കോട്ടയം ജില്ലാ പഞ്ചായത്ത് ഭരണം ; യുഡിഎഫിൽ അടി തുടങ്ങി

കോട്ടയം ജില്ലാ പഞ്ചായത്ത് ഭരണം ; യുഡിഎഫിൽ അടി തുടങ്ങി

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനത്തെ ചൊല്ലി കോട്ടയത്തെ യുഡിഎഫിൽ തർക്കം. പിളർന്ന കേരളാ കോൺഗ്രസിന് പ്രസിഡൻറ് സ്ഥാനം വിട്ട് കൊടുക്കില്ലെന്ന് വ്യക്തമാക്കി കോൺഗ്രസ് പരസ്യമായി രംഗത്തെത്തി. അതേസമയം, ധാരണ പ്രകാരമുള്ള അധികാര കൈമാറ്റവും പാർട്ടിയിലെ പിളർപ്പും തമ്മിൽ ബന്ധമില്ലെന്ന് കേരള കോൺഗ്രസ് പ്രതികരിച്ചു.കേരളാ കോൺഗ്രസ് എമ്മിലെ പിളർപ്പ് കോട്ടയം ജില്ലാ പഞ്ചായത്തിലുണ്ടാക്കുന്നത് വലിയ ഭരണ പ്രതിസന്ധിയാണ്. യുഡിഎഫിലെ ധാരണ അനുസരിച്ച് ജൂലൈ ഒന്ന് മുതൽ കേരള കോൺഗ്രസിനാണ് പ്രസിഡൻറ് സ്ഥാനം. എന്നാൽ പിളർന്ന് നിൽക്കുന്ന കേരളാ കോൺഗ്രസിന് പ്രസിഡൻറ് സ്ഥാനം കൈമാറിയാൽ നിയമപ്രശ്‌നമുണ്ടാകുമെന്നാണ് കോൺഗ്രസ് വാദം. പി ജെ ജോസഫാണോ ജോസ് കെ മാണിയാണോ ചെയർമാനെന്ന കാര്യത്തിൽ തർക്കം നിൽക്കുന്നു. വിപ്പ് ആര് നൽകുമെന്ന് കാര്യത്തിലും അനിശ്ചിതത്വം നിലനിൽക്കുകയാമ്. ഈ സാഹചര്യത്തിലാണ് തൽക്കാലം പ്രസിഡൻറ് സ്ഥാനം കൈമാറേണ്ടെന്ന് കോൺഗ്രസ് നിലപാടെടുത്തത്.22 അംഗ ഭരണ സമിതിയിൽ കോൺഗ്രസിന് എട്ടും കേരളാ കോൺഗ്രസിന് ആറും അംഗങ്ങളാണ് ഉള്ളത്. ആറ് പേരും ജോസ് കെ മാണി പക്ഷത്തിനൊപ്പമാണ്. എൽഡിഎഫിന് ഏഴും ജനപക്ഷത്തിന് ഒരംഗവുമുണ്ട്. നേരത്തെ മാണി വിഭാഗം യുഡിഎഫ് വിട്ടപ്പോൾ സിപിഎം പിന്തുണയോടെ കേരളാ കോൺഗ്രസ് ജില്ലാ പഞ്ചായത്ത് ഭരിച്ച അനുഭവം കോൺഗ്രസിന് മുന്നിലുണ്ട്. എന്നാൽ ആറ് അംഗങ്ങളും ജോസ് കെ മാണി പക്ഷത്തായതിനാൽ ആശയക്കുഴപ്പമില്ലെന്നാണ് കേരളാ കോൺഗ്രസ് വാദം. കേരളാ കോൺഗ്രസിൽ സഖറിയാസ് കുതിരവേലിലും സെബാസ്റ്റ്യൻ കുളത്തിങ്കലും ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനത്തിനായി രംഗത്തുണ്ട്.