ഇതേ വേഷത്തില്‍ അയ്യപ്പന്‍മാരെ കൊണ്ടുപോയിട്ടുണ്ട്; .ചെട്ടികുളങ്ങര ഉത്സവ സ്‌പെഷ്യല്‍ സര്‍വീസ് പോയിട്ടുണ്ട് ഇതേ വേഷത്തില്‍… എടത്വ പള്ളി പെരുന്നാളിന് ഭക്തരെ കൊണ്ടുപോയിട്ടുണ്ട് ഇതേ വേഷത്തില്‍; തെറ്റിധാരണ പരത്തുന്ന രീതിയില്‍ ചിത്രമെടുത്ത് ദുരുദ്ദേശത്തോടെ പ്രചരിപ്പിച്ച വാർത്തയ്ക്കെതിരെ പ്രതികരിച്ച് അഷ്‌റഫിന്റെ മുന്‍ സഹപ്രവര്‍ത്തകന്‍
സ്വന്തം ലേഖകൻ
തിരുവനന്തപുരം: യൂണിഫോം ഒഴിവാക്കി മതവേഷം ധരിച്ച് കെഎസ്ആര്‍ടിസി ഡ്രൈവര്‍ ജോലി ചെയ്തുവെന്ന വ്യാജ പ്രചരണത്തിനെതിരെ ഡ്രൈവറുടെ മുന്‍ സഹപ്രവര്‍ത്തകന്‍ രംഗത്ത്. ‘ഇതേ വേഷത്തില്‍ വിവിധ ക്ഷേത്രങ്ങളിലേക്കും പളളികളിലേക്കും തങ്ങള്‍ ഒരുമിച്ച് സര്‍വീസ് നടത്തിയിട്ടുണ്ട്. മനുഷ്യനോട് സാമ്യമുള്ള ചില മൃഗങ്ങള്‍ താങ്കളെ കുറിച്ച് എന്തൊക്കെയോ പറഞ്ഞു പരത്തുന്നു’ ഡ്രൈവര്‍ പി എച്ച് അഷ്റഫിന്റെ മുന്‍ സഹപ്രവര്‍ത്തകന്‍ കെഎസ്‌ആര്‍ടിസി കായംകുളം ഡിപ്പോയിലെ കണ്ടക്ടറായ ബിനു വാസവനാണ് വിദ്വേഷ പ്രചാരണങ്ങള്‍ക്ക് എതിരെ രംഗത്തുവന്നിരിക്കുന്നത്.
‘ഇത് എന്റെ കൂടെ ജോലി ചെയ്ത പിഎച്ച് അഷ്റഫ്. ഒരു സാധു മനുഷ്യന്‍…പമ്പയില്‍ ഞങ്ങള്‍ ഒന്നിച്ചു ഇതേ വേഷത്തില്‍ അയ്യപ്പന്‍മാരെ കൊണ്ടുപോയിട്ടുണ്ട്…ചെട്ടികുളങ്ങര ഉത്സവ സ്‌പെഷ്യല്‍ സര്‍വീസ് പോയിട്ടുണ്ട് ഇതേ വേഷത്തില്‍… എടത്വ പള്ളി പെരുന്നാളിന് ഭക്തരെ കൊണ്ടുപോയിട്ടുണ്ട് ഇതേ വേഷത്തില്‍… ബീമാ പള്ളിയിലേക്ക് വിശ്വാസികളെ കൊണ്ടുപോയിട്ടുണ്ട് ഇതേ വേഷത്തില്‍…അങ്ങയെ കുറിച്ച് മനുഷ്യനോട് സാമ്യമുള്ള ചില മൃഗങ്ങള്‍ എന്തൊക്കെയോ പറഞ്ഞു പരത്തുന്നു… പ്രിയപ്പെട്ട അഷ്‌റഫ്, മാപ്പ്…’ബിനു കുറിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മതവേഷം ധരിച്ച് ബസ് ഓടിക്കുന്നു എന്ന തരത്തിലാണ് അഷ്‌റഫിന് എതിരെ വിദ്വേഷ പ്രചാരണം നടന്നത്. ഇത് വ്യാജ പ്രചാരണമാണ് എന്ന് വ്യക്തമാക്കി കെഎസ്‌ആര്‍ടിസി തന്നെ രംഗത്തുവന്നിരുന്നു.
ചിത്രം പ്രചരിപ്പിക്കുന്നതായി ശ്രദ്ധയില്‍പെട്ടപ്പോള്‍ തന്നെ കെഎസ്‌ആര്‍ടിസി വിജിലന്‍സ് അന്വേഷണം ആരംഭിച്ചു. അന്വേഷണത്തില്‍ കെഎസ്‌ആര്‍ടിസി മാവേലിക്കര യൂണിറ്റിലെ ഡ്രൈവര്‍ പിഎച്ച് അഷറഫ്, എറ്റികെ 181 ആം നമ്പര്‍ ബസ്സില്‍ മേയ് 25 ന് തിരുവനന്തപുരം – മാവേലിക്കര സര്‍വ്വീസില്‍ ഡ്യൂട്ടി നിര്‍വ്വഹിക്കുന്നതിനിടെയാണ് തെറ്റിധാരണ പരത്തുന്ന രീതിയില്‍ ചിലര്‍ ചിത്രമെടുത്ത് പ്രചരിപ്പിച്ചതായി കണ്ടെത്തിയത്.-എംഡി ബിജു പ്രഭാകര്‍ പത്രക്കുറിപ്പില്‍ പറഞ്ഞു.
കെഎസ്‌ആര്‍ടിസി വിജിലന്‍സിന്റെ അന്വേഷണത്തില്‍ ഡ്രൈവര്‍ പി എച്ച് അഷറഫ് കൃത്യമായി യൂണിഫോം തന്നെ ധരിച്ച് ജോലി ചെയ്തതായി കണ്ടെത്തി. ജോലി ചെയ്യവെ യൂണിഫോം പാന്റിന് മുകളിലായി അഴുക്ക് പറ്റാതിരിക്കുവാന്‍ മടിയില്‍ വലിയ ഒരു തോര്‍ത്ത് വിരിച്ചിരുന്നത് പ്രത്യേക ആംഗിളില്‍ ഫോട്ടോ എടുത്ത് തെറ്റിധാരണ ഉണ്ടാക്കുന്ന രീതിയില്‍ പ്രചരിപ്പിക്കുകയാണ് ചെയ്തത് എന്നും വ്യക്തമായിട്ടുണ്ട്.
അനുവദനീയമായ രീതിയില്‍ യൂണിഫോം ധരിച്ച് കൃത്യനിഷ്ഠയോടെ ജോലി ചെയ്യുന്ന ജീവനക്കാരനെ തെറ്റിധാരണ പരത്തുന്ന രീതിയില്‍ ചിത്രമെടുത്ത് ദുരുദ്ദേശത്തോടെ പ്രചരിപ്പിക്കുകയാണ് ഉണ്ടായത് എന്നും അന്വേഷണത്തില്‍ വെളിവായിട്ടുണ്ട്.
പ്രചരിപ്പിച്ചിരിക്കുന്ന ചിത്രം സൂം ചെയ്ത് നോക്കിയാല്‍ അഷറഫ് നിഷ്‌കര്‍ഷിച്ചിരിക്കുന്ന സ്‌കൈ ബ്ലു ഷര്‍ട്ടും, നേവി ബ്ലു പാന്റും തന്നെയാണ് ധരിച്ചിരിക്കുന്നത് എന്നും വ്യക്തമാകുന്നതാണ്.- പത്രക്കുറിപ്പില്‍ പറയുന്നു.