കോട്ടയം മഹാലക്ഷ്മി സിൽക്ക്‌സിന്റെ വൈദ്യുതി കുടിശിക 1.17 കോടി; അഗ്നി സ്റ്റീൽസ് നൽകാനുള്ളത് ഏഴു കോടിയ്ക്ക് മുകളിൽ: മംഗളം ദിനപത്രം നൽകാനുള്ളത് ഒരു കോടി; മാതൃഭൂമിയും മനോരമയും പട്ടികയിലുണ്ട്; വൻകിടക്കാരുടെ വൈദ്യുതി കുടിശികയെ തൊടാൻ മടിച്ച് കെ.എസ്.ഇ.ബി: സാധാരണക്കാരൻ നൂറ് രൂപ അടയ്ക്കാൻ മറന്നാൽ ഫ്യൂസ് ഊരുന്ന കെ.എസ്.ഇ.ബിയ്ക്ക് ഇവരെ തൊടാൻ കൈവിറയ്ക്കും; വമ്പൻമാരുടെ തട്ടിപ്പിന്റെ രണ്ടാം പട്ടിക തേർഡ് ഐ ന്യൂസ് ലൈവിന്
ഏ കെ ശ്രീകുമാർ
കോട്ടയം: പാവപ്പെട്ട കൂലിപ്പണിക്കാരന്റെ വീട്ടിൽ രണ്ടു രൂപ വൈദ്യുതി കുടിശികയായാൽ ഫ്യൂസ് ഊരി ഇരുട്ടിലാക്കുന്ന കെ.എസ്.ഇബിയ്ക്ക് വൻകിട വമ്പൻമാരെ തൊടാൻ മടി. ഒരു കോടി പതിനേഴ് ലക്ഷം രൂപ വൈദ്യുതി ബിൽ അടയ്ക്കാനുള്ള മഹാലക്ഷ്മി സിൽക്ക്‌സിനെ തൊടാൻ കെ.എസ്.ഇ.ബിയ്ക്ക് മടിയാണ്. തൊട്ടാൽ കൈവിറയ്ക്കും. കേസും കൂട്ടവും, ഒത്തു തീർപ്പും ഒന്നുമില്ലാതെ ഇവർ അടയ്ക്കാൻ ബാക്കിയായ വൈദ്യുതി ബിൽ തുകയാണ് ഇത്. എന്തുകൊണ്ട് ഈ തുക പിരിക്കുന്നില്ലെന്ന് ചോദിച്ചാൽ കെ.എസ്.ഇ.ബി അധികൃതർക്ക് കൃത്യമായ ഉത്തരം നൽകാൻ സാധിക്കുന്നില്ല. പേരു കേട്ട മാധ്യമ സ്ഥാപനമായ മാതൃഭൂമി പ്രിന്റിംഗ് ആൻഡ് പബ്ലിഷിംഗ് ലിമിറ്റഡിന്റെ കൊച്ചി ഓഫിസും അടയ്ക്കാനുണ്ട് 74.75 ലക്ഷം രൂപയുടെ വൈദ്യുതി ബിൽ.
ബില്ലടയ്ക്കാതിരിക്കാൻ സംഭവം കോടതിയിൽ എത്തിച്ച് ഒത്തു തീർപ്പിനു ശ്രമിക്കുകയാണ് കമ്പനി അധികൃതർ.
കോട്ടയത്തെ വമ്പൻ പത്രസ്ഥാപനമായ മംഗളം ദിനപത്രത്തിന്റെ മംഗളം പബ്ലിക്കേഷൻ അടയ്ക്കാനുള്ള വൈദ്യുതി കുടിശിക കേട്ടാൽ ആരും ഞെട്ടും. ഒരു കോടി മൂന്നു ലക്ഷം രൂപയാണ് വൈദ്യുതി കുടിശിക ഇനത്തിൽ ഇവർ അടയ്ക്കാനുള്ളത്. എം.സി റോഡിൽ നിന്ന് ഒരു പടി അകത്തേയ്ക്ക് വച്ചാൽ മംഗളത്തിന്റെ ഫ്യൂസ് ഊരാം. പക്ഷേ, കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരുടെ മുട്ട് ഒന്ന് ഇടിക്കും. പത്രത്തിന്റെ കരുത്തിൽ പേനത്തുമ്പിൽ വിറപ്പിച്ച് നിർത്തിയിരിക്കുകയാണ് മംഗളം വൈദ്യുതി വകുപ്പിനെ. മംഗളത്തിന്റെ 1.03 കോടി രൂപയിൽ, 1.01 കോടി രൂപയും കേസിൽ കിടക്കുന്നതാണ്. തിരുവനന്തപുരം മംഗളം പബ്ലിക്കേഷൻസും ആവശ്യത്തിന് കുടിശികയാക്കിയിട്ടുണ്ട്. 3.14 ലക്ഷം രൂപയാണ് മംഗളത്തിന്റെ കുടിശിക തുക. കോടികളുടെ വരുമാനമുള്ള മലയാള മനോരമ പാലക്കാട് യൂണിറ്റിനും വൈദ്യുതി കുടിശികയുണ്ട്. 8311 രൂപയാണ് മലയാള മനോരമയുടെ വൈദ്യുതി കുടിശിക. കോടികൾ മുടക്കി സുപ്രീം കോടതിയിൽ കേ്‌സ് നടത്തുന്ന നികേഷ് കുമാറിന്റെ റിപ്പോർട്ടർ ചാനലിനുമുണ്ട് ലക്ഷങ്ങളുടെ വൈദ്യുതി കുടിശിക. സർക്കാരും മന്ത്രിമാരും ഒരു ഭരണവും തന്നെ പോക്കറ്റിലുള്ളപ്പോൾ നികേഷ് കുമാറിനും ചാനലിനും എന്ത് പേടിക്കാൻ. 48.36 ലക്ഷം രൂപയുടെ വൻ കുടിശികയുമായി ഇപ്പോഴും കമ്പനി പ്രവർത്തിക്കുന്നു.
അഗ്നി സ്റ്റീൽസ് എന്ന വൻകിട കോർപ്പറേറ്റ് കമ്പനി നൽകാനുള്ളത് 7.88 കോടി രൂപയാണ്. ഒരു രൂപയ്ക്കു പോലും കേസ് കൊടുക്കാത്ത കമ്പനി ഇപ്പോഴും സുഖമായി പ്രവർത്തിക്കുന്നു. ഒരു രൂപയുടെ പോലും വൈദ്യുതി ബിൽ അടയ്ക്കാതെ.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എയർടെൽ 43 ലക്ഷം രൂപയും, ഐഡിയ സെല്ലുലാർ ലിമിറ്റഡ് 33,426 രൂപയും, വാഗമണ്ണിലെ എം.എം.ജെ പ്ലാന്റേഷൻ 37.13 ലക്ഷം രൂപയും കുടിശിക ഇനത്തിൽ നൽകാനുണ്ട്. കോട്ടമല എസ്്‌റ്റേറ്റ് 27.67 ലക്ഷം രൂപ നൽകാനുള്ളപ്പോൾ, മുത്തൂറ്റ് സ്‌കൈചെഫ് 27.30 ലക്ഷം രൂപയുടൈ കുടിശിക നൽകാനുണ്ട്. എന്നാൽ, മുത്തൂറ്റ് സ്‌കൈ ചെഫാകട്ടെ ഈ കുടിശിക തുകയ്ക്ക് കേസ് നൽകി ഇളവ് സ്വന്തമാക്കിയിരിക്കുകയാണ്.
വീട്ടിൽ സ്വർണം വച്ചിട്ട് എന്തിനാണ് നാട്ടിൽ തേടി നടക്കുന്നതെന്ന് ചോദിക്കുന്ന മണപ്പുറം ഫിനാൻസിന്റെ വലപ്പാട് തൃശൂർ ശാഖയിൽ 26.29 ലക്ഷം രൂപയാണ് വൈദ്യുതി ബിൽ കുടിശിക. കയ്യിലിരിക്കുന്ന സ്വർണം പണയം വച്ചിട്ട് പോലും ബില്ലടയ്ക്കാൻ കമ്പനി തയ്യാറല്ല. കോട്ടയം ഡിസി ബുക്ക്‌സ് 21.69 ലക്ഷവും, റിലയൻസ് റീട്ടെയിൽ ശൃഖല 21.66 ലക്ഷം രൂപയും കുടിശിക ഇനത്തിൽ അടയ്ക്കാനുണ്ട്. തിരുവല്ല രാജൻ ജുവലേഴ്‌സിന്റെ വൈദ്യുതി കുടിശിക 10.60 ലക്ഷം രൂപയാണ്. അഴിമതിയും കെടുകാര്യസ്ഥതയും അവസാനിപ്പിക്കുക എന്ന ലക്ഷ്യവുമായി 20-20 എന്ന സംഘടനയുണ്ടാക്കി കിഴക്കമ്പലം പഞ്ചായത്ത് തന്നെ ഭരിക്കുന്ന കിറ്റക്‌സ് ഗ്രൂപ്പ് കെ.എസ്.ഇബിയ്ക്ക് കൊടുക്കാനുണ്ട് 10.49 ലക്ഷം രൂപ. കോട്ടയം കരിക്കിനേത്ത് സിൽക്ക്‌സ് നൽകാനുള്ളത് 9.31 ലക്ഷം രൂപയാണ്. കോട്ടയ്ക്കൽ സീമാസ് വെഡിംഗ് കളക്ഷൻസ് 9.20 ലക്ഷവും, കോഴിക്കോട് പി.വിഎസ് ഫിലിം സിറ്റി 9.11 ലക്ഷവും , പാലാ ഐശ്വര്യ ടെക്‌സ്റ്റൈൽസ് 8.81 ലക്ഷവും നൽകാനുണ്ട്.
കോട്ടയത്തെ ഹോട്ടൽ ഐഡ വൈദ്യുതി കുടിശിക ഇനത്തിൽ നൽകാനുള്ളത് 94,144 രൂപയാണ്. സാമൂഹ്യ സേവന പ്രവർത്തനത്തിൽ തല്പരയായ അമൃതാനന്ദമയിയുടെ അമൃത ആയുർവേദ മെഡിക്കൽ കോളേജിനു പക്ഷേ, വൈദ്യുതി ബിൽ അടയ്ക്കുന്നതിൽ അത്ര താല്പര്യമില്ല. 6.06 ലക്ഷം രൂപയുടെ വൈദ്യുതി കുടിശിക അടയ്ക്കുന്നതിനെതിരെ കേസ് നൽകിയിരിക്കുകയാണ് ഈ ദൈവം. കോട്ടയം മാൾ ഓഫ് ജോയിയും നൽകാനുണ്ട് 42,601 രൂപ.
സംസ്ഥാനത്തെ 1320 വൻകിട സ്വകാര്യ കമ്പനികളെല്ലാം കൂടി വൈദ്യുതി വകുപ്പിന് നൽകാനുള്ളത് 237.16 കോടി രൂപയാണ്. ഇവർ കേസ് നൽകി തടഞ്ഞു വച്ചിരിക്കുന്ന തുക കൂടി പരിഗണിച്ചാൽ കുടിശിക തുക 450.71 കോടി വരുമെന്നാണ് തേർഡ് ഐ ന്യൂസ് ലൈവ് നൽകിയ വിവരാവകാശ രേഖയിൽ നിന്നു വ്യക്തമാകുന്നത്. സാധാരണക്കാരെ ഊറ്റിപ്പിഴിഞ്ഞ് കോടികൾ സ്വന്തമാക്കുന്ന വമ്പൻമാരെ കുടുക്കാൻ മണിയാശാന്റെ ഇരട്ടച്ചങ്ക് പോരാതെ വരും. അഞ്ഞൂറ് കോടിയ്ക്കടുത്ത് വൻകിടക്കാൻ ഇട്ട് അമ്മാനമാടുമ്പോഴാണ് സാധാരണക്കാരെ പിഴിയാൻ വീണ്ടും വൈദ്യുതി ചാർജ് വർധിപ്പിക്കാൻ സർക്കാർ ഒരുങ്ങുന്നത്. സാധാരണക്കാരെ പിഴിയാതെ ഈ വമ്പൻമാരിൽ നിന്നും തുക പിരിച്ചെടുക്കണമെന്നതാണ് സാധാരണക്കാരായ ജനങ്ങളുടെ ആവശ്യം.