ഐസ് അത്ര കൂളല്ല, മഞ്ഞപ്പിത്തം വ്യാപകമായി പടരുന്നു, ജില്ലയിൽ പരിശോധന കർശനമാക്കി, ഐസ് ഫാക്ടറികൾ കേന്ദ്രീകരിച്ച് കൂടുതൽ പരിശോധന, 10 കടകള്‍ പൂട്ടി, 56 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്
കോഴിക്കോട്: ജില്ലയിൽ അസുഖങ്ങൾ പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ പരിശോധന ശക്തമാക്കി ഭക്ഷ്യസുരക്ഷവകുപ്പും കോർപ്പറേഷനും. പ്രില്‍ മുതല്‍ കഴിഞ്ഞ ദിവസം വരെ 228 ഇടങ്ങളിലാണ് ഭക്ഷ്യസുരക്ഷാ പരിശോധന നടത്തിയത്.
വൃത്തിഹീനമായി പ്രവർത്തിച്ചിരുന്ന 56 സ്ഥാപനങ്ങള്‍ക്ക് പിഴ നോട്ടീസ് നല്‍കി. 10 കടകള്‍ പൂട്ടിക്കുകയും 28 കടകള്‍ക്ക് തിരുത്തല്‍ നോട്ടീസ് നല്‍കുകയും ചെയ്തു. ജില്ലയിലുടനീളം അഞ്ച് സ്‌ക്വാഡുകളായാണ് പരിശോധന തുടരുന്നത്. ഐസ്‌ക്രീം, കുടിവെള്ള യൂണിറ്റുകള്‍, ഐസ് ഫാക്ടറികള്‍, പഴം, പച്ചക്കറി സ്റ്റാളുകള്‍, ജ്യൂസ് സ്റ്റാളുകള്‍, ശീതളപാനീയങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍, വഴിയോരക്കടകള്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങൾ ഒന്നുംപോലും വിടാതെയാണ് പരിശോധന.
ഓപ്പറേഷൻ കൂള്‍ എന്ന പേരില്‍ മാർച്ച് പകുതിയോടെ കോർപ്പറേഷൻ ആരോഗ്യവിഭാഗം ആരംഭിച്ച പരിശോധനയില്‍ ന്യൂനതകള്‍ കണ്ടെത്തിയ 12 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. കുടിവെള്ളത്തില്‍ ഉപയോഗിക്കുന്ന ഐസ്, മത്സ്യങ്ങളില്‍ ഉപയോഗിക്കുന്ന ഐസ് എന്നിങ്ങനെ വേർതിരിച്ചാണ് ഐസ് ഫാക്ടറികളിലെ പരിശോധന നടക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കൂടാതെ ഹോട്ടല്‍, കൂള്‍ബാറുകള്‍ തുടങ്ങിയ ഇടങ്ങളിലും പരിശോധന തുടരുകയാണ്. ഐസ് ഒരതി കച്ചവടം ഒരുമാസത്തേക്ക് ജില്ലയില്‍ നിരോധിച്ചെങ്കിലും ഐസ് ഫാക്ടറികളിലെ പരിശോധനയില്‍ ന്യൂനതകളില്ലെന്ന് കണ്ടെത്തിയതോടെ ഇവ പ്രവർത്തിക്കാൻ അനുമതി നല്‍കിയിട്ടുണ്ട്. ആരോഗ്യ വകുപ്പിന്റെ കണക്കു പ്രകാരം കഴിഞ്ഞ മാസത്തില്‍ അമ്പതോളം പേർക്കാണ് ജില്ലയില്‍ മഞ്ഞപ്പിത്തം ബാധിച്ചത്.
കഴിഞ്ഞ ദിവസം വേളം സ്വദേശിയായ ആരോഗ്യപ്രവർത്തക മരണപ്പെട്ടിരുന്നു. കഴിഞ്ഞ രണ്ട് മാസ കാലയളവില്‍ മഞ്ഞപ്പിത്തം ബാധിച്ച് മൂന്ന് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. വിവിധ പ്രദേശങ്ങളിലായി നൂറിലേറെ പേർ വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയിട്ടുണ്ട്. ഒളവണ്ണ പഞ്ചായത്തില്‍ ഒരേ സമയം 40 പേർക്കാണ് മഞ്ഞപ്പിത്തം ബാധിച്ചത്.
മല-മൂത്ര വിസർജനത്തിലൂടെയും വായിലൂടെയും പകരുന്ന വൈറല്‍ ഹെപ്പറ്റൈറ്റിസ് എ വിഭാഗത്തില്‍പെട്ട മഞ്ഞപ്പിത്തമാണ് കൂടുതലായും റിപ്പോർട്ട് ചെയ്യുന്നത്. ഇടവിട്ട് മഴ പെയ്യാൻ തുടങ്ങിയതോടെ രോഗം വ്യാപകമാകുമെന്ന ഭീതിയും ഒഴിയുന്നില്ല. രോഗ ലക്ഷണങ്ങള്‍ കണ്ടാലുടൻ തന്നെ അടുത്തുള്ള ആരോഗ്യകേന്ദ്രത്തിലെ ഡോക്ടറുടെ സേവനം തേടണമെന്നാണ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ മുന്നറിയിപ്പ്.