കെ.എസ്.ആര്‍.ടി.സി. ബസില്‍ സ്‌കൂട്ടര്‍ ഇടിച്ച് വിദ്യാർഥികൾ മരിച്ചു ; ഹയർസെക്കന്‍ഡറി മോഡൽ പരീക്ഷ കഴിഞ്ഞ് സുഹൃത്തിന്റെ ജന്മദിനാഘോഷത്തിൽ പങ്കെടുത്ത് മടങ്ങവെയാണ് അപകടം
സ്വന്തം ലേഖകൻ
കൊല്ലം: കെ.എസ്.ആര്‍.ടി.സി. ബസില്‍ സ്‌കൂട്ടര്‍ ഇടിച്ച് വിദ്യാർഥികൾ മരിച്ചു. കൊല്ലം കൈക്കുളങ്ങര രാമേശ്വരം നഗർ 129, അപ്പൂസ് ഡെയിലിൽ സജി വർഗീസിന്റെയും ബെറ്റ്സിയുടേയും മകൻ ആൾസൺ എസ്. വർഗീസ്(17), ചിന്നക്കട ബംഗ്ലാവ് പുരയിടം ഷീജ ഡെയിലിൽ സേവ്യറിന്റെയും ഷീജയുടേയും മകൻ അലൻ സേവ്യർ(17) എന്നിവരാണ് മരിച്ചത്. ഇരുവരും ക്രിസ്തുരാജ് ഹയർസെക്കന്‍ഡറി സ്കൂളിലെ പ്ലസ്ടു (സയൻസ്) വിദ്യാർഥികളാണ്.
ബുധനാഴ്ച വൈകിട്ട് 3.30-ന് ശങ്കേഴ്സ് ജങ്ഷനിൽനിന്ന് ആശ്രാമത്തേക്ക് വരുമ്പോൾ കുറവൻപാലത്തിന് സമീപമായിരുന്നു അപകടം. കൊല്ലത്തുനിന്ന് തെങ്കാശിയിലേക്ക് പോകുന്ന ഫാസ്റ്റ് പാസഞ്ചർ ബസിൽ സ്കൂട്ടർ ഇടിക്കുകയായിരുന്നു. ഹയർസെക്കന്‍ഡറി മോഡൽ പരീക്ഷ കഴിഞ്ഞ് സുഹൃത്തിന്റെ ജന്മദിനാഘോഷത്തിൽ പങ്കെടുത്ത് മടങ്ങവെയായിരുന്നു അപകടത്തിൽപ്പെട്ടത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇടിയുടെ ആഘാതത്തിൽ ഇടത്തോട്ട് വെട്ടിച്ച് തിരിച്ച ബസ് സമീപത്തുള്ള പോസ്റ്റിൽ ഇടിച്ചു നിന്നു. അലൻ ആയിരുന്നു സ്കൂട്ടർ ഓടിച്ചിരുന്നത്. ബസിനടിയിൽപ്പെട്ട ഇരുവരെയും നാട്ടുകാരും പോലീസും ചേർന്ന് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ആൾസൺ മരണപ്പെട്ടിരുന്നു. ഗുരുതരമായി പരിക്കേറ്റ അലനെ ജില്ലാ ആശുപത്രിയിൽനിന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല.