play-sharp-fill
ദയയില്ലാത്ത ക്രൂരതകൾ; കൈയിൽ കോടാലിയും വടിവാളും അടക്കമുള്ള മാരകായുധങ്ങൾ; രക്തം കണ്ട് അറപ്പ് മാറിയ ക്രിമിനലുകൾ; കോട്ടയത്തും കുറുവ സംഘമെത്തി; അതീവ ജാഗ്രതയിൽ കോട്ടയം

ദയയില്ലാത്ത ക്രൂരതകൾ; കൈയിൽ കോടാലിയും വടിവാളും അടക്കമുള്ള മാരകായുധങ്ങൾ; രക്തം കണ്ട് അറപ്പ് മാറിയ ക്രിമിനലുകൾ; കോട്ടയത്തും കുറുവ സംഘമെത്തി; അതീവ ജാഗ്രതയിൽ കോട്ടയം

സ്വന്തം ലേഖിക

കോട്ടയം: കോട്ടയത്ത് എത്തിയത് തമിഴ്‌നാട്ടിലെ കുപ്രസിദ്ധ തിരുട്ട് സംഘമായ കുറുവ സംഘമാണോ എന്ന് ആശങ്കയുയരുന്നു.

അതിരമ്പുഴ പഞ്ചായത്തില്‍ അടിവസ്ത്രം മാത്രം ധരിച്ച്‌ കൈയില്‍ വടിവാളും കോടാലിയുമായി നീങ്ങുന്ന മോഷണ സംഘത്തിൻ്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞതോടെ പ്രദേശവാസികള്‍ ഭീതിയിലായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതിരമ്പുഴ പഞ്ചായത്തിലെ അഞ്ചു ആറ് ഏഴ് വാര്‍ഡുകള്‍ ഉള്‍പ്പെടുന്ന തൃകേല്‍, മനയ്ക്കപാടം പ്രദേശങ്ങളില്‍ ശനിയാഴ്ച പുലര്‍ച്ചയോടെയാണ് അജ്ഞാത സംഘമെത്തിയത്. ആയുധങ്ങളുമായെത്തിയ സംഘം ചില വീടുകളില്‍ കയറാനും ശ്രമിച്ചു.

അഞ്ചാം വാര്‍ഡ് മനയ്ക്കപ്പാടം നീര്‍മലക്കുന്നേല്‍ മുജീബ്, കളപ്പുരത്തട്ടേല്‍ ജോര്‍ജ്, ആറാം വാര്‍ഡ് തൃക്കേല്‍ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന യാസിര്‍, പൈമറ്റത്തില്‍ ഇഖ്ബാല്‍, ശ്രീപുരത്ത് ഇല്ലത്ത് ജയകുമാര്‍, ഏഴാം വാര്‍ഡിലെ യാസ്മിന്‍ എന്നിവരുടെ വീടുകളിലാണ് പുലര്‍ച്ചെ ഒന്നിനും 3.30നും മോഷണ ശ്രമം നടന്നത്. യാസിറിൻ്റെ ഭാര്യയുടെ ലോഹപാദസരം സ്വര്‍ണമാണെന്ന് കരുതി സംഘം അപഹരിച്ചു. യാസ്മിന്റെ വീട്ടില്‍ മോഷണ ശ്രമത്തിനിടെ വീട്ടുകാര്‍ ഉണര്‍ന്നു. ഇതോടെ സംഘം സ്ഥലം വിട്ടു.

ആയുധങ്ങളുമായെത്തിയ മൂന്നംഗ സംഘത്തിൻ്റെ ദൃശ്യങ്ങള്‍ സിസിടിവി ക്യാമറകളില്‍ പതിഞ്ഞിട്ടുണ്ട്. റെയില്‍വേ ട്രാക്കിന് അടുത്തുള്ള പ്രദേശങ്ങളാണിത്. ഇവിടെയുള്ള നാലോളം വീടുകളില്‍ മോഷണ ശ്രമവും നടന്നിട്ടുണ്ട്. സംഘം ഉപേക്ഷിച്ചതെന്ന് കരുതുന്ന ആയുധങ്ങളും വസ്ത്രങ്ങളും കണ്ടെത്തി.

കുറുവ സംഘമാണോ എന്ന കാര്യത്തില്‍ സംശയമുണ്ടെന്നും സാധ്യത തള്ളിക്കൡല്ലെന്നും എന്നാല്‍ സ്ഥിരീകരിക്കാനായിട്ടില്ലെന്ന് ഏറ്റുമാനൂര്‍ പൊലീസ് അറിയിച്ചു. എസ്‌എച്ച്‌ഒയുടെ നേതൃത്വത്തില്‍ പ്രദേശത്ത് യോഗം ചേര്‍ന്നു. രാത്രികാലങ്ങളില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് പൊലീസ് നിര്‍ദേശം നല്‍കി.

വാര്‍ഡുകള്‍ അടിസ്ഥാനത്തില്‍ മൈക്ക് അനൗണ്‍സ്‌മെൻ്റും നടത്തി. ചെറു സംഘങ്ങള്‍ രൂപീകരിച്ച്‌ സുരക്ഷ ശക്തമാക്കാനുള്ള നീക്കത്തിലാണ് നാട്ടുകാര്‍. റെയില്‍വേ ട്രാക്കിൻ്റെ സമീപ പ്രദേശങ്ങളില്‍ പോലീസ് പട്രോളിങ്ങും സജീവമാക്കി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.