ജീവനക്കാരെ മർദ്ദിച്ചാൽ കടുത്ത നടപടിയെന്ന് കെഎസ്ഇബി യുടെ മുന്നറിയിപ്പ്

ജീവനക്കാരെ മർദ്ദിച്ചാൽ കടുത്ത നടപടിയെന്ന് കെഎസ്ഇബി യുടെ മുന്നറിയിപ്പ്

സ്വന്തം ലേഖിക

തിരുവനന്തപുരം: വൈദ്യുതി തടസ്സപ്പെട്ടതിന്റെ പേരിൽ ചീത്തവിളിയും മർദ്ദനമുറകളുമായി ഓഫീസിലേക്കെത്തുന്ന പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി കെഎസ്ഇബി. തങ്ങളുടെ ജോലി തടസ്സപ്പെടുത്തുകയോ ജീവനക്കാരെ മർദ്ദിക്കുകയോ ചെയ്താൽ ലഭിക്കാനിടയുള്ള ശിക്ഷയെക്കുറിച്ച് കെ.എസ്.ഇ.ബി ഫേസ്ബുക്ക് പോസ്റ്റിലൂടെ ഓർമ്മപ്പെടുത്തിയിരിക്കുകയാണ്.പൊതുജനങ്ങളുടെ ശ്രദ്ധയ്ക്ക് എന്ന തലക്കെട്ടോടെയാണ് ഫേസ്ബുക്ക് പോസ്റ്റ്. കെ.എസ്.ഇ.ബി ജീവനക്കാരെ ജോലി ചെയ്യുന്നതിൽ നിന്ന് തടസ്സപ്പടുത്തിയാൽ 3 മാസം തടവും പിഴയും ശിക്ഷയായി ലഭിക്കുമെന്ന് പോസ്റ്റിൽ പറയുന്നു. ജീവനക്കാരെ മർദ്ദിച്ചാൽ ലഭിക്കുന്ന ശിക്ഷ എന്താണെന്നും ഓഫീസിൽ അതിക്രമിച്ചു കയറി വസ്തുവകകൾ നശിപ്പിച്ചാൽ എന്ത് ശിക്ഷ ലഭിക്കുമെന്നുമെല്ലാം വകുപ്പുകൾ സഹിതം വിശദമാക്കിയിട്ടുണ്ട്. ഫേസ്ബുക്ക് പോസ്റ്റിനെ പ്രതികൂല കമന്റുകൾ കൊണ്ട് നിറയ്ക്കുകയാണ് ഉപഭോക്താക്കൾ. വിളിച്ചാൽ ഫോണെടുക്കാതിരിക്കുക, ഉപഭോക്താക്കളോട് അപമര്യാദയായി പെരുമാറുക, കൃത്യമായി ജോലി ചെയ്യാതിരിക്കുക എന്നിവയൊക്കെ ഏതു വകുപ്പിൽ വരുന്ന കുറ്റമാണെന്ന് വ്യക്തമാക്കണമെന്നാണ് പലരും ആവശ്യപ്പെട്ടിരിക്കുന്നത്. നന്നായി ജോലി ചെയ്താൽ ആരും ചീത്തവിളിയുമായി വരില്ലല്ലോ എന്നും പലരും അഭിപ്രായപ്പെടുന്നുണ്ട്.