കുമരകത്തെയും പടിഞ്ഞാറൻ മേഖലയിലെയും കാറ്റ്; നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് തുടങ്ങി

കുമരകത്തെയും പടിഞ്ഞാറൻ മേഖലയിലെയും കാറ്റ്; നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് തുടങ്ങി

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയുടെ പടിഞ്ഞാറൻ മേഖലയിൽ ഞായറാഴ്ച്ച ശക്തമായ കാറ്റിനെത്തുടർന്നുണ്ടായ നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് തുടങ്ങി.

വീടുകൾ, കെട്ടിടങ്ങൾ, കൃഷി, വാഹനങ്ങൾ, വൈദ്യുതി വിതരണ സംവിധാനം എന്നിവയ്ക്കുണ്ടായ നാശനഷ്ടങ്ങളുടെ വിവരശേഖരണം ഒരാഴ്ച്ചയ്ക്കുള്ളിൽ പൂർത്തിയാകുമെന്ന് അയ്മനത്തും കുമരകത്തും സന്ദർശനം നടത്തിയ ജില്ലാ കളക്ടർ എം. അഞ്ജന പറഞ്ഞു. ശക്തമായ കാറ്റ് പ്രകൃതി ദുരന്തങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളതിനാൽ സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽനിന്ന് നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനുള്ള സാധ്യതകൾ പരിശോധിക്കുമെന്നും കളക്ടർ വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൃഷിനാശം കൂടുതൽ സംഭവിച്ചത് അയ്മനം ഗ്രാമപഞ്ചായത്തിലാണ്. വീടുകൾക്കും മറ്റുമുണ്ടായ കേടുപാടുകളുടെ കണക്കെടുക്കുന്നതിന് അതത് തദ്ദേശഭരണ സ്ഥാപനങ്ങളിലെ എൻജിനീയറിംഗ് വിഭാഗത്തെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. കുമരകം പഞ്ചായത്തിലെ അസിസ്റ്റന്റ് എൻജിനീയർ ക്വാറന്റയിനിലായതിനാൽ പകരം ആളെ നിയോഗിച്ച് കണക്കെടുപ്പ് നടത്താൻ തദ്ദേശസ്വയംഭരണ വകുപ്പ് എക്സിക്യുട്ടീവ് എൻജിനീയർക്ക് കളക്ടർ നിർദേശം നൽകിയിട്ടുണ്ട്.

പഞ്ചായത്തുകളിലെ അഗ്രിക്കൾച്ചറൽ ഓഫീസർമാരാണ് കൃഷിനാശം സംബന്ധിച്ച വിശാദംശങ്ങൾ ശേഖരിക്കുന്നത്. വൈദ്യുതി ബോർഡിന്റെ പോസ്റ്റുകൾക്കും ലൈനുകൾക്കും വൻ തോതിൽ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.