കോട്ടയം കെ.എസ്.ആര്‍.ടി.സി ടെര്‍മിനല്‍ നിര്‍മ്മാണം അന്തിമഘട്ടത്തിലേക്ക്; പൊടിയില്‍ നിന്നും ചെളിയില്‍ നിന്നുമുള്ള മോചനം; പൊതുജനങ്ങളുടെ നാളുകളായുള്ള കാത്തിരിപ്പിനും വിരാമം
കോട്ടയം: ജനങ്ങളുടെ നാളുകളായുള്ള കാത്തിരിപ്പിന് വിരാമം. കോട്ടയം കെ.എസ്.ആര്‍.ടി.സി ടെര്‍മിനല്‍ നിര്‍മ്മാണം അന്തിമഘട്ടത്തിലേക്ക്. പൊടിയില്‍ നിന്നും ചെളിയില്‍ നിന്നുമുള്ള മോചനത്തിനും നാളുകളുടെ കാത്തിരിപ്പിനുമാണ് ഇതോടെ വിരമാമിടുന്നത്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് രണ്ടു കോടി ചെലവഴിച്ചാണ് ബസ് ടെര്‍മിനല്‍ നിര്‍മ്മിക്കുന്നത്.
രാത്രി യാത്രക്കാര്‍ക്ക് വിശ്രമിക്കുന്നതിനുള്ള സൗകര്യം, ജീവനക്കാര്‍ക്കുള്ള വിശ്രമമുറി, പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും ആധുനിക ടോയ്‌ലറ്റ് സംവിധാനം, റിസര്‍വേഷന്‍ കൗണ്ടര്‍, പൊലീസ് എയ്ഡ് പോസ്റ്റ്, യാത്രക്കാര്‍ക്ക് ഉന്നത നിലവാരത്തിലുള്ള ഇരിപ്പിടങ്ങള്‍ എന്നിവയാണ് പുതിയ സൗകര്യങ്ങള്‍.
പലതവണ നിര്‍ത്തിവെച്ച നിര്‍മ്മാണം അടുത്തകാലത്താണ് സജീവമായത്. നിര്‍മ്മാണത്തിനായി സ്റ്റാന്റിലെ പഴയ കെട്ടിടം പൊളിച്ചുനീക്കിയിരുന്നു. ഇവിടെ പ്രവര്‍ത്തിച്ചിരുന്ന ഓഫീസുകള്‍ കാന്റീന്‍ കെട്ടിടത്തിന് മുകളിലേക്ക് മാറ്റിയിരുന്നു. യാത്രക്കാര്‍ക്ക് ബസ് കാത്തുനില്‍ക്കാന്‍ താത്ക്കാലിക കാത്തിരിപ്പ് കേന്ദ്രവും ഒരുക്കിയിരുന്നു. പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ മഴക്കാലത്ത് ചെളിനിറയുന്നതും വേനലില്‍ പൊടിയും നിറയുന്നത് പതിവായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പുതിയ ടെര്‍മിനലില്‍ ഒരേസമയം പത്ത് ബസുകള്‍ പാര്‍ക്ക് ചെയ്യാന്‍ സാധിക്കും. പുറപ്പെടുന്ന ബസുകള്‍ മാത്രമാകും ടെര്‍മിനലിന്റെ മുന്നിലെത്തുക. സ്റ്റാന്റിലെത്തുന്ന മറ്റ് ബസുകളുടെ പാര്‍ക്കിംഗ് ടെര്‍മിനലിന്റെ മറുവശത്താണ്. ടെര്‍മിനലില്‍ നിന്നുകൊണ്ട് ബസിന്റെ ബോര്‍ഡ് നോക്കി ബസില്‍ കയറാന്‍ കഴിയുന്ന വിധത്തിലാണ് ക്രമീകരണം.
നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ തിയേറ്റര്‍ റോഡ് പൊളിച്ച് വീതികൂട്ടും. യാത്രക്കാര്‍ക്ക് ഈ വഴിയും ടെര്‍മിനലില്‍ പ്രവേശിക്കാം. പുതിയ ഷോപ്പുകളും നിര്‍മ്മിക്കും. നിലവില്‍ പെയിന്റിംഗ് ജോലികള്‍ പുരോഗതിയിലാണ്. യാര്‍ഡ് നിര്‍മ്മാണത്തിനായുള്ള ഫണ്ട് അടച്ചിട്ടുണ്ട്. യാര്‍ഡ് നിര്‍മ്മാണം പൂര്‍ത്തിയായാല്‍ ഉടന്‍ തന്നെ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ പറഞ്ഞു.