play-sharp-fill
കേരളത്തിലും തമിഴ്നാട്ടിലുമായി ഒട്ടേറെ മോഷണക്കേസുകളിലെ പ്രതി കുറുവാ സംഘത്തലവൻ സന്തോഷ് സെൽവൻ  കോട്ടയം ജില്ലയിൽ നടത്തിയ നിരവധി മോഷണ കേസിലെ പ്രധാന പ്രതി; സന്തോഷ് പിടിയിലായതോടെ സംഘത്തിലെ മറ്റ് അംഗങ്ങൾ വീണ്ടും കോട്ടയം ജില്ലയിലേക്ക് കടന്നോയെന്ന സംശയത്തിൽ പോലീസ്; ജില്ലയിൽ കനത്ത നിരീക്ഷണം

കേരളത്തിലും തമിഴ്നാട്ടിലുമായി ഒട്ടേറെ മോഷണക്കേസുകളിലെ പ്രതി കുറുവാ സംഘത്തലവൻ സന്തോഷ് സെൽവൻ കോട്ടയം ജില്ലയിൽ നടത്തിയ നിരവധി മോഷണ കേസിലെ പ്രധാന പ്രതി; സന്തോഷ് പിടിയിലായതോടെ സംഘത്തിലെ മറ്റ് അംഗങ്ങൾ വീണ്ടും കോട്ടയം ജില്ലയിലേക്ക് കടന്നോയെന്ന സംശയത്തിൽ പോലീസ്; ജില്ലയിൽ കനത്ത നിരീക്ഷണം

കോട്ടയം: കേരളത്തിലും തമിഴ്‌നാട്ടിലുമായി ഒട്ടേറെ മോഷണക്കേസുകളിലെ പ്രതി ആലപ്പുഴ മണ്ണഞ്ചേരിയില്‍ പിടിയിലായ കുറുവാ സംഘത്തലവന്‍ സന്തോഷ് സെല്‍വന്‍ (25) രണ്ടു വര്‍ഷം ജില്ലയില്‍ നിരവധി മോഷണങ്ങള്‍ നടത്തിയിരുന്നു.

ഇക്കൊല്ലം ജൂണില്‍ പാലാ ജയിലില്‍ എത്തി ഓഗസ്റ്റ് പകുതിയോടെയാണ് രണ്ടു മാസത്തെ തടവിനുശേഷം ജാമ്യത്തില്‍ പോയത്. അവിടെനിന്നും തേനിയിലെ വീട്ടിലെത്തി കഴിഞ്ഞ മാസാവസാനം ആലപ്പുഴയില്‍ അടുത്ത ഓപ്പറേഷന് എത്തുകയായിരുന്നു.

തമിഴ്‌നാട് തേനി കാമാക്ഷിപുരം സ്വദേശികളും കുറുവാ സംഘാംഗങ്ങളുമായ സന്തോഷ് ശെല്‍വന്‍, മണികണ്ഠന്‍, പശുപതി, അര്‍ജുന്‍ എന്നിവരാണ് കോട്ടയം ജില്ലയില്‍ ഒട്ടേറെ മോഷണം നടത്തിയത്. രാമപുരം, പാലാ, പൊന്‍കുന്നം, ചങ്ങനാശേരി, ചിങ്ങവനം പോലീസ് സ്‌റ്റേഷനുകളില്‍ മോഷണക്കേസുകളില്‍ സന്തോഷ് സെല്‍വന്‍ പ്രതിയാണ്.

പൊന്‍കുന്നം, പാലാ, ചങ്ങനാശേരി സബ് ജയിലുകളില്‍ സന്തോഷും കൂട്ടാളികളും പലപ്പോഴായി മാസങ്ങളോളം റിമാന്‍ഡ് പ്രതിയായി കിടന്നിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൈയില്‍ കത്തി, കൈക്കോടാലി, വാള്‍, പാര തുടങ്ങിയ മാരകായുധങ്ങള്‍. കരിയും എണ്ണയും തേച്ച ശരീരം. കണ്ണൊഴികെ മുഖം മറയ്ക്കും. കൈയുറ ധരിക്കുന്നതിനാല്‍ വിരലടയാളം കിട്ടില്ല. നിക്കറോ തോര്‍ത്തോ ധരിക്കും. രണ്ടു പേരടങ്ങുന്ന സംഘങ്ങളായി രാത്രി പത്തു മണിയോടെ ലക്ഷ്യസ്ഥാനത്തെത്തി നിരീക്ഷണം നടത്തും.

ആളൊഴിഞ്ഞ വീടെങ്കില്‍ രാത്രി 12ന് മുന്‍പ് പിന്‍വാതില്‍ തകര്‍ത്ത് അകത്തു കയറും. ആളുണ്ടെങ്കില്‍ കിടപ്പുമുറികള്‍ മുന്നേ നിരീക്ഷിക്കും. ഒരു മണിക്കും രണ്ടിനുമിടയില്‍ അകത്തുകയറിയോ ജനാലവാതില്‍ തകര്‍ത്തോ ആഭരണം കവര്‍ന്ന് സ്ഥലം വിടും. എതിര്‍ത്താല്‍ നിഷ്‌കരുണം വെട്ടിയോ കുത്തിയോ ആക്രമിക്കും. മല്‍പ്പിടിത്തമുണ്ടായാല്‍ പിടിവിട്ടോടാനാണ് എണ്ണ പുരട്ടി മോഷണത്തിനിറങ്ങുക. കവര്‍ന്നെടുക്കുന്ന ആഭരണങ്ങള്‍ സ്വര്‍ണമെന്ന് ഉറപ്പാക്കിയശേഷം തമിഴ്നാട്ടിലാണ് വില്‍പന.

മോഷണസമയം കുറുവാ സംഘം മൊബൈല്‍ ഉപയോഗിക്കാറില്ലാത്തതിനാല്‍ ശാസ്ത്രീയ അന്വേഷണം എളുപ്പമല്ല. പകല്‍ സമയം ലക്ഷ്യമിട്ട വീടിന്‍റെ പ്രത്യേകതകള്‍ നോക്കിവയ്ക്കും. അംഗങ്ങള്‍ കുറവുള്ള വീടുകളും ശ്രദ്ധിക്കും. മദ്യപിച്ചാണ് സംഘം വരുന്നതെന്നും പോലീസ് പറയുന്നു.

കോട്ടയം ജില്ലയില്‍ പലപ്പോഴായി മൂന്നു മാസത്തോളം സന്തോഷ് ഉള്‍പ്പെട്ട സംഘം താമസിച്ചിട്ടുണ്ട്. പുഴകളോടു ചേര്‍ന്ന് താത്കാലിക കുടില്‍കെട്ടി താമസിക്കും. സ്ത്രീകളും കുഞ്ഞുങ്ങളും ഒപ്പമുണ്ടാകും. സ്ത്രീകള്‍ പകല്‍ ബസുകളില്‍ പോക്കറ്റടിക്കുന്ന സംഘത്തിലെ പ്രധാനികളാണ്. ഇത്തരത്തില്‍ ഒരേയാള്‍ വിവിധ സ്റ്റേഷനുകളിലായി പതിനഞ്ചു തവണ അറസ്റ്റിലായ കേസുകള്‍ ജില്ലയിലുണ്ട്.

ഉരല്‍ നിര്‍മാണം, ചൂല്‍ വില്‍പ്പന, ഭിക്ഷാടനം, ആക്രിപെറുക്കല്‍, ധനസഹായ ശേഖരണം തുടങ്ങിയ പ്രവര്‍ത്തനങ്ങളുമായി കുറുവാ സംഘത്തിലെ സ്ത്രീകളുടെ സംഘം വീടുകളില്‍ കയറിയിറങ്ങാറുണ്ട്. തുടര്‍ന്ന് മാസങ്ങളോളം കാത്തിരുന്ന ശേഷമാണു മോഷണം നടത്തുക. സമീപ കാലങ്ങളില്‍ പൈക, പൂവരണി, എലിക്കുളം പ്രദേശങ്ങളില്‍ കുറുവാ സംഘമെന്നു സംശയിക്കുന്നവരെ രാത്രികാലങ്ങളില്‍ യാത്രക്കാരും നാട്ടുകാരും കണ്ടതായി പോലീസില്‍ വിവരം നല്‍കിയിരുന്നു.

വിവിധ മോഷണക്കേസുകളില്‍ പിടിക്കപ്പെട്ടപ്പോഴൊക്കെ പാലാ, ചങ്ങനാശേരി പോലീസ് സ്‌റ്റേഷനുകളില്‍ മാസങ്ങളോളം എത്തി സന്തോഷ് സെല്‍വന് ഒപ്പുവയ്ക്കണമായിരുന്നു. രാവിലെ മുടങ്ങാതെയെത്തി കൃത്യമായി ഒപ്പുവയ്ക്കും. ഉച്ചയോടെ ഒളിവുകേന്ദ്രത്തിലെത്തി ഉറങ്ങും.

ആളൊഴിഞ്ഞ തോട്ടങ്ങളിലും കടമുറികളിലും നദിയിലെ പാറകളിലുമൊക്കെ ഒളിച്ചുപാര്‍ക്കും. രാത്രി പത്തോടെ ഉള്‍ഗ്രാമങ്ങള്‍ കയറി മോഷണം. പുലര്‍ച്ചെ മടങ്ങിയശേഷം നേരേ പോലീസ് സ്‌റ്റേഷനിലെത്തി ഒപ്പുവയ്ക്കും. പുലര്‍ച്ചെ മോഷണം നടത്തി തൊണ്ടിമുതല്‍ ഒളിപ്പിച്ചശേഷം നേരേ സ്റ്റേഷനിലേക്ക് വന്ന ദിവസങ്ങളുമുണ്ടെന്നു പോലീസ് പറഞ്ഞു.

കുറുവാ സംഘത്തിനു വലിയ സാമ്ബത്തിക പിന്‍ബലവും അഭിഭാഷക സംഘത്തിന്‍റെ സഹായവും ഉണ്ടെന്നു പോലീസ് പറഞ്ഞു. തെളിവുകള്‍ അവശേഷിപ്പിക്കാതെയാണു മോഷണം. കേസില്‍ നിയമസഹായവും കോടതിയില്‍ കെട്ടിവയ്ക്കാനുള്ള പണവും എപ്പോഴും തയാറാണ്.
െ2024 ഏപ്രിലിലാണ് രാമപുരം പോലീസ് സ്റ്റേഷന്‍ പരിധിയിലെ പുതുവേലിയില്‍ റിട്ടയേര്‍ഡ് എസ് ഐയുടെ വീട്ടില്‍ കുറുവാസംഘം മോഷണം നടത്തിയത്. വീടിന്‍റെ പിന്‍വശത്തെ വാതില്‍ തകര്‍ത്ത് അകത്തുകയറിയ സംഘം ഭാര്യയുടെ കൈയില്‍ കിടന്ന രണ്ടു വളകള്‍ വയര്‍ കട്ടര്‍ ഉപയോഗിച്ച്‌ മുറിച്ചെടുക്കുകയായിരുന്നു.

വിശദമായി അന്വേഷണം നടത്തിയ പോലീസ് കുറുവാ സംഘത്തിലെ നാലുപേരെ പിന്നീട് തമിഴ്‌നാട്ടിലെ തേനിയില്‍നിന്നും അറസ്റ്റ് ചെയ്തു. 2023 ല്‍ പൈകയില്‍ രണ്ടു വീടുകളിലും പൊന്‍കുന്നം പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ മൂന്നു വീടുകളിലും മോഷണം നടത്തിയതായി സംഘം സമ്മതിച്ചു. ഇതില്‍ അഞ്ചു വീടുകളില്‍ രണ്ടിടത്ത് മോഷണവും മൂന്നു വീടുകളില്‍ മോഷണശ്രമവും നടന്നു. ഈ കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ ഇവര്‍ വീണ്ടും മോഷണം നടത്തുകയായിരുന്നു.

ആലപ്പുഴ ജില്ലയെ രണ്ടാഴ്ച ഭീതിയുടെ മുള്‍മുനയില്‍ നിർത്തിയ കുറുവാ സംഘത്തിലെ പ്രധാനിയായ സന്തോഷിനൊപ്പം കൊടുംക്രിമിനലുകളായ 14 പേരുള്ളതായാണ് പോലീസ് പറയുന്നത്. മൂന്നു പേരെ മാത്രമേ ഇനിയും തിരിച്ചറിയാനായുള്ളൂ. 2022ലാണു പൈക, പൂവരണി പ്രദേശങ്ങളില്‍ മൂന്നിടത്ത് മോഷണം നടന്നത്.

തുടര്‍ന്ന് രാമപുരത്തും ചങ്ങനാശേരിയിലും. ഇക്കൊല്ലം കുറിച്ചി കാലായിപ്പടിയില്‍ ഉറങ്ങിക്കിടന്ന സ്ത്രീയുടെ പാദസരം മോഷ്ടിച്ചതിനു പുറമേ അയല്‍വീട്ടിലും മോഷണം നടത്തിയിരുന്നു. ഇതേസമയം ചങ്ങനാശേരി പാറേല്‍ പള്ളിക്കു സമീപവും ഇയാള്‍ ആഭരണം കവര്‍ന്നു. ആലപ്പുഴ അരൂരില്‍ തമ്ബടിച്ചായിരുന്നു ഈ മോഷണങ്ങള്‍.

നിലവില്‍ ആലപ്പുഴ കുണ്ടന്നൂര്‍ പാലത്തിനു താഴെ കാടുകയറിയ ചതുപ്പില്‍ കുടില്‍കെട്ടിയാണ് നാടോടി സംഘത്തിനൊപ്പം കഴിഞ്ഞത്. പകല്‍ കുട്ടവഞ്ചിയില്‍ മീന്‍പിടിത്തവും രാത്രി മോഷണവുമായിരുന്നു രീതി. നാടോടി സംഘത്തിലെ സ്ത്രീകള്‍ പകല്‍ ആക്രിപെറുക്കിന്‍റെയും ചൂല്‍ വില്‍പനയുടെയും മറവില്‍ വീടുകള്‍ കയറി സാഹചര്യം മനസിലാക്കും.

ഇവര്‍ വിവരം കൈമാറുന്നതനുസരിച്ചാണ് സന്തോഷ് സെല്‍വന്‍ ഉള്‍പ്പെട്ട സംഘം രാത്രി വീടുകവര്‍ച്ചയ്ക്കിറങ്ങുക. സന്തോഷ് പിടിയിലായതോടെ സംഘത്തിലെ മറ്റംഗങ്ങള്‍ വീണ്ടും കോട്ടയം ജില്ലയിലേക്ക് കടന്നോ എന്നു പോലീസ് നിരീക്ഷിക്കുകയാണ്. ഇവര്‍ പമ്ബയിലേക്ക് പോയോ എന്നതും അന്വേഷിക്കുന്നു. സന്തോഷിന്‍റെയും നാടോടിസംഘത്തിന്‍റെയും ഫോണ്‍കോളുകള്‍ കേന്ദ്രീകരിച്ചാണ് ശാസ്ത്രീയ അന്വേഷണം. സന്തോഷിനെതിരേ തമിഴ്‌നാട്ടില്‍ 18 കേസുകളുണ്ട്.