‘തീവണ്ടിയെക്കാള്‍ വേഗതയുള്ള ബസ് സർവീസ്’ ; കെഎസ്‌ആർടിസി യുടെ പടക്കുതിര ‘മിന്നല്‍’ ന്റെ ചില അറിയപ്പെടാത്ത കഥകളിലൂടെ ഒരു ‘മിന്നല്‍’ സഞ്ചാരം ; റണ്ണിംഗ് ടൈമില്‍ അമൃത എക്സ്പ്രസ് ട്രെയിനിനെ മലർത്തിയടിച്ച് തിരുവനന്തപുരം-പാലക്കാട് മിന്നല്‍ സർവീസ്
സ്വന്തം ലേഖകൻ
‘തീവണ്ടിയെക്കാള്‍ വേഗതയുള്ള ബസ് സർവീസ്’, കെഎസ്‌ആർടിസി യുടെ പടക്കുതിര ‘മിന്നല്‍’. ആനവണ്ടി പ്രേമികള്‍ക്കിടയില്‍ ഒരു പ്രത്യേക ഫാൻ ബേസുള്ള സർവീസാണ് മിന്നല്‍. 2017ല്‍ സർവീസ് ആരംഭിച്ച് ചുരുങ്ങിയ നാളുകള്‍ കൊണ്ടാണ് മിന്നല്‍ ജനപ്രിയമായതും കെഎസ്‌ആർടിസിയുടെ നട്ടെല്ലായി മാറിയതും. മിന്നലിന്റെ ചില അറിയപ്പെടാത്ത കഥകളിലൂടെ നമുക്കൊരു ‘മിന്നല്‍’ സഞ്ചാരം ആയാലോ.
മിന്നലിന്റെ ചരിത്രം ചികയുമ്പോള്‍ സില്‍വർ ലൈൻ ജെറ്റ് സർവീസിനെ കുറിച്ച് കൂടി പറയേണ്ടി വരും. കാരണം ഈ സർവീസിന്റെ പതനത്തില്‍ നിന്നുമാണ് മിന്നലിന്റെ കഥ ആരംഭിക്കുന്നത്. 2015ലാണ് കെഎസ്‌ആർടിസി ദീർഘദൂര യാത്രക്കാരെ ലക്ഷ്യമിട്ട് സ്റ്റോപ്പുകള്‍ പരമാവധി കുറച്ച് സില്‍വർ ലൈൻ ജെറ്റ് സർവീസിന് തുടക്കമിടുന്നത്. തുടക്കത്തില്‍ മികച്ച പ്രതികരണമാണ് ലഭിച്ചത്. ആനവണ്ടി പ്രേമികള്‍ വെള്ളക്കുതിരയെന്ന ഓമനപ്പേരും ചാർത്തി. കാലക്രമേണ സ്റ്റോപ്പുകള്‍ വർദ്ധിപ്പിക്കുകയും ബസ് ലക്ഷ്യസ്ഥാനത്ത് എത്താൻ വൈകുകയും ചെയ്തതോടെ യാത്രക്കാർ കയ്യൊഴിഞ്ഞു. ഇതോടെ മാനേജ്‌മെന്റും സില്‍വർ ലൈൻ ജെറ്റ് സർവീസ് പൂർണമായും ഉപേക്ഷിച്ചു. ഈ പോരായ്മകള്‍ പരിഹരിച്ചാണ് മിന്നല്‍ സർവീസിന് തുടക്കം കുറിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കൃത്യമായി പറഞ്ഞാല്‍ 2017 ജൂണ്‍ 28നാണ് മിന്നല്‍ സർവീസ് ആരംഭിക്കുന്നത്. അന്നത്തെ KSRTC മാനേജിങ് ഡയറക്ടറായിരുന്ന എം ജി രാജമാണിക്യത്തിന്റെ ആശയമായിരുന്നു പിന്നീട് മിന്നല്‍ എന്ന പേരില്‍ സാക്ഷാത്കരിക്കപ്പെട്ടത്. അന്നത്തെ എക്സിക്യൂട്ടീവ് ഡയറക്ടർ ഓപ്പറേഷൻസിന്റെ ചുമതല വഹിച്ചിരുന്ന ജി അനില്‍കുമാറിന്റെ പരിശ്രമവും ഇതിന് പിന്നിലുണ്ട്. സ്റ്റോപ്പുകള്‍ പരിമിതപ്പെടുത്തി രാത്രി മാത്രം സർവീസ് നടത്തുന്ന ലിമിറ്റഡ് സ്റ്റോപ്പ് സൂപ്പർ ക്ലാസ് ഗണത്തില്‍പ്പെട്ട അതിവേഗ സർവീസുകള്‍ ആരംഭിക്കണമെന്നായിരുന്നു എം ജി രാജമാണിക്യത്തിന്റെ നിർദേശം.
ലൈറ്റനിംഗ് എക്സ്പ്രസ് എന്ന പേരില്‍ സർവീസ് ആരംഭിക്കാനായിരുന്നു ആദ്യ ആലോചന. എന്നാല്‍ എം ജി രാജമാണിക്യത്തിന്റെ നിർദേശപ്രകാരം സർവീസിന് ‘മിന്നല്‍’ എന്ന് നാമകരണം ചെയ്യുകയായിരുന്നു. നാം ഇന്ന് കാണുന്ന മിന്നലില്‍ നിന്നും വളരെ വ്യത്യസ്തമായിരുന്നു മിന്നല്‍ ബസിന്റെ ആദ്യ രൂപകല്‍പ്പന. നീല നിറത്തിലുള്ള ലിവറി ഉപയോഗിച്ചായിരുന്നു ബസ് ഡിസൈൻ ചെയ്തിരുന്നത്. പിന്നീട് KSRTC സോഷ്യല്‍ മീഡിയ സെല്ലിലെ ഗ്രാഫിക് ആർട്ട് ഡിസൈനറായ എ കെ ഷിനു ആണ് നാം ഇന്ന് കാണുന്ന രീതിയില്‍ മിന്നല്‍ ബസിന്റെ ഡിസൈൻ പരിഷ്‌ക്കരിച്ചത്.
കുറവ് സ്റ്റോപ്പുകള്‍, സമയകൃത്യത പാലിക്കല്‍ എന്നീ സവിശേഷതകള്‍ തന്നെയാണ് മിന്നലിനെ ചുരുങ്ങിയ നാളുകള്‍ കൊണ്ട് ജനപ്രിയമാക്കിയത്. ജില്ലാ ആസ്ഥാനങ്ങളില്‍ മാത്രമാണ് മിന്നലിന് സ്റ്റോപ്പ്. സ്റ്റോപ്പുകള്‍ കുറവായതിനാലും ഒരേ രീതിയില്‍ വേഗത ക്രമീകരിച്ച് സർവീസ് നടത്തുന്നതിനാലും രാത്രി സമയങ്ങളില്‍ പൊതുവേ ഗതാഗതക്കുരുക്ക് കുറവായതിനാലും ട്രെയിനുകളെക്കാള്‍ വേഗത്തില്‍ ലക്ഷ്യസ്ഥാനത്ത് എത്താൻ സാധിക്കുന്നു എന്നതാണ് മിന്നലിനെ ജനം ഏറ്റെടുക്കാനുള്ള പ്രധാനകാരണങ്ങള്‍.
തീവണ്ടിയെക്കാള്‍ വേഗതയുള്ള ബസ് സർവീസ് എന്ന പരസ്യവാചകം വെറുതെയല്ലെന്നും കെഎസ്‌ആർടിസി മിന്നലിലൂടെ തെളിയിച്ചു. റണ്ണിംഗ് ടൈമില്‍ അമൃത എക്സ്പ്രസ് ട്രെയിനിനെയാണ് തിരുവനന്തപുരം-പാലക്കാട് മിന്നല്‍ സർവീസ് മലർത്തിയടിച്ചത്. രാത്രി 9.30ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന മിന്നല്‍ പുലർച്ചെ 4ന് പാലക്കാട് എത്തും. ഇതേ സ്ഥലങ്ങളെ ബന്ധിപ്പിച്ച് ഓടുന്ന അമൃത എക്സ്പ്രസ് ആകട്ടെ രാത്രി 8.30ന് പുറപ്പെട്ട് പുലർച്ചെ 6.10 നാണ് പാലക്കാട് എത്തുന്നത്.
നിലവിലുള്ളവയ്ക്ക് പുറമേ പുതിയ മിന്നല്‍ സർവീസുകളും ആരംഭിക്കാനുള്ള തയാറെടുപ്പിലാണ് മാനേജ്‌മെന്റ്. കാലപ്പഴക്കം കാരണം മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ നിർദേശപ്രകാരം അടുത്തിടെയാണ് മിന്നല്‍ ബസുകള്‍ നവീകരിച്ചത്.