ചൂടു വർദ്ധിച്ചപ്പോൾ കുമരകത്തെ മികച്ച കർഷകന്റെ കോഴികൾ ചത്തൊടുങ്ങി: ഏതാനും ദിവസങ്ങൾക്കുള്ളിൽ 100 കോഴികൾ ചത്തു. പക്ഷിപ്പനിയല്ലന്ന് സ്ഥിരീകരിച്ചു
കുമരകം : അന്തരീക്ഷത്തിലെ ചൂടിന്റെ അളവ് വർദ്ധിച്ചത് കുമരകത്തെ കോഴി കർഷകനെ ചതിച്ചു. താപനിലയിലുണ്ടായ മാറ്റം മൂലം ഫിലിപ്പ് വി കുര്യൻ എന്ന കർഷകന്റെ 100 കോഴികൾ പൂർണ്ണമായും ചത്തു. ഇതോടെ കോഴിവളർത്തലിനായി നിർമ്മിച്ച രണ്ട് കോഴിക്കുടുകളും കാലിയായി.
കുടുംബം പുലർത്തുവാൻ പലതരം കൃഷികളും നടത്തി വിജയം കൈവരിച്ച ഫിലിപ്പ് വി കുര്യന് കുമരകം പഞ്ചായത്തിലെ മികച്ച കർഷകനുള്ള അവാർഡ് ലഭിച്ചിട്ടുണ്ട്.
പക്ഷേ ഒന്നര വർഷം മുമ്പ് തുടങ്ങിയ കോഴികൃഷിയിൽ കർഷകൻ പരാജയപ്പെടുകയായിരുന്നു. പലതരം കൃഷികൾ സീസൺ അനുസരിച്ച് വിജയകരമായി നടത്തി വന്നിരുന്നതിനാലാണ് പഞ്ചായത്തും ഇടവകപ്പള്ളിയും മികച്ച കർഷകനുള്ള പുരസ്കാരം നൽകിയത്.
ഒരാഴ്ച മുമ്പ് മുതലാണ് കോഴികൾ ചാകാൻ തുടങ്ങിയത്. ആദ്യ ദിവസം 10 കോഴികളും അടുത്ത ദിവസം 30 കാേഴികളും ചത്തു. തൊട്ടടുത്ത ദിവസം 40 കോഴികാളാണ് കൂട്ടത്തോടെ ചത്തുവീണത്. പിന്നീട് രണ്ടു ദിവസങ്ങളിലായി ബാക്കി കോഴികളും ചത്തതോടെ ആകെ ഉണ്ടായിരുന്ന 100 കോഴികളിൽ ഇനി ഒന്നും പോലും അവശേഷിച്ചിട്ടില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തൻ്റെ രണ്ട് വലിയ കൂടുകളിലായാണ് 100 കോഴികളേയും വളർത്തിയിരുന്നത്. അന്തരീക്ഷത്തിലെ വലിയ ചൂട് സഹിക്കാനാകാത്തതാണ് കോഴികൾ കൂട്ടത്തോടെ ചാകാൻ കാരണമെന്നാണ് കർഷകനും മൃഗസംരക്ഷണ വകുപ്പും പറയുന്നത്. ചത്ത അഞ്ച് കോഴികളെ പരിശോധിച്ചതിനു ശേഷമാണ് പക്ഷിപനിയല്ല കോഴികൾ ചത്തതിൻ്റെ കാരണമെന്ന് മൃഗസംരക്ഷണ വകുപ്പ് സ്ഥിരീകരിച്ചത്. 130 രൂപാ വീതം നൽകി വാങ്ങിയതാണ് കോഴികൾ.
കഴിഞ്ഞ ദിവസം വരെ നിത്യേന 55 മുട്ടകൾ വീതം ലഭിച്ചു വന്നിരുന്നതായു കർഷകൻ പറഞ്ഞു. കോഴികൾ ചത്തതു മൂലം പാവപ്പെട്ട കുടുംബത്തിനുണ്ടായിരിക്കുന്ന നഷ്ടം പരിഹരിക്കാൻ മൃഗസംരക്ഷണ വകുപ്പ് വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് കർഷകൻ ആവശ്യപ്പെട്ടു.