൽ പ്രത്യക്ഷപ്പെട്ട ആദ്യ ചിത്രവും ലങ്കാദഹനം

ലങ്കാദഹനം റിലീസ് ആയിട്ട് 53 വർഷം പിന്നിട്ടു: മലയാളത്തിൽ ആദ്യമായി ഗാനരചയിതാവും സംഗീതസംവിധായകനും ഗായകരുമെല്ലാം വാൾപോസ്റ്ററിൽ പ്രത്യക്ഷപ്പെട്ട ആദ്യ ചിത്രവും ലങ്കാദഹനം

 

കോട്ടയം: ഗണേഷ് പിക്ചേഴ്സിന്റെ സാരഥിയായ കെ പി കൊട്ടാരക്കരയുടെ ചലച്ചിത്ര ജീവിതം ആരംഭിക്കുന്നത് തമിഴ് സിനിമാവേദിയിലൂടേയാണ്.
തമിഴിൽ കഥയും തിരക്കഥയും സംഭാഷണവും നിർമ്മാണവുമെല്ലാം നിർവ്വഹിച്ചിരുന്ന കെ പി കൊട്ടാരക്കര പിന്നീട് മലയാള ചലച്ചിത്രരംഗത്തും സജീവമാകാൻ തുടങ്ങി. കൊട്ടാരക്കര എഴുതിയിരുന്ന രസകരമായ കഥകൾക്ക് അദ്ദേഹം തന്നെ ചലച്ചിത്ര ഭാഷ്യം നൽകുകയും ചെയ്തു.

ഇത്തരത്തിൽ 1971-ൽ കെ പി കൊട്ടാരക്കര നിർമ്മിച്ച പ്രശസ്ത ചിത്രമായിരുന്നു “ലങ്കാദഹനം “. തമിഴ് ചലച്ചിത്ര സംഗീതത്തിന്റെ മാധുര്യം മനസ്സിൽ ഉള്ളതുകൊണ്ടായിരിക്കണം അദ്ദേഹം ലങ്കാദഹനത്തിന്റെ സംഗീത സംവിധായകനായി തമിഴ്നാട്ടിൽ പ്രശസ്തനായ
എം എസ് വിശ്വനാഥനെ തന്നെ തന്റെ പുതിയ ചിത്രത്തിലേക്ക് കൊണ്ടുവരാൻ തീരുമാനിച്ചത്. ജന്മംകൊണ്ട് മലയാളിയാണെങ്കിലും തമിഴകം കീഴടക്കിയ “മെല്ലിശൈ മന്നൻ ”

വർഷങ്ങൾക്ക് മുമ്പ് ജനോവ, ലില്ലി എന്നീ ചിത്രങ്ങൾക്ക് മലയാളത്തിൽ സംഗീതം നൽകിയിട്ടുണ്ടാ യിരുന്നുവെങ്കിലും
ലങ്കാദഹനത്തിലൂടെയുള്ള അദ്ദേഹത്തിന്റെ തിരിച്ചുവരവ് തിരുവാഭരണം ചാർത്തി വിടർന്ന തിരുവാതിര നക്ഷത്രം പോലെയായിരുന്നു .
ഹനുമാൻ ലങ്കയെ അഗ്നി കൊണ്ടാണ് ജ്വലിപ്പിച്ചതെങ്കിൽ
എം എസ് തന്റെ അനുപമമായ സംഗീതം കൊണ്ടാണ് കേരളക്കരയെ ജ്വലിപ്പിച്ചെടുത്തത്.
ശ്രീകുമാരൻ തമ്പിയുടെ വരികൾക്ക് രത്നശോഭ പകർന്നു നൽകിയ ലങ്കാദഹനത്തിലെ എല്ലാ ഗാനങ്ങളും സൂപ്പർ ഹിറ്റുകളായി മാറി …

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശശികുമാർ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ പ്രേംനസീർ , വിജയശ്രീ ,രാഗിണി ,ജോസ് പ്രകാശ്, അടൂർ ഭാസി തുടങ്ങിയ വൻ താരനിര തന്നെ പ്രത്യക്ഷപ്പെട്ടിരുന്നു.
ഓരോ പാട്ടിന്റേയും വരികളുടെ അർത്ഥം ചോദിച്ചു മനസ്സിലാക്കി സംഗീതം നൽകിയ എം എസ് വിശ്വനാഥൻ ശ്രീകുമാരൻ തമ്പിയെ മലയാളത്തിലെ കണ്ണദാസൻ എന്നാണത്രെ വിശേഷിപ്പിച്ചത്.
“ഈശ്വരനൊരിക്കൽ വിരുന്നിനു പോയി രാജകൊട്ടാരത്തിൽ വിളിക്കാതെ ….(യേശുദാസ് ) “തിരുവാഭരണം ചാർത്തി വിടർന്നു തിരുവാതിരനക്ഷത്രം …( ജയചന്ദ്രൻ )

“പഞ്ചവടിയിലെ മായാസീതയോ പങ്കജമലർ ബാണമെയ്തു … (ജയചന്ദ്രൻ )
“സ്വർഗ്ഗനന്ദിനി സ്വപ്നവിഹാരിണി ഇഷ്ടദേവതേ സരസ്വതി …. (യേശുദാസ്)
“കിലു കിലു ചിരിക്കുമെൻ ചിലങ്കകളെ എന്റെ കിന്നരഗായകൻ വരുമല്ലോ …(എൽ.ആർ. ഈശ്വരി)
“നക്ഷത്ര രാജ്യത്തെ നർത്തനശാലയിൽ രത്നം പൊഴിയുന്ന രാത്രി … (യേശുദാസ്)
“സൂര്യനെന്നൊരു നക്ഷത്രം ഭൂമിയെന്നൊരു ഗോളം … ( യേശുദാസ് ) എന്നിവയെല്ലാമായിരുന്നു
കേരളക്കരയെ പുളകം കൊള്ളിച്ച ലങ്കാദഹനത്തിലെ അതിസുന്ദരമായ ഗാനങ്ങൾ .
എൻ്റെ ഓർമ്മ ശരിയാണെങ്കിൽ മലയാളത്തിൽ ആദ്യമായി ഗാനരചയിതാവും സംഗീതസംവിധായകനും ഗായകരുമെല്ലാം വാൾപോസ്റ്ററിൽ പ്രത്യക്ഷപ്പെട്ട ആദ്യ ചിത്രവും ലങ്കാദഹനമാണ് . ഈ ചിത്രത്തിൽ ജയചന്ദ്രൻ രണ്ടു ഗാനങ്ങളേ പാടിയുള്ളുവെങ്കിലും എം എസ് വിശ്വനാഥന്റെ ഇഷ്ടഗായകനായി അദ്ദേഹം മാറി..

പിന്നീട് “പണിതീരാത്ത വീട് ” എന്ന ചിത്രത്തിലെ
“സുപ്രഭാതം സുപ്രഭാതം …..”
എന്ന ഗാനത്തിലൂടെ മികച്ച ഗായകനുള്ള സംസ്ഥാന പുരസ്ക്കാരം വരെ എം.എസ്.വി. തന്റെ മാസ്മരിക സംഗീതത്തിലൂടെ ജയചന്ദ്രന് നേടിക്കൊടുത്തു .
കൂടാതെ തമിഴിലും ജയചന്ദ്രന് അദ്ദേഹം ഒട്ടേറെ ഗാനങ്ങൾ സമ്മാനിച്ചു.
ഈയിടെ ജയചന്ദ്രന്റെ എൺപതാം പിറന്നാൾ ദിനത്തിൽ ” ലങ്കാദഹന “ത്തിനു വേണ്ടി പാട്ടുകൾ എഴുതിയ പ്രശസ്ത കവി ശ്രീകുമാരൻ തമ്പി താൻ ഈ ചിത്രത്തിന് വേണ്ടി എഴുതിയ

” തിരുവാഭരണം
ചാർത്തി വിടർന്നു
തിരുവാതിര നക്ഷത്രം ….. ”
എന്ന ഗാനം തിരുവാതിര നക്ഷത്രക്കാരനായ ജയചന്ദ്രനുള്ള സമ്മാനമായിരുന്നുവെന്ന് സൂചിപ്പിക്കുകയുണ്ടായി.
1971 മാർച്ച് 26ന് പ്രദർശനശാലകളിൽ എത്തിയ “ലങ്കാദഹനം” എന്ന ചിത്രം ഇന്ന് അമ്പത്തിമൂന്നാം വയസ്സിലേക്ക് പ്രവേശിക്കുമ്പോൾ
ഈ ചിത്രത്തിലൂടെ കടന്നുവന്ന് പിന്നീട് മലയാളത്തിൽ ഒട്ടേറെ മധുരഗാനങ്ങൾ സമ്മാനിച്ച
എം എസ് വിശ്വനാഥൻ എന്ന മഹാനായ സംഗീതജ്ഞനേയും അതിന് അവസരം ഒരുക്കിയ
കെ പി കൊട്ടാരക്കര എന്ന പ്രശസ്ത നിർമ്മാതാവിനേയുമാണ് ഓർമ്മവരുന്നത് .