അകവും പുറവും നശിച്ചു; ഒരുകാലത്ത് നഗരത്തിൽ ഏറെ പ്രൗഢിയോടെ സഞ്ചരിച്ച കോടികൾ വിലമതിക്കുന്ന ലോ ഫ്ലോർ ബസുകൾ ഇന്ന് കട്ടപ്പുറത്ത്; കോടികളുടെ മുതൽ സംരക്ഷിക്കാൻ ചെറുവിരൽ പോലും അനക്കാതെ അധികൃതർ
സ്വന്തം ലേഖകൻ
കൊച്ചി: ഒരുകാലത്ത് നഗരത്തിൽ ഏറെ പ്രൗഢിയോടെ സഞ്ചരിച്ച ലോ ഫ്ലോർ ബസുകളുടെ സ്ഥാനം ഇന്ന് കട്ടപ്പുറത്താണ്. എയർ കണ്ടീഷനിംഗ് സംവിധാനത്തിൽ വലിയ ചെലവില്ലാതെ സഞ്ചരിക്കാമെന്നത് നഗരവാസികളെ ലോ ഫ്ലോർ ബസുകളിലേക്ക് അടുപ്പിച്ചിരുന്നു. എന്നാൽ ഇപ്പോൾ സ്ഥിതി മാറിമറിഞ്ഞിരിക്കുകയാണ്.
നഷ്ടങ്ങളുടെ കണക്കു പറയുമ്പോഴും ബസുകൾ പോലും സംരക്ഷിക്കാതെ കെഎസ്‌ആർടിസിയും സർക്കാരും. കോവിഡ് കാലത്ത് സർവീസുകൾ നിർത്തിവെച്ചിരുന്നതിനെ തുടർന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ ഡിപ്പോകളിൽ കിടക്കുന്ന ബസുകൾ ഉപയോഗശൂന്യമായ നിലയിലാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇവ സമയത്ത് മെയിന്റനൻസ് നടത്തി സംരക്ഷിക്കാൻ കോർപ്പറേഷൻ തയ്യാറാകുന്നില്ല. ബസുകളുടെ സ്പെയർ പാർട്സുകൾ അഴിച്ചെടുത്തും തുരുമ്പെടുത്തും ഏറ്റവും ചുരുങ്ങിയത് 500 കോടി രൂപയെങ്കിലും നഷ്ടം വരുന്നതയാണ് കണക്കുകൾ.
എറണാകുളം തേവര ഡിപ്പോയിൽ കോടിക്കണക്കിന് രൂപയുടെ ബസുകളാണ് തുരുമ്പെടുത്ത് നശിക്കുന്നത്. ജൻറം പദ്ധതിയിലൂടെ ലഭിച്ച അറുപതിലേറെ ലോ ഫ്ലോർ ബസുകളാണ് അകവും പുറവും ഒരുപോലെ നശിച്ച അവസ്ഥയിലുള്ളത്.
കൊവിഡ് കാലത്ത് അറ്റകുറ്റപ്പണികൾ നടത്താതെ മാറ്റിയിട്ടിരുന്ന വണ്ടികളാണ് ഏറെയും. ഇവയുടെ സ്പെയർ പാർട്സ് ലഭിക്കാത്തതാണ് അറ്റകുറ്റ പണിക്ക് തടസമെന്നാണ് അധികൃതർ പറയുന്നത്.
ശീതികരണ സംവിധാനത്തോടെയുള്ള ബസുകളാണ് ജൻറം പദ്ധതിക്ക് കീഴിൽ കെഎസ്ആർടിസിക്ക് നൽകിയിരിക്കുന്നത്.
കെയുആർടിസിയ്‌ക്ക് കീഴിലാണ് ജൻറം ബസുകൾ. തേവരയിലാണ് ആസ്ഥാനം. ബസുകൾ പാർക്ക് ചെയ്യുന്നത് ഇവിടെ തന്നെ. കെയുആർടിസിക്ക് കീഴിൽ പ്രത്യേകമായിട്ടായിരുന്നു ജീവനക്കാരെ നിയോഗിച്ചത്, വണ്ടികൾ ഓടാതെ വന്നതോടെ മറ്റു ഡിപ്പോകളിലേക്ക് ജീവനക്കാരെ മാറ്റി. നിലവിൽ ഡിപ്പോ അടച്ചുപൂട്ടലിന്റെ വക്കിലാണെന്ന് പറയാം.തുടക്കകാലത്ത് നല്ല പ്രതികരണമായിരുന്നു ജനങ്ങളിൽ നിന്നും ലഭിച്ചിരുന്നത്. ചാർജ് കൂട്ടിയതോടെയാണ് പലരും ലോഫ്ലോർ ബസുകളിൽ നിന്നും അകലം പാലിച്ചത്. സർവീസുകളുടെ എണ്ണം കുറയാൻ അതൊരു കാരണമായി. ലോക്ഡൗൺ വന്നതോടെ പൂർണമായും കട്ടപ്പുറത്തുമായി.
ബസുകൾക്കുള്ള സ്‌പെയർ പാർട്‌സുകൾ വാങ്ങുന്നതിന് പകരം നിർത്തിയിട്ടവയിൽനിന്നും ഊരിയെടുക്കുകയായിരുന്നു. കെഎസ്‌ആർടിസിയുടെ സാമ്പത്തിക ലാഭം നോക്കിയായിരുന്നു നടപടി. പുതിയ ബസുകൾ വാങ്ങുന്നതിനെക്കാൾ ചെലവാണ് ഈ ബസുകൾ നിരത്തിലിറക്കുന്നതിന്. കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് ഇതിലൂടെ കെഎസ്‌ആർടിസിക്ക് സംഭവിച്ചിട്ടുള്ളത്.
സർക്കാരിന്റെ പൊതുമുതൽ സർക്കാർതന്നെ നശിപ്പിക്കുന്ന വിചിത്രമായ നടപടിയാണിത്. തൊഴിലാളിപ്രേമം പറയുന്ന ഇടതുപക്ഷ സർക്കാരാണ് കെഎസ്‌ആർടിസിയോട് ഈ കടുംകൈ കാണിച്ചത്. ബിജുപ്രഭാകർ എംഡിയായിരുന്നപ്പോഴാണ് നഷ്ടങ്ങളുടെ പേരിൽ സർവീസുകൾ നിർത്തിവെച്ചത്. മാനേജ്‌മെന്റിന്റെ തീരുമാനത്തിൽ സർക്കാരും മൗനം പാലിക്കുകയായിരുന്നു. അവകാശങ്ങൾക്കുവേണ്ടി സമരം നടത്തുന്ന ജീവനക്കാർ തങ്ങളുടെ അന്നദാതാക്കളെ യാതൊരു ദാക്ഷിണ്യവുമില്ലാത്ത രീതിയിലാണ് നിർത്തിയിട്ടത്.
പല ബസുകളും ഞെരുക്കിയിട്ടതുമൂലം കേടുപാട് വന്ന സ്ഥിതിയിലാണ്. ബസുകളുടെ സീറ്റുകളടക്കം കൊണ്ടുപോകാൻ യാതൊരു മടിയും കാണിച്ചില്ല. തെരുവുനായകളുടെയും ഇഴജന്തുക്കളുടെയും സാമൂഹ്യവിരുദ്ധരുടെയും കേന്ദ്രമായി മാറിയിരിക്കുകയാണ് ഇവ.
കെഎസ്‌ആർടിസി ശമ്പളം പോലും കൊടുക്കാനില്ലെന്ന് പരിതപിക്കുമ്പോൾ കെഎസ്‌ആർടിസി ഡയറക്ടർ ബോർഡ് അംഗങ്ങൾക്ക് സുഖിക്കാനായി ഒഴുക്കുന്നത് പതിനായിരക്കണക്കിന് രൂപയാണ്.
നിലവിലെ സാഹചര്യത്തിൽ നഷ്ടം കുറയ്ക്കാൻ 7500 സ്ഥിരംജീവനക്കാരെ മാറ്റി നിർത്തേണ്ടി വരുമെന്നാണ് കെഎസ്‌ആർടിസി പറയുന്നത്. മാർച്ച് വരെ പരമാവധി 3800 സർവീസുകൾ മാത്രമേ ഓടിക്കാൻ കഴിയൂവെന്നും അതിനാൽ ജീവനക്കാരെ ഒഴിവാക്കാതെ മറ്റ് നിവർത്തിയില്ലെന്നുമാണ് റിപ്പോർട്ട്. യാത്രക്കാർ കൂടാതെ കൂടുതൽ ബസുകൾ ഇറക്കുക പ്രായോഗികമല്ല. ബസുകളിൽ 40 ശതമാനം നഷ്ടത്തിലാണെന്നും സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
ലോക്ഡൗണിനെത്തുടർന്ന് ഒതുക്കിയിട്ടിരിക്കുന്ന 2500 ബസുകൾ നന്നാക്കി റോഡിലിറക്കിയാൽ ലാഭമുണ്ടാകില്ലെന്നും സർക്കാരിനു നൽകിയ റിപ്പോർട്ടിൽ പറയുന്നു. താത്കാലിക ജീവനക്കാരെ ഒഴിവാക്കിയശേഷം 5250 ബസുകൾക്കുവേണ്ട സ്ഥിരജീവനക്കാരുടെ തസ്തികകൾ നിജപ്പെടുത്തിയിരുന്നു. എന്നാൽ, നിലവിലെ സാഹചര്യത്തിൽ 4250 ബസുകൾക്ക് 20,468 ജീവനക്കാർ മതി. ശേഷിക്കുന്നവരെ പകുതി ശമ്ബളംനൽകി തത്കാലത്തേക്കു മാറ്റിനിർത്തിയാൽ നഷ്ടം കുറയ്ക്കാം.
സ്വയം സന്നദ്ധരാകുന്ന ജീവനക്കാരെ ഇതിനു പരിഗണിക്കാമെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇവർക്ക് പകുതി ശമ്പളം നൽകിയാൽപ്പോലും മാസം 10 കോടി ലാഭിക്കാം. 2020 മാർച്ചുമുതൽ സർക്കാർ സഹായത്തിലാണ് ശമ്പളം നൽകുന്നത്. ഇടക്കാല ആശ്വാസം ഉൾപ്പെടെ മാസശമ്ബളം നൽകാൻ 84 കോടി രൂപ നൽകണം. അതേസമയം ജീവനക്കാരെ മാറ്റിനിർത്താനുള്ള നിർദ്ദേശം തൊഴിലാളിനേതൃത്വം ഇതുവരെ അംഗീകരിച്ചിട്ടില്ല.
കെഎസ്‌ആർടിസിയുടെ ചരിത്രം ഇങ്ങനെ
1938 ൽ തിരുവിതാംകൂർ രാജാവായിരുന്ന ശ്രീ ചിത്തിരതിരുനാൾ ബാലരാമവർമ്മയാണ് തൻറെ പ്രജകൾക്ക് സൗകര്യപ്രദമായ യാത്ര ഒരുക്കാൻ ട്രാവൻകൂർ സ്റ്റേറ്റ് ട്രാൻസ്പോർട്ട് ഡിപ്പാർട്ട്മെൻറ് എന്ന പേരിൽ ആദ്യമായി ബസ് സർവീസിന് തുടക്കമിടുന്നത്. ഫെബ്രുവരി 21 ന് തിരുവനന്തപുരത്ത് നിന്ന് കന്യാകുമാരിയിലേക്കായിരുന്നു ആദ്യ സർവീസ്. അര ചക്രമായിരുന്നു യാത്രകൂലി. അന്നത്തെ ഒരു ചക്രത്തിന് ഇന്നത്തെ മൂന്നുറു രൂപയ്ക്ക് അടുത്ത് മതിപ്പുണ്ടായിരുന്നു. തുടക്കകാലത്ത് ഉയർന്ന തുകയാണ് യാത്രക്കാരിൽ നിന്ന് ഈടാക്കിയിരുന്നത്. 1949 ൽ കൊച്ചിയിലേക്കും 1956 ൽ മലബാറിലേക്കും സർവീസ് വ്യപിപ്പിച്ചു. 1950 ൽ റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ആക്‌ട് നിലവിൽ വന്നതോടെ 1965 ൽ പുതിയ നിയമ നിർമ്മാണം നടത്തി കെ.എസ്.ആർ.ടി.സിയെ ഒരു സ്വയംഭരണ സ്ഥാപനമാക്കി മാറ്റി. 1965 മാർച്ച് 15 ന് സംസ്ഥാന സർക്കാർ വിജ്ഞാപന പ്രകാരം കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ നിലവിൽ വന്നു. ചെയർമാനും മാനേജിംഗ് ഡയറക്ടറുമാണ് അധികാര കേന്ദ്രം. ഇതിന് പുറമെ ദക്ഷിണ മേഖല, മധ്യമേഖല, ഉത്തരമേഖല എന്നിങ്ങനെ മൂന്ന് ഇടങ്ങളിലായി എക്സിക്യുട്ടീവ് ഡയറക്ടർമാരും ഭരണ നിർവഹണത്തിൽ പങ്കാളികളാകുന്നു.
ഓർഡിനറി, ദീർഘദൂര സർവീസുകളാണ് കെ.എസ്.ആർ.ടിക്ക് ഉള്ളത്. ചെറിയ ദൂരങ്ങളിൽ സർവീസ് നടത്തുന്നവയാണ് ഓർഡിനറി ബസുകൾ. ഇവയ്ക്ക് സ്റ്റോപ്പുകൾ കൂടുതലും ടിക്കറ്റ് നിരക്ക് കുറവുമാണ്. സാധാരണ സർവീസുകളിൽ ഡബിൾ ഡക്കർ മറ്റൊരു ആകർഷണമാണ്. 1955 ൽ കേരളത്തിലാദ്യമായി തിരുവനന്തപുരത്താണ് ഡബിൾ ഡക്കർ ബസുകൾ സർവീസ് നടത്തുന്നത്. ഇന്നും തിരുവനന്തപുരം കിഴക്കേകോട്ടയിൽ നിന്ന് ശംഖുമുഖത്തേയ്ക്കും ശാസ്തമംഗലത്തേയ്ക്കും സർവീസ് നടത്തുന്നു. ഓർഡിനറി കഴിഞ്ഞാൽ ദീർഘദൂര സർവീസുകൾക്ക് ഉപയോഗിക്കുന്നതാണ് ഫാസ്റ്റ് പാസഞ്ചറുകൾ. ഇവ നിർത്തുന്ന സ്ഥലങ്ങൾ കുറവാണ്.
വളരെ ദൈർഘ്യമേറിയ സ്ഥലങ്ങളിലേക്ക് സർവീസ് നടത്തുന്നതാണ് സൂപ്പർ ഫാസ്റ്റുകൾ. ഇവയ്ക്ക് പ്രധാന ടൗണുകളിൽ മാത്രമേ സ്റ്റോപ്പ് ഉണ്ടാവുകയുള്ളു. പച്ച നിറമുള്ള സൂപ്പർ ക്ളാസ് ബസുകളാണ് സൂപ്പർ എക്സ്പ്രസ് വിഭാഗത്തിൽ പെടുന്നത്. വെള്ള നിറത്തിൽ ദീർഘ ദൂര സർവീസിനായി സൂപ്പർ ഡീലക്സ് ബസുകളും കെ.എസ്.ആർ.ടിസിക്കായി സർവീസ് നടത്തുന്നു. ട്രെയിനിനെക്കാൾ വേഗത്തിൽ യാത്രക്കാരെ ലക്ഷ്യ സ്ഥാനത്ത് എത്തിക്കാൻ ആരംഭിച്ചതാണ് മിന്നൽ സർവീസുകൾ. കെ.എസ്.ആർ.ടി.സിയുടെ ഏറ്റവും ഉയർന്ന നിലവാരത്തിലുള്ള ദീർഘദൂര സർവീസുകളാണ് സ്കാനിയ, വോൾവോ എന്നിവ. ഇതിന് പുറമെ കേന്ദ്ര സർക്കാർ അനുവദിച്ച ജൻറം ബസുകൾ എസി ,നോൺ എസി വിഭാഗത്തിലും സർവീസ് നടത്തുന്നുണ്ട്. നിലവിൽ ഒരു സി.എൻ.ജി ബസാണ് കേരളത്തിൽ സർവീസ് നടത്തുന്നത്.
കേരളത്തിൽ 6000 ന് അടുത്ത് ബസുകളാണ് കെ.എസ്.ആർ.ടിസിക്ക് ഉള്ളത്. പ്രതിദിനം 5000 വരെ ഷെഡ്യൂളുകളാണ് നിശ്ചിയിച്ചിട്ടുള്ളത്. കൊവിഡിനെ തുടർന്ന് ഷെഡ്യൂളുകളുടെ എണ്ണം 3000 ലേക്ക് കുറഞ്ഞിരുന്നു. ശരാശരി അഞ്ചുമുതൽ ആറു കോടിവരെയായിരുന്നു പ്രതിദിന കളക്ഷൻ. കൊവിഡിൻറെ പശ്ചാത്തലത്തിൽ ഇത് മൂന്ന് മുതൽ നാല് കോടി വരെയായി ചുരുങ്ങി. കെ.എസ്.ആർ.ടിസിയുടെ മൊത്തം വരുമാനം 2091 കോടി രൂപയിൽ നിന്ന് 2019-20 ൽ 2053 കോടി രൂപയായി കുറഞ്ഞു. മൊത്തം വരുമാന ചിലവ് 2018-2019 ൽ 2554 കോടി രൂപയിൽ നിന്ന് 2019-20 ൽ 2344 കോടി രൂപയായും പ്രവർത്തന നഷ്ടം 2019-19 ൽ 227 കോടി രൂപയിൽ നിന്ന് 2019-20 ൽ 291 കോടി രൂപയായും ഉയർന്നു. ആകെ വരുന്ന 5493 കെ.എസ്.ആർ.ടി.സി ബസുകളിൽ 2396(43.61)10 വർഷമോ അതിലധികമോ പഴക്കമുള്ളതാണ്.