ഇന്‍സ്റ്റഗ്രാമിലും ഫെയ്‌സ്ബുക്കിലും സിനിമ നിര്‍മാതാവെന്ന പേരിൽ പ്രൊഫൈല്‍; ആകര്‍ഷകമായി റീല്‍സ് ചെയ്ത് യുവതികളെ വശത്താക്കും; സിനിമാ ചര്‍ച്ചകള്‍ക്കെന്ന പേരില്‍ പലയിടങ്ങളിലും എത്തിച്ച് പീഡനം; ഒടുവിൽ ഭീഷണിപ്പെടുത്തി പണവും സ്വര്‍ണാഭരണങ്ങളും തട്ടിയെടുത്ത് സ്ഥലംവിടും; കോട്ടയം സ്വദേശി കൃഷ്ണരാജിന്റെ വലയില്‍ കുടുങ്ങിയത് സമ്പന്ന കുടുംബങ്ങളിൽ നിന്നടക്കമുള്ള നിരവധി യുവതികള്‍
തിരുവനന്തപുരം: ആറ്റിങ്ങലില്‍ സിനിമാ നിര്‍മാതാവ് ചമഞ്ഞ് തട്ടിപ്പു നടത്തിയ കോട്ടയം സ്വദേശി കൃഷ്ണരാജിന്റെ വലയില്‍ കുടുങ്ങിയത് സമ്പന്ന കുടുംബങ്ങളിൽ നിന്നടക്കമുള്ള യുവതികള്‍.
ആറ്റിങ്ങല്‍ സ്വദേശിനിയുടെ പരാതിയില്‍ അറസ്റ്റ് ചെയ്ത കോട്ടയം കൊടുങ്ങൂര്‍ വാഴൂര്‍ പരിയാരത്ത് വീട്ടില്‍ കൃഷ്ണരാജി(24)നെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
സമൂഹമാധ്യമങ്ങളിലൂടെ സ്ത്രീകളുമായി സൗഹൃദമുണ്ടാക്കി ലൈംഗികമായി പീഡിപ്പിക്കുകയും പണവും സ്വര്‍ണാഭരണങ്ങളും തട്ടിയെടുക്കുകയുമാണ് ഇയാളുടെ രീതിയെന്നു പൊലീസ് പറയുന്നു. സമ്പന്ന കുടുംബങ്ങളിലെ യുവതികളെയാണ് ഇയാള്‍ പ്രധാനമായും ലക്ഷ്യമിട്ടിരുന്നത്.
സിനിമ നിര്‍മാതാവാണെന്നു കാണിച്ച് ഇന്‍സ്റ്റഗ്രാമിലും ഫെയ്‌സ്ബുക്കിലും പ്രൊഫൈല്‍ തയാറാക്കി സിനിമാ മോഹം നല്‍കിയാണ് യുവതികളെ വലയില്‍ വീഴ്ത്തുന്നത്. ആകര്‍ഷകമായി റീല്‍സ് ചെയ്ത് യുവതികളെ വശത്താക്കും. പിന്നീട് സൗഹൃദത്തിന്റെ മറവില്‍ സിനിമാ ചര്‍ച്ചകള്‍ക്കെന്ന പേരില്‍ പലയിടങ്ങളിലും എത്തിച്ച് ലൈംഗികമായി പീഡിപ്പിക്കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടര്‍ന്ന് ദൃശ്യങ്ങള്‍ പകര്‍ത്തി അത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണവും സ്വര്‍ണാഭരണങ്ങളും തട്ടിയെടുത്ത് സ്ഥലംവിടും.
അടുത്തിടെ, തന്നെ പലയിടങ്ങളിലും കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചെന്നും തുടര്‍ന്നു ഭീഷണിപ്പെടുത്തി അഞ്ചുലക്ഷം രൂപയും എട്ടുപവന്റെ സ്വര്‍ണാഭരണങ്ങളും വാങ്ങി കടന്നുകളഞ്ഞെന്നും ആറ്റിങ്ങല്‍ മുദാക്കല്‍ സ്വദേശിനി റൂറല്‍ ജില്ലാ പൊലീസ് മേധാവിക്കു പരാതി നല്‍കി. തുടര്‍ന്ന് ആറ്റിങ്ങല്‍ പൊലീസ് പ്രത്യേക സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്.
കണ്ണൂര്‍ സ്വദേശിയായ യുവതിയുമായി ഇയാള്‍ക്ക് അടുപ്പമുണ്ടെന്ന് പൊലീസ് കണ്ടെത്തി. തലശേരിയില്‍ യുവതിക്കൊപ്പം ഇയാള്‍ ഉണ്ടെന്ന് തിരിച്ചറിഞ്ഞ പൊലീസ് സംഘം അവിടെയെത്തി പിടികൂടുകയായിരുന്നു. സമൂഹമാധ്യമ അക്കൗണ്ടുകള്‍ പരിശോധിച്ചാണ് പ്രതി എവിടെയുണ്ടെന്ന് പൊലീസ് കണ്ടെത്തിയത്.
ആഴ്ചതോറും ഫോണും സിമ്മും മാറ്റിയാണ് കൃഷ്ണരാജ് തട്ടിപ്പു നടത്തിയിരുന്നതെന്നും ഇയാള്‍ വീസാത്തട്ടിപ്പും നടത്തിയെന്നും പൊലീസ് കണ്ടെത്തി. യൂറോപ്യന്‍ രാജ്യങ്ങളിലേക്കു ജോലിക്കും പഠനകാര്യങ്ങള്‍ക്കുമായി വീസ നല്‍കാമെന്നു പറഞ്ഞും സിനിമയില്‍ അവസരം നല്‍കാമെന്നു പറഞ്ഞും കൃഷ്ണരാജ് പലരില്‍നിന്നും പണം തട്ടിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.