പാചകറാണിമാരെത്തേടി കുടുംബശ്രീയുടെ പാചക മത്സരം ‘രുചിഭേദം ‘

പാചകറാണിമാരെത്തേടി കുടുംബശ്രീയുടെ പാചക മത്സരം ‘രുചിഭേദം ‘

സ്വന്തംലേഖകൻ

കോട്ടയം: പാചകറാണികളാകാൻ രുചി വൈവിധ്യങ്ങളൊരുക്കി കുടുംബശ്രീ പ്രവർത്തകരുടെ ആവേശമേറിയ മത്സരം. കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിലാണ് രുചിഭേദം എന്ന പേരിൽ മാമൻ മാപ്പിള ഹാളിൽ വെച്ച് ജില്ലാതല പാചക മത്സരം സംഘടിപ്പിച്ചത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി ഒൻപത് കഫേ യൂണീറ്റുകളാണ് മത്സരത്തിൽ പങ്കെടുത്തത്.
കുടുംബശ്രീ യുണീറ്റുകളുടെയു൦, കഫേ യുണീറ്റുകളുടെയു൦ ഭക്ഷ്യ വിഭവങ്ങൾക്ക് കൂടുതൽ പ്രചാരവും സ്വീകാര്യതയും ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. തനത് വിഭവങ്ങൾ , പച്ചക്കറി വിഭവങ്ങൾ, മാംസ വിഭവങ്ങൾ എന്നിങ്ങനെയുള്ള മൂന്നിനങ്ങളിലായിരുന്നു മത്സരം. വിദഗ്ധരായ വിധികർത്താക്കളടങ്ങുന്ന പാനലാണ് മത്സരം വിലയിരുത്തിയത് .
കുമരകത്ത് നിന്നുള്ള ടീം സമൃദ്ധി ഒന്നാം സ്ഥാനവും, പാറത്തോട് നിന്നുള്ള ടീം നീറ്റ് ആൻഡ്‌ ടേസ്റ്റി രണ്ടാം സ്ഥാനവും, മേലുകാവ് നിന്നുള്ള ടീം എ-വൺ മൂന്നാം സ്ഥാനവും നേടി.
ഒന്നാം സ്ഥാനക്കാർക്ക് പതിനായിരം രൂപയും ,രണ്ടാം സ്ഥാനക്കാർക്ക് അയ്യായിരം രൂപയും മൂന്നാം സ്ഥാനക്കാർക്ക് രണ്ടായിരത്തി അഞ്ഞൂറ് രൂപയുമായിരുന്നു സമ്മാനം.
ജില്ലാ മിഷൻ കോർഡിനേറ്റർ പി. എൻ സുരേഷ്, അസിസ്റ്റന്റ് ജില്ലാ മിഷൻ കോർഡിനേറ്റർമാരായ സാബു സി.മാത്യു, ബിനോയ് കെ ജോസഫ്, പ്രോഗ്രം മാനേജർ ജോബി ജോൺ , പ്രോഗ്രാം മാനേജർമാർ,ബ്ലോക്ക് കോർഡിനേറ്റർമാർ, തുടങ്ങിയവർ വിവിധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.