സ്മാര്‍ട്ട് മീറ്റര്‍ സ്ഥാപിക്കുന്നതിലെ തര്‍ക്കം; കേന്ദ്രത്തിൻ്റെ നിര്‍ദേശങ്ങള്‍ അതേപടി നടപ്പിലാക്കരുതെന്ന് കെ.എസ്.ഇ.ബി ഇടത് സര്‍വീസ് സംഘടനകള്‍; വൈദ്യുതിമന്ത്രി യൂണിയന്‍ നേതാക്കളുമായി ഇന്ന് ചര്‍ച്ച നടത്തും
സ്വന്തം ലേഖിക
തിരുവനന്തപുരം: സ്മാര്‍ട്ട് മീറ്റര്‍ സ്ഥാപിക്കാന്‍ കേന്ദ്രം പറഞ്ഞ നിര്‍ദേശങ്ങള്‍ അതേപടി നടപ്പിലാക്കരുതെന്ന് കെ.എസ്.ഇ.ബിയിലെ ഇടത് സര്‍വീസ് സംഘടനകള്‍.
സ്മാര്‍ട്ട് മീറ്റര്‍ സ്ഥാപിക്കുന്നതിലെ പ്രാരംഭ നടപടികള്‍ ആരംഭിച്ചില്ലെങ്കില്‍ കേന്ദ്രസഹായം നഷ്ടപ്പെടുമെന്ന ആശങ്കയിലാണ് വൈദ്യുതിവകുപ്പ്. തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ വൈദ്യുതിമന്ത്രി ഇന്ന് കെ.എസ്.ഇ.ബിയിലെ യൂണിയനുകളുമായി ചര്‍ച്ച നടത്തും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പദ്ധതി പ്രകാരം സ്മാര്‍ട്ട് മീറ്ററില്‍ നിന്നുള്ള വിവരം സെര്‍വറില്‍ ശേഖരിക്കുന്നതും ബില്ല് ചെയ്യുന്നതിനുമുള്ള സംവിധാനം ഒരുക്കേണ്ടത് സ്വകാര്യ കമ്പനിയാണ്. കെ.എസ്.ഇ.ബിയുടെ വിവരശേഖരണം സ്വകാര്യ കമ്പനികളെ ഏല്‍പ്പിക്കുന്നത് ഗുരുതര പ്രത്യാഘാതം ഉണ്ടാക്കുമെന്ന് സംഘടനകള്‍ പറയുന്നു.
മാത്രമല്ല മീറ്ററൊന്നിന് കേന്ദ്ര ധനസഹായമായി കിട്ടുന്ന 450 രൂപയേക്കാള്‍ വലിയ നേട്ടം പദ്ധതി കെ.എസ്.ഇ.ബി നേരിട്ട് നടപ്പാക്കുന്നതിലൂടെ ലഭിക്കുമെന്നും വാദമുണ്ട്.
സ്മാര്‍ട്ട് മീറ്ററുമായി ബന്ധപ്പെട്ട പ്രവര്‍ത്തന റിപ്പോര്‍ട്ട് ഈ മാസം 15ന് സമര്‍പ്പിക്കാന്‍ കേന്ദ്ര ഊര്‍ജമന്ത്രാലയം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. പല സംസ്ഥാനങ്ങളും കാര്യമായ പുരോഗതി വരുത്തിയപ്പോള്‍ കേരളത്തില്‍ ആകെ സ്ഥാപിച്ചത് 805 മീറ്ററുകളാണ്.
അത് കൊച്ചിന്‍ സ്മാര്‍ട്ട് മിഷന്‍ ലിമിറ്റഡാണ് ചെയ്തത്. കെ.എസ്.ഇ.ബി ഒരെണ്ണം പോലും സ്ഥാപിച്ചില്ല. കേന്ദ്ര ഊര്‍ജമന്ത്രാലയം അവസാനമായി അയച്ച കത്തില്‍ സ്മാര്‍ട്ട് മീറ്റര്‍ സ്ഥാപിച്ചില്ലെങ്കില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ട് തടസ്സപ്പെടുത്തുമെന്നാണ് മുന്നറിയിപ്പ്.