കോവിഡ് മാനദണ്ഡങ്ങൾ എല്ലാം ലംഘിച്ച് വഴിയോരക്കച്ചവടം: വൃത്തിയില്ലാത്ത അന്തരീക്ഷത്തിൽ വീട്ടിലൂണെന്ന പേരിൽ പൊതിച്ചോറും കുടിവെള്ളവും വഴിയരികിലിട്ട് വിൽക്കുന്നു; ഇളവുകൾ മുതലെടുത്ത് അനധികൃത വഴിയോരക്കച്ചവടക്കാർ; പരാതികൾ നൽകിയിട്ടും നടപടിയെടുക്കാതെ അധികൃതർ
തേർഡ് ഐ ബ്യൂറോ
കോട്ടയം: കൊറോണ എന്ന മഹാമാരി ലോകത്തെ മുഴുവൻ ഭയപ്പെടുത്തുകയാണ്. എന്നാൽ, തങ്ങളെ കൊറോണ പിടിക്കില്ലെന്നാണ് കോട്ടയം നഗരത്തിലെ ഒരു വിഭാഗം കരുതുന്നത്. കൊറോണക്കാലത്ത് തോന്ന്യവാസം ഭക്ഷണം വിൽക്കുകയാണ് നഗരത്തിലെ അനധികൃത വഴിയോരക്കച്ചവടക്കാർ. ഭക്ഷണം റോഡരികിൽ പാഴ്സലായി വിൽക്കുന്നത് ശുചിത്വ മാനദണ്ഡങ്ങൾ ഒന്നും പാലിക്കാതെയാണ്. ഭക്ഷണം വിൽക്കുന്നതിനു നിശ്ചയിച്ചു നൽകിയ മാനദണ്ഡങ്ങൾ ഒന്നും പാലിക്കാതെ തന്നെയാണ് ആളുകൾ ഇപ്പോൾ ഈ ഭക്ഷണം വാങ്ങി കഴിക്കുന്നതും.
കോട്ടയം നഗരത്തിൽ ശാസ്ത്രി റോഡിലാണ് വീട്ടിലൂണെന്ന പേരിൽ പ്രധാനമായും ഇത്തരത്തിൽ മാനദണ്ഡങ്ങൾ എല്ലാം ലംഘിച്ച് അനധികൃതമായി പാഴ്സൽ വിൽപ്പന. ശാസ്ത്രി റോഡിൽ ബസ് വെയിറ്റിംങ് ഷെഡിനു സമീപത്തായാണ് കുടനിവർത്തി വച്ച് പ്രധാനമായും ഭക്ഷണപൊതി വിൽക്കുന്നത്. ഇത് എവിടെ നിന്നു വരുന്നു, ആര് ഉണ്ടാക്കുന്നു, ഏത് സാഹചര്യത്തിൽ ഉണ്ടാക്കുന്നു തുടങ്ങിയ ചോദ്യങ്ങൾക്കൊന്നും യാതൊരു ഉത്തരവുമില്ല. ഭക്ഷണം പാകം ചെയ്യുന്ന ആളുകളുടെ ആരോഗ്യ പരിശോധന നടത്തിയിട്ടുണ്ടോ, കൊറോണ പടരാനുള്ള സാഹചര്യത്തിൽ നിന്നാണോ ഭക്ഷണം എത്തിക്കുന്നത് തുടങ്ങിയ ചോദ്യങ്ങൾക്കും മറുപടിയില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ശാസ്ത്രി റോഡിലും, കുര്യൻ ഉതുപ്പ് റോഡിലും, കോടിമതയിലും മണിപ്പുഴയിലും നാലുവരിപ്പാതയിലും നഗരത്തിലെയും ജില്ലയിലെയും വിവിധ പ്രദേശങ്ങളിലും ഇത്തരത്തിൽ അനധികൃതമായി പൊതിച്ചോറും ബിരിയാണിയും വിതരണം ചെയ്യുന്ന സംഘത്തെ കാണാം.
കോടിമത നാലുവരിപ്പാതയിൽ യാതൊരു മാനദണ്ഡവുമില്ലാതെയാണ് ശീതള പാനീയങ്ങളും ചായയും കാപ്പിയും വിൽക്കുന്നത്. ഇവിടെ ഒരാൾ തന്നെ ഉപയോഗിച്ച ഗ്ലാസിലാണ് എല്ലാവർക്കും വെള്ളം നൽകുന്നത്. കൊറോണ മാനദണ്ഡങ്ങൾ എല്ലാം ലംഘിച്ച് ആളുകൾ ഇവിടെ കൂടി നിന്ന് വെള്ളം കുടിക്കുന്നുണ്ട്.
കോടിമത എം.ജി റോഡിലും വിവിധ സ്ഥലങ്ങളിലും ബജിക്കടകളും സജീവമായിട്ടുണ്ട്. പാഴ്സൽ മാത്രമേ ഹോട്ടലുകളിൽ വിൽക്കാനൂ എന്നു സർക്കാരിന്റെ ഉത്തരവ് നിലനിൽക്കുമ്പോൾ സാമൂഹിക അകലം പോലുമില്ലാതെയാണ് ആളുകൾ ഇപ്പോൾ ഈ കടകളിൽ വന്നിരുന്ന് ഭക്ഷണം കഴിക്കുന്നത്. യാതൊരു നിയന്ത്രണങ്ങളും മാനദണ്ഡവുമില്ലാതെ ഇത്തരത്തിൽ ഭക്ഷണം കഴിക്കുന്നവർക്കും, വിതരണം ചെയ്യുന്നവർക്കും എതിരെ യാതൊരു നടപടിയും ഉണ്ടാകുന്നില്ല.
കോടിമത നാലുവരിപ്പാതയിൽ പ്രവർത്തിക്കുന്ന പലതട്ടുകടകളും രാത്രിയിൽ പത്തു മണിവരെയൊക്കെയാണ് പ്രവർത്തിക്കുന്നത്. ഹോട്ടലുകളിൽ ഭക്ഷണവിതരണം രാത്രി ഒൻപത് വരെ മാത്രമാണ് പറഞ്ഞിരിക്കുന്നത്.
നേരത്തെ ഹോട്ടൽ അസോസിയേഷൻ അടക്കമുള്ള സംഘടനകൾ ഇത്തരത്തിലുള്ള അനധികൃത കച്ചവടത്തിനെതിരെ പരാതി നൽകിയിരുന്നു. എന്നാൽ, ഈ പരാതികളിൽ ഒന്നിൽ പോലും കാര്യമായ നടപടികൾ ഇനിയും ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തിൽ സർക്കാരും ജില്ലാ ഭരണകൂടവും, നഗരസഭയും സ്വീകരിക്കുന്ന കൊറോണ പ്രതിരോധ നടപടികൾ ശക്തവും സുരക്ഷിതവുമാകണമെങ്കിൽ വരും ദിവസങ്ങളിൽ ഇത്തരത്തിൽ അനധികൃതമായുള്ള കച്ചവടം പൂർണ്ണമായും ഒഴിവാക്കേണ്ടി വരും.