ടാറിംഗ് നടത്തി ദിവസങ്ങൾക്കുള്ളില്‍ റോഡ് തകര്‍ന്നു ; മുപ്പത്തഞ്ചാം മൈൽ-കൂട്ടിക്കൽ- നെടുമ്പാശേരി റോഡ് തകർന്നതായി പരാതി ; പ്രതിഷേധവുമായി നാട്ടുകാർ
സ്വന്തം ലേഖകൻ
മുണ്ടക്കയം: ടാറിംഗ് നടത്തി അഞ്ചുദിവസം പിന്നിടും മുമ്പേ തകർന്ന് മുപ്പത്തഞ്ചാം മൈൽ-കൂട്ടിക്കൽ- നെടുമ്പാശേരി റോഡ്. മലയോര മേഖലയുടെ വിക സനം ലക്ഷ്യമാക്കി ആവിഷ്കരിച്ച റോഡാണിത്. സംസ്ഥാന ഹൈവേയായി ഉയർത്തിയ റോഡിന്റെ നവീകരണത്തിന് 10 കോടി രൂപയാണ് അനുവദിച്ചത്. ഈരാറ്റുപേട്ട-ചോലത്തടം-കൂട്ടിക്കൽ വരെയുള്ള ഭാഗങ്ങളിലെ റോഡിൻ്റെ നിർമാണം ഏതാണ്ട് പൂർത്തിയായിട്ടുണ്ട്.
ഇപ്പോൾ കൂട്ടിക്കൽ ചപ്പാത്ത്- കൊക്കയാർ-മുപ്പത്തഞ്ചാംമൈൽ റോഡിന്റെ നിർമാണമാണ് നടക്കുന്നത്.
എന്നാൽ, റോഡ് നിർമാണത്തിനെതിരേ വ്യാപക പരാതിയാണ് ഉയരുന്നത്. ആദ്യഘട്ട ടാറിംഗ് നടത്തി അഞ്ചു ദിവസം പിന്നിടും മുമ്പേ ടാറിംഗ് പൊളിഞ്ഞതായി പ്രദേശവാസികൾ കുറ്റപ്പെടുത്തുന്നു.ഇപ്പോൾ റോഡിൻ്റെ പല ഭാഗത്തും കിലോമീറ്ററോ ളം തകർന്ന നിലയിലാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പല സ്ഥലങ്ങളിലും മെറ്റൽ ഇളകി റോഡിൽ നിരന്ന അവസ്ഥയിലാണ്. ഇളകിക്കിടക്കുന്ന മെറ്റലിൽ തെന്നി ഇരുചക്ര വാഹനങ്ങളടക്കം അപകടത്തിൽപ്പെടുന്നതും പതിവായിട്ടുണ്ട്. റോഡിന്റെ വശങ്ങളിലെ പലഭാഗവും ടാറിംഗിന്റെ അപര്യാപ്തതമൂലം മഴയിൽ ഒഴുകിപ്പോയ നിലയിലാണ്.
തമിഴ്‌നാട്, കുമളി തുടങ്ങിയ ദൂരദേശങ്ങളിൽ നിന്നു വരുന്നവർക്ക് നെടുമ്പാശേരിയിലേക്ക് എളുപ്പത്തിൽ എത്തുവാനുള്ള പ്രധാന മാർഗമാണിത്. ദേശീയ പാതയ്ക്ക് സമാന്തര ഉപയോഗിക്കാവുന്ന റോഡ് കൊക്കയാർ ഹയർ സെക്കൻഡറി സ്‌കൂൾ, ടൂറിസം മേഖലകളായ ഉടുമ്പിക്കര, വെമ്പി വെള്ളച്ചാട്ടം തുടങ്ങിയ മേഖലകളിലേക്കുള്ള പ്രധാന സഞ്ചാരമാർഗം കൂടിയാണ്. ആദ്യഘട്ട ടാറിംഗ് നടത്തി ദിവസങ്ങൾ പിന്നിടും മുമ്പേ ടാറിംഗ് ഇളകി മാറിയതിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.