കോട്ടയത്തെ തദ്ദേശ സ്വയംഭരണ ഉപതിരഞ്ഞെടുപ്പ്: മൂന്നിടത്തും ഇടതിന് പരാജയം; സിറ്റിംങ് സീറ്റ് രണ്ടും നഷ്ടമായി; യുഡിഎഫിൻ വൻ വിജയം

കോട്ടയത്തെ തദ്ദേശ സ്വയംഭരണ ഉപതിരഞ്ഞെടുപ്പ്: മൂന്നിടത്തും ഇടതിന് പരാജയം; സിറ്റിംങ് സീറ്റ് രണ്ടും നഷ്ടമായി; യുഡിഎഫിൻ വൻ വിജയം

തേർഡ് ഐ ബ്യൂറോ

കോട്ടയം: പാർലമെന്റ് തിരഞ്ഞെടുപ്പിനു പിന്നാലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കു നടന്ന ഉപതിരഞ്ഞെടുപ്പിൽ ജില്ലയിൽ ഇടതു മുന്നണിയ്ക്ക് വൻ തിരിച്ചടി. ഉപതിരഞ്ഞെടുപ്പ് നടന്ന അഞ്ചിൽ നാലിടത്തും ഇടതു മുന്നണി വൻ പരാജയം നേരിട്ടു. രണ്ടു സിറ്റിംങ് സീറ്റുകൾ എൽഡിഎഫിൽ നിന്നും യുഡിഎഫ് പിടിച്ചെടുത്തു. തിരുവാർപ്പ് പഞ്ചായത്തിലെ ഒന്നാം വാർഡിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി മായാ മുരളി 315 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് തിരഞ്ഞെടുക്കപ്പെട്ടത്. മായാ മുരളി 697 വോട്ടുകൾ നേടിയപ്പോൾ, തൊട്ടടുത്ത എതിർ സ്ഥാനാർത്ഥിയായ എൽഡിഎഫിലെ രഞ്ജിനി സന്തോഷിന് 382 വോട്ട് മാത്രമാണ് നേടാനായത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഒൻപത് വോട്ടിന് ഇടതു മുന്നണി സ്ഥാനാർത്ഥിയായ ബിൻസിയാണ് വിജയിച്ചത്. ഇവിടെ കഴിഞ്ഞ തവണ സി.എസ്.ഡി.എസും, ബി.ഡി.ജെ.എസും മത്സര രംഗത്തുണ്ടായിരുന്നു. എന്നാൽ, ഇക്കുറി ഇടതു മുന്നണിയും കോൺഗ്രസും നേർക്കുനേർ മത്സരിക്കുകയായിരുന്നു. സിപിഎമ്മിന്റെയും സിപിഐയുടെയും ശക്തികേന്ദ്രമായി വിലയിരുത്തുന്ന പഞ്ചായത്താണ് തിരുവാർപ്പ്. ഇവിടെ പാർട്ടിയ്ക്ക് ഏറ്റ കനത്ത പരാജയം വലിയ ചർച്ചയായി മാറും. മൂന്നിലവിൽ സിപിഎമ്മിന്റെ സിറ്റിംങ് സീറ്റാണ് കേരള കോൺഗ്രസ് എമ്മിന്റെ സ്ഥാനാർത്ഥി പിടിച്ചെടുത്തത്. ഇവിടെ മത്സരിച്ച ഡോളി ഐസക്ക് 64 വോട്ടിനാണ് വിജയിച്ചത്. പാമ്പാടി ബ്ലോക്ക് പഞ്ചായത്തിൽ കിടങ്ങൂർ ഡിവിഷനിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസിന്റെ രണ്ടില ചിഹ്നത്തിൽ മത്സരിച്ച ജോസ് തടത്തിൽ 1170 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ഇവിടെ സിപിഎമ്മിന്റെ സിറ്റിംങ് സീറ്റ് യുഡിഎഫ് തിരിച്ച് പിടിക്കുകയായിരുന്നു. കരൂരിൽ മാത്രമാണ് ഇടതിനു വിജയിക്കാൻ സാധിച്ചത്. ഇവിടെ എൽഡിഎഫ് സ്വതന്ത്രൻ രാജേഷ് 33 വോട്ടുകൾക്കാണ് വിജയിച്ചത്. മണിമല പഞ്ചായത്തിലെ പൂവത്തോലി വാർഡിൽ 39 വോട്ടിനാണ് യുഡിഎഫ് സ്ഥാനാർത്ഥി എം.സി ജേക്കബ് വിജയിച്ചത്. കേരള കോൺഗ്രസ് എമ്മിന്റെ സ്ഥാനാർത്ഥിയായാണ് ജേക്കബ് ഇവിടെ മത്സരിച്ചത്. യുഡിഎഫ് പ്രവർത്തകരുടെ ഒറ്റക്കൈട്ടായ പ്രവർത്തനമാണ് ഇപ്പോൾ വിജയത്തിന് കാരണമായതെന്ന് ഡി.സി.സി പ്രസിഡന്റ് ജോഷി ഫിലിപ്പ് അറിയിച്ചു. പാർലമെന്റ് തിരഞ്ഞെടുപ്പിലെ ഉജ്വല വിജയത്തിനു പിന്നാലെ ഉപതിരഞ്ഞെടുപ്പിലെ മികച്ച പ്രകടനം ജില്ലയിലെ യുഡിഎഫിന് കരുത്ത് പകരും. ഇടതു മുന്നണിയുടെ അടിത്തറ പോലും തകർന്നതായാണ് ഇപ്പോൾ പുറത്ത് വന്ന ഫലങ്ങൾ വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.