യാത്രയ്ക്കിടെ ബസിന്റെ വാതില്‍ പൊട്ടിവീണു ; പുറത്തേക്ക് വീഴാനാഞ്ഞ കെ.എസ്.ആർ.ടി.സി. ഡ്രൈവർക്ക് രക്ഷകയായി വനിതാ ജനപ്രതിനിധി
കുറ്റ്യാടി : കോഴിക്കോട് കുറ്റ്യാടിയിൽ കെ.എസ്.ആർ.ടി.സി. ഡ്രൈവർക്ക് രക്ഷകയായി വനിതാ ജനപ്രതിനിധി.
ചൊവ്വാഴ്ച രാവിലെ കോഴിക്കോട്ടുനിന്ന് തൊട്ടില്‍പ്പാലത്തേക്ക് പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി. ബസിന്റെ ഡ്രൈവറുടെ ഭാഗത്തെ വാതില്‍ യാത്രയ്ക്കിടെ അടർന്നുവീഴുകയായിരുന്നു. ഡോർ വീണതോടെ ഡ്രൈവർ പുറത്തേക്ക് വീഴാനാഞ്ഞു. ഈ സമയം ബസിലെ യാത്രക്കാരിയും കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്തംഗവുമായ കെ.കെ. ഷമീന ഡ്രൈവറെ വലിച്ചുപിടിച്ച് രക്ഷിക്കുകയായിരുന്നു.
വലിയ അപകടത്തിന് സാക്ഷ്യംവഹിക്കുമായിരുന്ന സന്ദർഭത്തിലാണ് ജനപ്രതിനിധിയുടെ സമയോചിത ഇടപെടലുണ്ടായതും ഡ്രൈവർക്ക് രക്ഷയായതും. ഡ്രൈവർക്ക് അപകടം സംഭവിച്ചിരുന്നെങ്കില്‍ യാത്രക്കാരും അപകടത്തില്‍പ്പെടുമായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കുറ്റ്യാടി പുതിയ ബസ് സ്റ്റാൻഡില്‍നിന്ന് യാത്രക്കാരുമായി തൊട്ടില്‍പ്പാലത്തേക്കു പോകാൻ സ്റ്റാൻഡ് ചുറ്റുന്നതിനിടെയാണ് സംഭവം. ബസിന്റെ വാതില്‍ കെട്ടിയിട്ട നിലയിലായിരുന്നെന്ന് യാത്രക്കാർ പറഞ്ഞു.
ബസ് ഡ്രൈവറെ രക്ഷപ്പെടുത്തിയ കാവിലുംപാറ ബ്ലോക്ക് മഹിളാ കോണ്‍ഗ്രസ് പ്രസിഡൻറുകൂടിയായ കെ.കെ. ഷമീനയെ കുറ്റ്യാടി, കായക്കൊടി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡൻറുമാരായ പി.കെ. സുരേഷ്, കെ.പി. ബിജു തുടങ്ങിയവർ അഭിനന്ദിച്ചു.