മണ്ടന്മാരായ കെ.എസ്.ടി.പി വീണ്ടും: മണിപ്പുഴയിൽ ഡിവൈഡറിന് പകരം മണൽചാക്ക്: ആദ്യ മണിക്കൂറിൽ തന്നെ പരീക്ഷണം പാളി

മണ്ടന്മാരായ കെ.എസ്.ടി.പി വീണ്ടും: മണിപ്പുഴയിൽ ഡിവൈഡറിന് പകരം മണൽചാക്ക്: ആദ്യ മണിക്കൂറിൽ തന്നെ പരീക്ഷണം പാളി

സ്വന്തം ലേഖകൻ

കോട്ടയം: നാട്ടുകാരുടെ എതിർപ്പിനെ തുടർന്ന് അവസാനിപ്പിച്ച ഡിവൈഡർ നിർമ്മാണത്തിന് പകരം റോഡിൽ മണൽച്ചാക്ക് നിരത്തി കെ.എസ്.ടി.പിയുടെ പരീക്ഷണം. ബുധനാഴ്ച വൈകിട്ട് മണൽച്ചാക്ക്് നിരത്തിയ കെ.എസ്.ടി.പിയുടെ പരീക്ഷണം ആദ്യമണിക്കൂറിൽ തന്നെ പാളി. ലോറിയിടിച്ച് മണൽചാക്ക് പൊട്ടി മണ്ണും കല്ലും റോഡിൽ നിരന്നിട്ടും കെ.എസ്.ടി.പി അധികൃതർ ഈ ചാക്കുകൾ മാറ്റാൻ തയ്യാറായില്ല. എം.സി റോഡിലേയ്ക്ക് കയറ്റി സ്ഥാപിച്ചിരിക്കുന്ന മണൽചാക്കുകൾ ഇരുചക്രവാഹന യാത്രക്കാരെ അപകടത്തിലാക്കുമെന്നാണ് നാട്ടുകാരുടെ ആരോപണം.
പ്രതിഷേധത്തെ തുടർന്ന് ഡിവൈഡർ നിർമ്മാണം നിർത്തിവച്ച മണിപ്പുഴ ജംഗ്ഷനിലാണ് അപകടമുണ്ടാക്കണമെന്ന നിർബന്ധത്തോടെ കെ.എസ്.ടി.പി മണൽചാക്കുകൾ നിരത്തിയത്.
രണ്ടാഴ്ച മുൻപ് ഈ റോഡിൽ ഡിവൈഡർ നിർമ്മിക്കാൻ കെ.എസ്.ടിപി അളവ് എടുത്തിരുന്നു. ഇതിനായി ഇവിടെ കല്ലും നിരത്തിവച്ചിരുന്നു. എന്നാൽ, ഓട്ടോഡ്രൈവർമാരും നാട്ടുകാരും പ്രതിഷേധവുമായി എത്തിയതോടെ കെ.എസ്.ടി.പി ഡിവൈഡർ നിർമ്മാണം വേണ്ടെന്ന് വച്ച് മടങ്ങുകയായിരുന്നു. എന്നാൽ, വീണ്ടും നിർമ്മാണം നടത്തും മുൻപ് പരീക്ഷണാടിസ്ഥാനത്തിൽ റോഡ് ചാക്കുകൾ നിരത്താനായിരുന്നു കെ.എസ്.ടി.പിയുടെ തീരുമാനം. ഇത് ആദ്യ മണിക്കൂറുകളിൽ തന്നെ പാളി എന്നത് വ്യക്തമാക്കുന്നതാണ് വാഹനങ്ങൾ ഇടിച്ച് മണൽചാക്ക് ഡിവൈഡർ തകർന്നത്.
എം.സി. റോഡിൽ നിന്നും മണിപ്പുഴ മേൽപ്പാലത്തിലേയ്ക്ക് തിരിയുന്ന റോഡിൽ ഡിവൈഡർ നിർമ്മിക്കുന്നതിനായിരുന്നു പദ്ധതി. ഇതിനായാണ് ഇപ്പോൾ മണൽചാക്ക് നിരത്തിയിരിക്കുന്നത്. എം.സി റോഡിലേയ്ക്ക് ഇറക്കിയാണ് മണൽചാക്ക് നിരത്തിയിരിക്കുന്നത്. ഇതേ സ്ഥലത്ത് തന്നെയാണ് ഡിവൈഡർ നിർമ്മിക്കാൻ പദ്ധതിയിട്ടിരിക്കുന്നതും.
എം.സി റോഡിൽ ഏറ്റവും അപകടം കൂടിയ ജങ്ഷനുകളിൽ ഒന്നാണ് മണിപ്പുഴ. കോടിമത പാലം മുതൽ മണിപ്പുഴ വരെയാണ് നാലുവരിപ്പാത. ഈ റോഡിലൂടെ അതിവേഗത്തിലാണ് വാഹനങ്ങൾ പാഞ്ഞെത്തുന്നത്. എന്നാൽ, മണിപ്പുഴ ജങ്ഷനില് എത്തുമ്പോൾ റോഡിന്റെ വീതി കുറയുകയാണ് ചെയ്യുന്നത്.
ഒരുമാസം മുൻപ് ഇവിടുത്തെ സിഗ്നൽ ലൈറ്റുകൾ അപകടത്തിൽ തകർന്നിരുന്നു. ഈ ലൈറ്റിന് പകരം പുതിയ ലൈറ്റ് സ്ഥാപിക്കാനുള്ള നടപടി ഇതുവരെയും എടുക്കാത്ത കെഎസ്ടിപിയാണ് നാട്ടുകാർക്ക് ആവശ്യമില്ലാത്ത ഡിവൈഡർ സ്ഥാപിക്കുന്നതിനായി വ്യഗ്രത കാട്ടുന്നത്. സിഗ്നൽ ലൈറ്റിൽ ഇതുവരെയും പച്ചവെളിച്ചം തെളിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിൽ ഇവിടെ റോഡിനു നടുവിൽ അശാസ്ത്രീയമായി സിഗ്നൽ ലൈറ്റ് സ്ഥാപിക്കുന്നത് അപകടക്കെണിയാകുമെന്നാണ് നാട്ടുകാരുടെ ആരോപണം.