പോലീസ് ഉദ്യോഗസ്ഥരുടെ കൃത്യനിർവഹണം തടയുകയും ആക്രമിക്കുകയും ചെയ്ത സംഭവം: കള്ളകേസെന്ന് പ്രതിഭാഗം, ഒടുവിൽ പ്രതിചേർക്കപ്പെട്ടവരെ വെറുതെ വിട്ട് കോടതി
കോഴിക്കോട്: പോലീസിന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനും ദേഹോപദ്രവം ഏല്‍പ്പിച്ചതിനും അറസ്റ്റ് ചെയ്ത് കേസെടുത്ത സംഭവത്തില്‍ പ്രതിചേര്‍ക്കപ്പെട്ടവരെ കോടതി വെറുതെ വിട്ടു.
കോഴിക്കോട് എളേറ്റില്‍ വട്ടോളി ചെറ്റക്കടവ് പുതിയോട്ടില്‍ ബിജു, കായല്‍ മൂലക്കല്‍ രാജേഷ് എന്നിവരെയാണ് താമരശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി കുറ്റവിമുക്തരാക്കിയത്.
2017 ഡിസമ്ബര്‍ 31നാണ് കേസിനാസ്പദമായ സംഭവം. പുതുവത്സരത്തിന്‍ മുന്‍പുള്ള ദിവത്തില്‍ കൊടുവള്ളി പൊലീസ് സബ് ഇന്‍സ്പക്ടറും സംഘവും പട്രോളിംഗ് നടത്തുന്നതിനിടയില്‍ എളേറ്റില്‍ വട്ടോളിയില്‍ വെച്ച് ഇരുവരും ജൂനിയര്‍ സബ് ഇന്‍സ്‌പെക്ടറുടെ കഴുത്തിന് പിടിച്ച് അടിക്കുകയും യൂണിഫോം ഷര്‍ട്ട് പിടിച്ച് വലിക്കുകയും ചെയ്തു. പോലീസിന്റെ ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയതിനാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കൊടുവള്ളി പോലീസ് ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരെ സാക്ഷികളായി പ്രോസിക്യൂഷന്‍ ഭാഗം വിസ്തരിക്കുകയും ഏഴ് രേഖകളും, തൊണ്ടിമുതലായി യൂണിഫോം ഷര്‍ട്ടും കോടതിയില്‍ ഹാജരാക്കുകയും ചെയ്തിരുന്നു.
അതേസമയം യാതൊരു അടിസ്ഥാനവുമില്ലാതെ പ്രതികളെ കള്ളക്കേസില്‍ കുടുക്കിയതാണെന്നായിരുന്നു പ്രതിഭാഗം അഭിഭാഷകന്റെ വാദം. പ്രതികള്‍ക്ക് വേണ്ടി അഡ്വക്കറ്റ് കെപി ഫിലിപ്പ് കോടതിയില്‍ ഹാജരായി.