മാർക്ക് ദാന വിവാദം : കെ.ടി.ജലീലിന്‌ ക്ലീൻ സർട്ടിഫിക്കറ്റ് നൽകി ഉന്നത വിദ്യാഭ്യാസ സെക്രട്ടറി

മാർക്ക് ദാന വിവാദം : കെ.ടി.ജലീലിന്‌ ക്ലീൻ സർട്ടിഫിക്കറ്റ് നൽകി ഉന്നത വിദ്യാഭ്യാസ സെക്രട്ടറി

 

സ്വന്തം ലേഖകൻ

തിരുവനന്തപുരം: മാര്‍ക്ക് ദാന വിവാദത്തില്‍ മന്ത്രി കെ ടി ജലീലിന് ക്ലീന്‍ ചിറ്റ് നല്‍കി ഉന്നതവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ റിപ്പോര്‍ട്ട്. കൂടുതല്‍ മാര്‍ക്ക് നല്‍കാന്‍ മന്ത്രിയോ മന്ത്രിയുടെ ഓഫീസോ നിര്‍ദ്ദേശിച്ചിട്ടില്ലെന്നാണ് മുഖ്യമന്ത്രിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതിനിടെ ജലീലിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഗവര്‍ണര്‍ക്ക് മൂന്നാമതും കത്ത് നല്‍കി.

മാര്‍ക്ക് ദാനത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് നല്‍കിയ കത്ത് ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് അയച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി ഉന്നതവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്..

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2019 ഫെബ്രുവരി 22ന് നടന്ന അദാലത്തില്‍ മാര്‍ക്ക് അധികമായി നല്‍കാന്‍ തീരുമാനം എടുത്തില്ലെന്നാണ് ഉന്നതവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉഷ ടൈറ്റസ് മുഖ്യമന്ത്രിക്ക് നല്‍കിയ റിപ്പോര്‍‍ട്ടില്‍ പറയുന്നത്. അദാലത്തില്‍ പങ്കെടുത്ത ആളെന്ന നിലയില്‍ ഇക്കാര്യത്തില്‍ തനിക്ക് നേരിട്ട് ബോധ്യമുണ്ടെന്നും ഉഷ ടൈറ്റസ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

തലേദിവസം ചേര്‍ന്ന സിന്‍ഡിക്കേറ്റിന്റെ അനൗദ്യോഗിക യോഗമാണ് മാര്‍ക്ക് നല്‍കാന്‍ തീരുമാനിച്ചത്. അദാലത്തില്‍ മന്ത്രിയോ മന്ത്രിയുടെ ഓഫീസോ ആര്‍ക്കും മാര്‍ക്ക് നല്‍കാന്‍ വാക്കാലോ രേഖാമൂലമോ നിര്‍ദ്ദേശിച്ചിരുന്നില്ല. മാര്‍ക്ക് നല്‍കാന്‍ അക്കാദമിക് കൗണ്‍സില്‍ ചേരണമെന്ന വിസിയുടെ റിപ്പോര്‍ട്ട് തളളിയതോടെ സിന്‍ഡിക്കേറ്റാണ് വീണ്ടും ഒരു മാര്‍ക്ക് കോതമംഗലത്തെ സ്വാശ്രയ കോളേജ് വിദ്യാര്‍ത്ഥിക്ക് നല്‍കാന്‍ തീരുമാനിച്ചത്. ഏപ്രിലില്‍ നടന്ന സിന്‍ഡിക്കേറ്റാണ് ബിടെക് വിദ്യാര്‍ത്ഥികള്‍ക്ക് അഞ്ച് മാര്‍ക്ക് മോഡറേഷന്‍ നല്‍കാന്‍ തീരുമാനിച്ചതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

മാര്‍ക്ക് നല്‍കിയതില്‍ മന്ത്രി ഇടപെട്ടില്ലെന്ന വൈസ് ചാന്‍സലര്‍മാരുടെ റിപ്പോര്‍ട്ടിന് പിന്നാലെ മന്ത്രിക്ക് ക്ലീന്‍ സർട്ടിഫിക്കറ്റ് നല്‍കി പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ റിപ്പോര്‍ട്ട് കൂടി വന്നതോടെ തീരുമാനം എടുക്കേണ്ടത് ഗവര്‍ണറാണ്. ഇതിനിടെ സാങ്കേതിക സര്‍വ്വകലാശാല പരീക്ഷ നടത്തിപ്പില്‍ മന്ത്രി അനധികൃതമായി ഇടപെട്ടെന്ന് ചൂണ്ടിക്കാട്ടി രമേശ് ചെന്നിത്തല വീണ്ടും ഗവര്‍ണ്ണര്‍ക്ക് കത്ത് നല്‍കി.

Tags :