‘കെഎസ്ആർടിസിയെ കുട്ടിച്ചോറാക്കാൻ’ വിയർപ്പിന്റെ അസുഖമുള്ള യൂണിയൻ നേതാക്കൾ ഡിപ്പോകളുടെ നിയന്ത്രണം ഏറ്റെടുത്തു

‘കെഎസ്ആർടിസിയെ കുട്ടിച്ചോറാക്കാൻ’ വിയർപ്പിന്റെ അസുഖമുള്ള യൂണിയൻ നേതാക്കൾ ഡിപ്പോകളുടെ നിയന്ത്രണം ഏറ്റെടുത്തു

സ്വന്തം ലേഖകൻ

തിരുവനന്തപുരം : കെ.എസ്.ആർ.ടി.സി. തിരുവനന്തപുരം സിറ്റി ഡിപ്പോയിൽ രായ്ക്കുരാമാനം കണ്ടക്ടർ സ്റ്റേഷൻ മാസ്റ്ററായി! മുഖ്യമന്ത്രിയുടെ ഓഫീസ് ശിപാർശ ചെയ്തിട്ടെന്നു വ്യാജപ്രചാരണം. മേലുദ്യോഗസ്ഥർക്കു വട്ടിപ്പലിശയ്ക്കും അല്ലാതെയും പണം കടം കൊടുക്കുന്ന കണ്ടക്ടറാണു കഴിഞ്ഞദിവസം പൊടുന്നനേ അദർ ഡ്യൂട്ടിയുടെ മറവിൽ സ്റ്റേഷൻ മാസ്റ്ററായത്.
ടോമിൻ ജെ. തച്ചങ്കരി സി.എം.ഡി. സ്ഥാനത്തുനിന്നു പടിയിറങ്ങിയതിനു പിന്നാലെ, തട്ടിക്കൂട്ടിയ മെഡിക്കൽ സർട്ടിഫിക്കറ്റുകളുടെ പിൻബലത്തിൽ, കോർപറേഷനിൽ അദർഡ്യൂട്ടി സംവിധാനവും മടങ്ങിയെത്തി. തച്ചങ്കരി സി.എം.ഡിയായിരിക്കേ സ്ഥലംമാറ്റങ്ങളിലും സ്ഥാനക്കയറ്റങ്ങളിലും ഇടപെടുന്നതിൽനിന്നു യൂണിയനുകളെ കർശനമായി വിലക്കിയിരുന്നു. അദ്ദേഹത്തെ തെറിപ്പിച്ചതോടെ ഭരണകാര്യങ്ങൾ വീണ്ടും സി.ഐ.ടി.യു. യൂണിയന്റെ നിയന്ത്രണത്തിലായി. അദർ ഡ്യൂട്ടിയുടെ പേരിൽ, ജോലിചെയ്യാതെ ശമ്പളം വാങ്ങിയിരുന്നവരെ തച്ചങ്കരി കൃത്യമായി ജോലിക്കയച്ചിരുന്നു. കോർപറേഷന്റെ വരുമാനം വർധിക്കാനും അത്തരം നടപടികൾ സഹായകമായി. ആവശ്യമുള്ളതിന്റെ നാലിരട്ടിപ്പേർ അദർ ഡ്യൂട്ടിക്കു നിയോഗിക്കപ്പെട്ടതോടെയാണു മുമ്ബു വൻതോതിൽ താൽക്കാലിക ജീവനക്കാരെ നിയമിക്കേണ്ടിവന്നത്. അതു കോർപറേഷനെ നഷ്ടത്തിലേക്കു നയിച്ചു.
തച്ചങ്കരി പടിയിറങ്ങിയതോടെ, ‘വിയർപ്പിന്റെ അസുഖമുള്ള’ കണ്ടക്ടർമാർ വീണ്ടും അദർ ഡ്യൂട്ടി സംഘടിപ്പിച്ച് സ്റ്റേഷൻ മാസ്റ്റർമാരായും ചീഫ് ഓഫീസിലുമൊക്കെ കയറിപ്പറ്റിത്തുടങ്ങി. അദർ ഡ്യൂട്ടിക്കായി മുഖ്യമന്ത്രിയുടെ ഓഫീസ് ആരെയും ശിപാർശ ചെയ്തിട്ടില്ലെന്നിരിക്കേയാണ്, ആ പേരു പറഞ്ഞ് സിറ്റി ഡിപ്പോയിൽ കണ്ടക്ടറെ സ്റ്റേഷൻ മാസ്റ്ററാക്കിയത്. കെ.എസ്.ആർ.ടി.സി.ഇ.എ. (സി.ഐ.ടി.യു) ആഹ്വാനം ചെയ്ത സേവ് കെ.എസ്.ആർ.ടി.സി പ്രചാരണവും ബസ് ഡേയും പൊളിഞ്ഞു പാളീസാവുകയും ചെയ്തു. ഏഴുകോടി രൂപ പ്രതിദിനവരുമാനം ലക്ഷ്യമിട്ടു പ്രചാരണം നടത്തിയിട്ടും കഴിഞ്ഞ ബുധനാഴ്ച കിട്ടിയതു വെറും 5.56 കോടി രൂപ. അതിനു മുമ്ബത്തെ ബുധനാഴ്ച 6.05 കോടിയായിരുന്നു വരുമാനം. തച്ചങ്കരി സി.എം.ഡിയായിരിക്കേ, കഴിഞ്ഞ ജനുവരി ഏഴിനു ലഭിച്ച 8.54 കോടി രൂപയാണു റെക്കോഡ് വരുമാനം. നാലായിരത്തോളം എംപനാൽ ജീവനക്കാർ പുറത്താക്കപ്പെടുകയും ആയിരത്തോളം ബസുകൾ സർവീസ് നടത്താതിരിക്കുകയും ചെയ്ത സാഹചര്യത്തിലായിരുന്നു ആ നേട്ടം.
സമരം നടത്തുന്ന എംപാനൽ ജീവനക്കാരെ തിരിച്ചെടുക്കാമെന്ന് എൽ.ഡി.എഫ്. കൺവീനർ എ. വിജയരാഘവൻ ഇന്നലെ ഉറപ്പുനൽകിയതു ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണ്. ആലുവയിൽ നടന്ന കെ.എസ്.ആർ.ടി.സി.ഇ.എ. സംസ്ഥാനയോഗത്തിൽ എംപാനലുകാർക്ക് അനുകൂലമായ പ്രഖ്യാപനം നടത്താൻ നീക്കമുണ്ടായിരുന്നു. എന്നാൽ, സംഘടനയുടെ മുൻനേതാവ് കെ.കെ. ദിവാകരനെതിരേ എംപനാൽ കൂട്ടായ്മയുടെ ഒരു നേതാവ് പരസ്യവിമർശനം നടത്തിയതോടെ തീരുമാനം നീണ്ടു.
ഇതോടെ സമരം ശക്തമാക്കാനും മുഖ്യമന്ത്രിയുടെ വസതിയിലേക്ക് ഇന്നലെ മാർച്ച് നടത്താനും എംപാനൽകാർ തീരുമാനിച്ചു. ഇതിൽ മുഖ്യമന്ത്രി കടുത്ത അതൃപ്തി പ്രകടിപ്പിച്ചതോടെയാണ് എംപാനലുകാരെ എൽ.ഡി.എഫ്. കൺവീനർ ചർച്ചയ്ക്കു വിളിച്ചത്. അനുകൂലതീരുമാനം ഉണ്ടാകുമെന്ന ഉറപ്പിൽ എംപാനലുകാർ മാർച്ചിൽനിന്നു പിന്മാറുകയും ചെയ്തു. തച്ചങ്കരിയെ തെറിപ്പിക്കാൻ ഒറ്റക്കെട്ടായ തൊഴിലാളി സംഘടനകൾ കോർപറേഷനിൽ ഹിതപരിശോധന അടുത്തതോടെ വീണ്ടും ചേരിതിരിഞ്ഞു തുടങ്ങി. സി.ഐ.ടി.യുവിന്റെ ബസ് ഡേ ആചരണത്തെ വിമർശിച്ച് ഐ.എൻ.ടി.യു.സി. രംഗത്തെത്തി.
ഡ്രൈവേഴ്സ് യൂണിയനും സി.ഐ.ടി.യുവിനോടുള്ള എതിർപ്പ് പരസ്യമാക്കി. ഹിതപരിശോധനയുടെ പശ്ചാത്തലത്തിൽ സി.ഐ.ടി.യുവും എ.ഐ.ടി.യു.സിയും പരസ്പരമകന്നു. കിലോമീറ്റർ വരുമാനം കുറഞ്ഞ 718 കെ.എസ്.ആർ.ടി.സി. ഓർഡിനറി ബസുകളാണ് ഇപ്പോൾ നിരത്തുകളിലുള്ളത്.
കണ്ടക്ടറില്ലാത്തതിനാൽ 800 ബസുകൾ ഡിപ്പോകളിൽ വിശ്രമിക്കുന്നു.