കൊവിഡ് ബാധിച്ച് മരിച്ചയാളുടെ സംസ്‌കാരം തടഞ്ഞ കോട്ടയത്ത് മാതൃകയായി മറ്റൊരു കൊവിഡ് ബാധിതന്റെ സംസ്‌കാരം: അയ്മനത്ത് കൊവിഡ് പ്രതിരോധം തീർത്ത് കൊവിഡ് ബാധിതന്റെ സംസ്‌കാരം നടത്തിയത് നാട്ടുകാർ; നേതൃത്വം നൽകി സി.പി.എം നേതാവ് വി.എൻ വാസവൻ

കൊവിഡ് ബാധിച്ച് മരിച്ചയാളുടെ സംസ്‌കാരം തടഞ്ഞ കോട്ടയത്ത് മാതൃകയായി മറ്റൊരു കൊവിഡ് ബാധിതന്റെ സംസ്‌കാരം: അയ്മനത്ത് കൊവിഡ് പ്രതിരോധം തീർത്ത് കൊവിഡ് ബാധിതന്റെ സംസ്‌കാരം നടത്തിയത് നാട്ടുകാർ; നേതൃത്വം നൽകി സി.പി.എം നേതാവ് വി.എൻ വാസവൻ

തേർഡ് ഐ ബ്യൂറോ

കോട്ടയം: കൊവിഡ് ബാധിച്ച് മരിച്ചയാളുടെ സംസ്‌കാരം തടഞ്ഞ കോട്ടയത്തിന്റെ മണ്ണിൽ മാതൃകയായി അയ്മനത്തെ ഒരു പറ്റം യുവാക്കൾ. കൊവിഡ് ബാധിച്ചു മരിച്ച യുവാവിന്റെ സംസ്‌കാരം സമ്പൂർണമായും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടത്തിയാണ് അയ്മനത്തെ യുവാക്കളും നാട്ടുകാരും മാതൃകയായത്. അയ്മനം ചിറ്റക്കാട്ട് കോളനിയിൽ മരിച്ച അമലിന്റെ മൃതദേഹമാണ് സമ്പൂർണ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തിയത്. എല്ലാത്തിനും ചുക്കാൻ പിടിച്ച് നാട്ടുകാരെ ബോധവത്കരിക്കാനും സംസ്‌കാരത്തിന് നേതൃത്വം കൊടുക്കാനും അഭയം ചാരിറ്റബിൾ സൊസൈറ്റി ചെയർമാൻ വി.എൻ വാസവൻ തന്നെ മുന്നിലുണ്ടായിരുന്നു.

കഴിഞ്ഞ ദിവസമാണ് അയ്മനം കുടയംപടി ചിറ്റക്കാട്ട് കോളനിയിൽ സി.ആർ അമലി (21)നെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്നു നാട്ടുകാർ വിവരം അറിയിച്ചതോടെ സ്ഥലത്ത് എത്തിയ പൊലീസ് സംഘം കൊവിഡ് മാനദണ്ഡങ്ങൾ എല്ലാം പാലിച്ച് മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കു മാറ്റി. തുടർന്നു, ഇവിടെ നടത്തിയ കൊവിഡ് പരിശോധനയിലാണ് അമൽ കൊവിഡ് പോസിറ്റീവാണ് എന്നു കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ദിവസം കോട്ടയം നഗരത്തിൽ ചുങ്കത്ത് മരിച്ചയാളുടെ മൃതദേഹം മുട്ടമ്പലം വൈദ്യുതി ശ്്്മശാനത്തിൽ സംസ്‌കരിക്കുന്നതിനെതിരെ ബി.ജെ.പി കൗൺസിലർ ടി.എൻ ഹരികുമാറിന്റെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ചിറ്റക്കാട്ട് കോളനിയിൽ മരിച്ച യുവാവിന്റെ സംസ്‌കാരം നടത്താൻ തയ്യാറായി ആരോഗ്യ പ്രവർത്തകർ അടക്കമുള്ളവർ എത്തിയത്.

ഇതിനു മുന്നോടിയായി വി.എൻ വാസവന്റെ നേതൃത്വത്തിൽ, അഭയത്തിന്റെ ഏറ്റുമാനൂർ ഏരിയയിലെ പ്രധാന പ്രവർത്തകരായ സ.കെ.എൻ വേണുഗോപാൽ, സലി, ഷാജി മോൻ, അയ്മനം പഞ്ചായത്ത് പ്രസിഡന്റ് ആലിച്ചൻ, വൈസ് പ്രസിഡന്റ് സാലി ജയചന്ദ്രൻ, വാർഡ് മെമ്പർ ഉല്ലാസ്, പാർട്ടി ലോക്കൽ സെക്രട്ടറി പ്രമോദ് എന്നിവരും പ്രദേശത്തെ വീടുകളിൽ കയറിയിറങ്ങി ബോധവത്കരണം നടത്തി. ഇതോടെയാണ് നാട്ടുകാരുടെ അശങ്കകൾ അകന്നതും മൃതദേഹം ചിറ്റക്കാട്ട് കോളനിയിൽ തന്നെ സംസ്‌കരിക്കുന്നതിനു തീരുമാനം ആയതും.

തുടർന്നു അഭയം ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ സംസ്‌കാരം നടത്തുന്നതിനുള്ള ക്രമീകരണം ഒരുക്കുകയായിരുന്നു. അഭയത്തിന്റെ സംസ്‌കാര യൂണിറ്റും, സന്നദ്ധ പ്രവർത്തകരും കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് സംസ്‌കാര ചടങ്ങുകൾ നടത്തി.

അഭയം ചെയർമാൻ വി.എൻ വാസവന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

ഇന്നലെ ഉച്ചയ്ക്കാണ് ഞങ്ങൾ അയ്മനത്ത് ചിറ്റക്കാട്ട് മരണപ്പെട്ട അമലിന്റെ വസതിയിൽ എത്തുന്നത്. മരണമടഞ്ഞ അമലിന്റെ ശ്രവ പരിശോധനയിൽ കോവി ഡ് പോസിറ്റീവാണെന്ന് അറിഞ്ഞിരുന്നു. സംസ്‌കാരവുമായി ബന്ധപ്പെട്ട പ്രശനം എല്ലാവരിലും ആശങ്ക ഉളവാക്കിയപ്പോഴാണ് സിപിഐ എം നേതൃത്വത്തിലുള്ള അഭയം ചാരിറ്റബിൾ സൊസൈറ്റി ആശ്രയമായി എത്തിയത്.

അഭയത്തിന്റെ ലോക്കൽ കൺവീനറായ സഖാവ് പ്രമോദ് വിളിച്ചതനുസരിച്ച് അഭയത്തിന്റെ ശവസംസ്‌കാര യൂണിറ്റ് എത്തിക്കാമെന്നും അതിനു മുൻപ് പ്രദേശവാസികളെ വിവരങ്ങൾ ധരിപ്പിക്കണമെന്നും ഞാനറിയിച്ചു. അതനുസരിച്ച് പഞ്ചായത്ത് പ്രസിഡന്റ് ആലിച്ചൻ ,പഞ്ചായത്ത് മെമ്പർ ഉല്ലാസ്, പാർട്ടി ലോക്കൽ സെക്രട്ടറി പ്രമോദ്, എല്ലാം ചേർന്ന് പോലീസിന്റെ സഹായത്തോടെ പരിസരവാസികളുമായി ആശയവിനിമയം നടത്തി.

അവരുടെ സമ്മതം ലഭിച്ചു എന്നറിഞ്ഞതോടെ അഭയത്തിന്റെ ശവസംസ്‌കാര യൂണിറ്റ് അങ്ങോട്ട് പോകുവാൻ ഞാൻ നിർദ്ദേശിച്ചു. കോവിഡ് പോസിറ്റീവായവരുടെ മൃതദേഹം സംസ്‌കരിക്കുന്നതിനുള്ള ക്രമീകരണങ്ങൾ സജ്ജമാക്കി അഭയത്തിന്റെ ഏറ്റുമാനൂർ ഏരിയയിലെ പ്രധാന പ്രവർത്തകരായ സ.കെ.എൻ വേണുഗോപാൽ, സലി, ഷാജി മോൻ, പഞ്ചായത്ത് പ്രസിഡന്റ് ആലിച്ചൻ, വാർഡ് മെമ്പർ ഉല്ലാസ്, പാർട്ടി ലോക്കൽ സെക്രട്ടറി പ്രമോദ് എല്ലാവരും ചേർന്ന് ഉച്ചയോടെ അവിടെ എത്തി.

ഞങ്ങൾ ചെല്ലുമ്പോൾ ആ പ്രദേശത്തെ ആളുകളെല്ലാം ആകാംക്ഷയോടെ കാത്തു നിൽക്കുന്നുണ്ടായിരുന്നു. ആളുകളുടെ ഭീതി വീണ്ടും പ്രശ്‌നങ്ങൾക്ക് കാരണമാകുമോ എന്ന ആശങ്ക എന്നെ അലട്ടിയിരുന്നു. കാരണം അത്ര വലിയ എതിർപ്പായിരുന്നു. കോട്ടയത്ത് എം എൽ എയും ഒരു ബി ജെ പി കൗൺസിലറും കാട്ടിക്കൂട്ടിയത്. അതിനെ മറികടന്ന് അവിടെ ശവസംസ്‌കാരം നടത്തേണ്ടി വന്ന അനുഭവത്തിന്റെ വെളിച്ചത്തിലാണ് ഇവിടെ എത്തുന്നത്. അടുക്കിവച്ചതു പോലെ വീടുള്ള സ്ഥലം.

പക്ഷെ അവിടെ ചെന്നു കയറിയപ്പോഴുള്ള ആളുകളുടെ പ്രതികരണം ഏറെ ആശ്വാസം പകരുന്നതും ആ നാടിനോട് ആദരവു പകരുന്നതും ആയിരുന്നു. തികച്ചും സാധാരണക്കാരായ ജനങ്ങൾ പക്ഷെ അവർക്ക് ആശങ്കകളില്ല ,ഭയമില്ല എന്നു മാത്രമല്ല കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ശവസംസ്‌കാരം നടത്തുന്നതിന് പൂർണ്ണ സഹകരണവും സന്നദ്ധതയുമാണ് നാട്ടുകാരുടെ ഭാഗത്തു നിന്നും ഉണ്ടായത്.

കോട്ടയത്ത് അവർ കോവി ഡ് ബാധിച്ചു മരിച്ചയാളുടെ ശവസംസ്‌കാര ചടങ്ങിൽ കാട്ടിയ വികൃതികൾ …. അയ്മനത്തെ സാധാരണ ജനങ്ങൾ കാട്ടിയ സേവന സന്നദ്ധതയും ഉന്നതമായ സാമൂഹിക ബോധവും ആ ജനപ്രതിനിധികളുടെ കണ്ണു തുറപ്പിക്കും എന്ന് പ്രത്യാശിക്കുന്നു.

ഉച്ചയോടുകൂടി ശവസംസ്‌ക്കാരത്തിനുള്ള ക്രമീകരണങ്ങളുമായി അഭയത്തിന്റെ സംസ്‌ക്കാര യൂണിറ്റെത്തി, ആരോഗ്യ പ്രവർത്തകർ എത്തി , അവരുടെ നിർദ്ദേശങ്ങൾക്ക് വിധേയമായി അഭയത്തിന്റെ വോളന്റിയേഴ്‌സ് ശവസംസ്‌കാരചടങ്ങുകൾ കോവിഡ് പ്രോട്ടോകോൾ പാലിച്ച് നടത്തുകയുണ്ടായി. വിവാദങ്ങൾ ഇല്ലാതെ ജനങ്ങളുടെ പൂർണ്ണ സഹകരണത്തോടെ ആ ശവസംസ്‌കാരം നടത്താൻ കഴിഞ്ഞതിൽ ഏറെ അഭിമാനവും ചാരിതാർത്ഥ്യവുമുണ്ട്. ഉന്നതമായ സാമൂഹിക ബോധത്തോടെ അതിൽ സഹകരിച്ച ആ നാട്ടിലെ എല്ലാ വിഭാഗം ആളുകളെയും അഭിനന്ദിക്കുന്നു.

അയ്മനത്തിന് ഏറ്റവും ഉന്നതമായ സാംസ്‌ക്കാരിക പാരമ്പര്യത്തിന് വഴി തെളിച്ചവർ ജീവിച്ചിരിക്കുന്നവരും മൺമറഞ്ഞ വരുമായുണ്ട്. നാടകാചാര്യൻ എൻ എൻ പിള്ള , അയ്മനം കൃഷ്ണ കൈമൾ, കഥകളി ആചാര്യൻ കുടമാളൂർ കരുണാകരൻ നായർ, കലാകേരളത്തിന്റെ അഭിമാനമായ മാത്തൂർ ഗോവിന്ദൻകുട്ടി ആശാൻ . എഴുത്തുകാരനായ അയ്മനം ജോൺ,പ്രശസ്ത പത്രപ്രവർത്തകനായ മാടവന ബാലകൃഷ്ണപിള്ള , പ്രിയപ്പെട്ട വിശ്വൻ ചേട്ടൻ എന്നിവരൊക്കെ കാട്ടിക്കൊടുത്ത സാമൂഹിക സാംസ്‌കാരിക ധാരകൾ ആ പ്രദേശത്തിന്റെ സമീപനത്തിൽ നിന്നും ബോധ്യപ്പെടാൻ കഴിഞ്ഞു. അയ്മനത്തെ ജനങ്ങൾ കാട്ടിയ ഈ സമീപനം നാടിന് മാതൃകയാണ്.