മലയാളികൾ ഉൾപ്പെടെ നിരവധി ഇന്ത്യക്കാരുടെ മരണത്തിന് ഇടയാക്കിയ കുവൈത്ത് തീപിടിത്തവുമായി ബന്ധപ്പെട്ട് മൂന്ന് ഇന്ത്യക്കാരുൾപ്പെടെ എട്ടുപേർ അറസ്റ്റിൽ
കുവൈത്ത് സിറ്റി: കുവൈത്തിൽ 46 ഇന്ത്യക്കാർ ഉൾപ്പെടെ 50പേരുടെ മരണത്തിനിടയാക്കിയ തീപിടിത്തവുമായി ബന്ധപ്പെട്ട് ഇന്ത്യക്കാരുൾപ്പെടെ എട്ടുപേർ കസ്റ്റഡിയിൽ. മൂന്ന് ഇന്ത്യക്കാരും നാല് ഈജിപ്‌തുകാരും ഒരു കുവൈറ്റ് പൗരനും കസ്റ്റഡിയിലായെന്നാണ് വിവരം.
കസ്റ്റഡിയിലെടുത്തവരെ രണ്ടാഴ്‌ചത്തേക്ക് തടവിൽ വയ്‌ക്കാൻ ഉത്തരവിട്ടിട്ടുണ്ടെന്ന് അറബ് ടൈംസ് റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. എന്നാൽ, ഇവരുടെ പേരോ മറ്റ് വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല. നരഹത്യ, അശ്രദ്ധ എന്നീ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.
കുവൈത്ത് അമീർ ഷെയ്‌ഖ് മെഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിന്റെ ഉത്തരവനുസരിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്ക് 15000 ഡോളർ (12.5 ലക്ഷം രൂപ) വീതം നഷ്‌ടപരിഹാരം നൽകുമെന്ന് അറിയിച്ചിരുന്നു. അതത് രാജ്യത്തെ എംബസികൾക്കാവും പണം കൈമാറുക.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മരിച്ച 50പേരിൽ 46പേർ ഇന്ത്യക്കാരും മറ്റ് മൂന്നുപേർ ഫിലിപ്പീൻസുകാരുമാണ്. ഒരാൾ ഏത് രാജ്യക്കാരനാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തിൽ കുവൈറ്റ് പബ്ലിക് പ്രോസിക്യൂട്ടർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വലിയ രീതിയിൽ തീ പടരാനുള്ള കാരണം കണ്ടെത്താനാണ് അന്വേഷണമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ എക്‌സിലൂടെ അറിയിച്ചു.
ജൂലായ് 12ന് മംഗഫ് നഗരത്തിലെ ആറ് നില കെട്ടിടത്തിൽ ഉണ്ടായ വൻ തീപിടിത്തത്തിന് കാരണം താഴത്തെ നിലയിലെ ഗാർഡ് റൂമിലുണ്ടായ വൈദ്യുത ഷോർട്ട് സർക്യൂട്ടാണെന്ന് നേരത്തേ കണ്ടെത്തിയിരുന്നു. 196 തൊഴിലാളികളാണ് കെട്ടിടത്തിൽ താമസിച്ചിരുന്നത്. ഇതിൽ കൂടുതലും ഇന്ത്യക്കാരാണ്.