കെ.എസ്.ഇ.ബി അസിസ്റ്റന്റ് എഞ്ചിനീയറുടെ ജീവനക്കാരോടുള്ള മോശംപെരുമാറ്റം; ഡി.വൈ.എഫ്.ഐ കൂട്ടിക്കൽ മേഖല കമ്മിറ്റി പ്രതിഷേധം സംഘടിപ്പിച്ചു
സ്വന്തം ലേഖകൻ
കൂട്ടിക്കൽ: കെ.എസ്.ഇ.ബി ഓഫിസിലെ താത്കാലിക ജീവനക്കാരോടുള്ള മോശം പെരുമാറ്റവും, ജോലിയിലെ നിഷ്‌ക്രിയത്വവും തുടർക്കഥ ആകുന്ന അസിസ്റ്റന്റ് എഞ്ചിനീയർക്കെതിരെ ഡി.വൈ.എഫ്.ഐ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു.
ബാത്‌റൂമിൽ പോയി വന്നതിനു ശേഷം താത്കാലിക ജീവനക്കാരിയെ കൊണ്ട് ബാത്‌റൂമിൽ വെള്ളമൊഴിപ്പിക്കുന്നതും, വിവിധ കാരണങ്ങൾ ആരോപിച്ചു ജീവനക്കാരെ മാനസിക സമ്മർദ്ദത്തിലാക്കുന്നതും, കോവിഡ് ബാധിച്ച ജീവനക്കാരെ ആക്ഷേപിക്കുന്നതും അടക്കമുള്ള പ്രവർത്തികളിൽ ഏർപ്പെടുന്ന ഇയാൾ തത്സസ്ഥാനത്തു തുടരാൻ അർഹതയില്ലെന്നും ഉദ്യോഗസ്ഥയ്‌ക്കെതിരെ നടപടി എടുക്കണം എന്നും ഡി.വൈ.എഫ്.ഐ പ്രതിഷേധ സമരത്തിലൂടെ ആവശ്യപ്പെട്ടു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മനുഷ്യത്വരഹിതമായ അസിസ്റ്റന്റ് എഞ്ചിനീയറുടെ പ്രവർത്തികൾ കെ.എസ്.ഇ.ബിയ്ക്കു കളങ്കം വരുത്തിയെന്ന് സമരം ഉദ്ഘാടനം ചെയ്ത കൂട്ടിക്കൽ സി.പി.ഐ (എം) ലോക്കൽ സെക്രട്ടറി പി.കെ സണ്ണി പറഞ്ഞു.
ഡി.വൈ.എഫ്.ഐ മേഖല പ്രസിഡന്റ് സുധീഷ് സുരേഷ് അധ്യക്ഷത വഹിച്ച യോഗത്തിൽ മേഖലാ സെക്രട്ടറി സുജിത്ത് എം.എസ് സ്വാഗതവും മേഖലാ കമ്മറ്റി അംഗം ബിലാൽ പി എസ് നന്ദിയും പറഞ്ഞു.
ഈ വിഷയത്തിൽ നടപടി ഉണ്ടാകും വരെ സമരം കൂടുതൽ ശക്തമാക്കാനാണ് ഡി.വൈ.എഫ്.ഐ തീരുമാനം.