play-sharp-fill
കോട്ടയം കുമരകം പഞ്ചായത്തിൽ മൂന്നാം വാർഡിലെ ജനങ്ങളുടെ ഗതികേട്: തകർന്നുവീണ മങ്കുഴി-പൂങ്കശ്ശേരി പാലം നിർമ്മാണം വൈകുന്നതായി പരാതി: സ്കൂളിൽ പോകാനാവാതെ കുട്ടികളുടെ പഠനം മുടങ്ങി

കോട്ടയം കുമരകം പഞ്ചായത്തിൽ മൂന്നാം വാർഡിലെ ജനങ്ങളുടെ ഗതികേട്: തകർന്നുവീണ മങ്കുഴി-പൂങ്കശ്ശേരി പാലം നിർമ്മാണം വൈകുന്നതായി പരാതി: സ്കൂളിൽ പോകാനാവാതെ കുട്ടികളുടെ പഠനം മുടങ്ങി

കുമരകം : കുമരകം പഞ്ചായത്ത് മൂന്നാം വാർഡിലെ തകർന്നുവീണ മങ്കുഴി-പൂങ്കശ്ശേരി നടപ്പാലം നിർമ്മാണം വൈകുന്നതായി നാട്ടുകാരുടെ പരാതി. കഴിഞ്ഞ ആഴ്ചയാണ് പാലം തകർന്നുവീണത്.

ശോചനീയാവസ്ഥയിലായിരുന്ന പാലം ഒരുഭാഗത്തെ കൽക്കെട്ട് തകർന്ന് തോട്ടിലേക്ക് വീഴുകയായിരുന്നു. ഇതോടെ മങ്കുഴി, പൂങ്കശ്ശേരി ഭാഗത്തെക്കുള്ള നാട്ടുകാരുടെ യാത്ര ഏറെ ദുരിതത്തിലായി.

തകർന്ന പാലം തത്കാലികമായി അറ്റകുറ്റപണികൾ നടത്തുവാൻ തുടങ്ങിയപ്പോൾ സമാന്തര സഞ്ചാര മാർഗ്ഗങ്ങൾ ഒരുക്കിയില്ലന്നാണ് നാട്ടുകാരുടെ പരാതി. ഇരു കരകളിലേക്കും നാട്ടുകാർക്ക് സഞ്ചരിക്കുവാൻ വള്ളമോ മറ്റ് മാർഗ്ഗങ്ങളോ സജ്ജമാക്കിയില്ല എന്നാണ് ആക്ഷേപം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതുമൂലം പ്രദേശവാസികൾ ജോലിക്ക് പോകുവാനും കുട്ടികൾ സ്കൂളിൽ പോകുവാനും എല്ലാം കടുത്ത ബുദ്ധിമുട്ടാണ് നേരിടുന്നത്. പാലത്തിന്റെ അടിയിലൂടെ വള്ളങ്ങൾ പോകുവാൻ ഇപ്പോൾ തടസ്സം നേരിടുന്നുണ്ട്.

കൂടാതെ തോട് കുറുകെ കടക്കുവാൻ വള്ളം ലഭിക്കാഞ്ഞതിനാൽ പ്രദേശത്തെ പല കുട്ടികളും കഴിഞ്ഞ ചില ദിവസങ്ങളിൽ സ്കൂളിൽ പോയില്ല.
. തകർന്ന പാലം ഉടൻ പുനർനിർമ്മിക്കണമെന്നും പാലം പണി തീരുന്നതുവരെ കടത്ത് സംവിധാനം ഏർപ്പെടുത്തണം എന്നുമാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

കൂടാതെ നടപ്പാലത്തിന് പുറമെ തങ്ങളുടെ യാത്രാക്ലേശം പരിഹരിക്കാൻ വാഹനഗതാഗതയോഗ്യമായ പാലം നിർമ്മിക്കുന്നത് പരിഗണിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

തകർന്ന നടപ്പാലം ഉടൻ പുനർനിർമ്മിക്കും.; വാഹന ഗതാഗത യോഗ്യമായ പാലം പരിഗണനയിൽ വാർഡ് മെമ്പർ

തകർന്ന പൂങ്കശ്ശേരി നടപ്പാലം നിർമ്മാണം ഉടൻ പൂർത്തിയാക്കുമെന്ന് മൂന്നാം വാർഡ് മെമ്പർ രശ്മികല പറഞ്ഞു. ഇതിനായി പഞ്ചായത്ത് അടിയന്തിര ഫണ്ട് വകയിരുത്തി നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചെന്നും,

കൂടാതെ വാഹനഗതാഗത യോഗ്യമായ പാലം നിർമ്മിക്കുന്നത് പരിഗണിക്കണമെന്നും ഈ വിഷയം സ്ഥലം എം.എൽ.എ യും ദേവസ്വം,സഹകരണ,തുറമുഖ വകുപ്പ് മന്ത്രി വി.എൻ വാസവന്റെ ശ്രദ്ധയിൽപെടുത്തിയെന്നും ഇതിനായി കഴിഞ്ഞ ദിവസം മന്ത്രിയെ നേരിട്ട് കണ്ട് വിവരങ്ങൾ ധരിപ്പിച്ചതായും മെമ്പർ കൂട്ടിച്ചേർത്തു.

മുൻപ് പൂങ്കശ്ശേരി നടപ്പലത്തിന് അനുവദിച്ച ഫണ്ടിന് പുറമെ വാഹന ഗതാഗത യോഗ്യമായ പാലത്തിന് വേണ്ട തുക എസ്റ്റിമേറ്റ് ചെയ്ത് സമർപ്പിക്കുവാനും മുൻപ് അനുവദിച്ച തുകക്ക് പുറമെ വാഹനഗതാഗത യോഗ്യമായ പാലത്തിന് വേണ്ട അധിക തുക വകയിരുത്തി പാലം നിർമ്മിക്കുമെന്നും മന്ത്രി ഉറപ്പ് നൽകിയതായി വാർഡ് മെമ്പർ അറിയിച്ചു.

ഇതിനായി ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും കഴിഞ്ഞ ദിവസം ചില ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് വിവരശേഖരണം നടത്തിയതായും മെമ്പർ രശ്മികല പറഞ്ഞു.