വാഗ്ദാനം നല്കിയ സേവനം ലഭ്യമായില്ല ; അടിസ്ഥാന സൗകര്യമില്ലാതെയും അശാസ്ത്രീയമായും പ്രവർത്തിച്ച മാനസികാരോഗ്യകേന്ദ്രം, ഉപഭോക്താവിന് ഒന്നരലക്ഷം രൂപ നഷ്ടപരിഹാരം നല്കാൻ കോട്ടയം ജില്ലാ ഉപഭോക്തൃ കമ്മീഷന്റെ ഉത്തരവ്.
കോട്ടയം: വാഗ്ദാനം നല്കിയ സേവനം ലഭ്യമാക്കാതെ, അടിസ്ഥാന സൗകര്യമില്ലാതെയും അശാസ്ത്രീയമായും പ്രവർത്തിച്ച മാനസികാരോഗ്യകേന്ദ്രം ഉപഭോക്താവിന് ഒന്നരലക്ഷം രൂപ നഷ്ടപരിഹാരം നല്കാൻ കോട്ടയം ജില്ലാ ഉപഭോക്തൃ കമ്മീഷന്റെ ഉത്തരവ്.പരിയാരം ലീലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ചങ്ങനാശ്ശേരി മാന്തുരുത്തി സ്വദേശി നല്കിയ പരാതിയിലാണ് പുതുപ്പള്ളി പരിയാരം ലീലാ ഹോസ്പിറ്റല്‍ നഷ്ടപരിഹാരം നല്കാൻ ഉത്തരവിട്ടത്.
മാനസികാസ്വാസ്ഥ്യ ചികിത്സയോടൊപ്പം യോഗയും കൗണ്‍സിലിങ്ങും നല്‍കുമെന്ന വാഗ്ദാനത്തെത്തുടർന്നാണ് പരാതിക്കാരനെ പരിയാരം ലീലാ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ ജയിലിന് സമാനമായ സെല്ലില്‍ അടച്ചിടുകയും ജീവനക്കാരുടെ ഭാഗത്തുനിന്ന് മനുഷ്യത്വരഹിതമായ പെരുമാറ്റം നേരിട്ടതായും പരാതിയില്‍ പറയുന്നു.
ജില്ലാ കളക്ടറുടെ ഉത്തരവിൻമേല് കോട്ടയം ജില്ലാ മെഡിക്കല്‍ ഓഫീസർ സമർപ്പിച്ച അന്വേഷണ റിപ്പോർട്ട് പ്രകാരം സൈക്യാട്രിസ്റ്റിന് റ്റി.സി.എം.സി. രജിസ്ട്രേഷൻ ഇല്ലെന്നും ആശുപത്രിയുടെ പ്രവേശനകവാടത്തില്‍ നായയെ കെട്ടിയിട്ടിരിക്കുന്നതായും കണ്ടെത്തി. മാനസികാരോഗ്യ പ്രശ്നങ്ങളുള്ളവർക്ക് സേവനങ്ങള്‍ നല്കുന്ന ആശുപത്രികളിലെ ജീവനക്കാരുടെ പെരുമാറ്റം ഹൃദ്യമായിരിക്കണമെന്നും രോഗാവസ്ഥ പൂർണമായി ഭേദപ്പെടുത്തി പുനരധിവാസത്തിലൂടെ അവരെ സമൂഹത്തിലെ മറ്റു വ്യക്തികളെപോലെ ജീവിക്കാനുതകുന്ന രീതിയില്‍ മാറ്റിയെടുക്കാൻ പരിശീലനങ്ങളും നിർദ്ദേശങ്ങളും ജീവനക്കാർക്ക് നല്‍കണമെന്നും നിർദ്ദേശം നല്‍കിയിരുന്നു. രോഗികള്‍ക്ക് മാനസിക ഉല്ലാസത്തിന് സംവിധാനങ്ങള്‍ മെച്ചപ്പെടുത്തണമെന്നും അറിയിച്ചിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ലീലാ ആശുപത്രിയുടെ പ്രവർത്തനത്തിലെ അപാകതകള്‍ അടിയന്തരമായി പരിഹരിക്കുന്നതിന് സ്ഥാപന മേധാവിയ്ക്കും ജീവനക്കാർക്കും മെഡിക്കല്‍ ഓഫീസർ നിർദേശം നല്‍കിയിരുന്നു. പ്രസ്തുത അന്വേഷണ റിപ്പോർട്ട് കൂടി പരിഗണിച്ചാണ് ആശുപത്രിയുടെ സേവനന്യൂനതയും അനുചിത വ്യാപാരനയവും മൂലം പരാതിക്കാരനുണ്ടായ മാനസികവ്യഥ കണക്കിലെടുത്ത് പരാതിക്കാരന് ഒന്നര ലക്ഷം രൂപ നഷ്ടപരിഹാരം നല്കാൻ വി.എസ്. മനുലാല്‍ പ്രസിഡന്റും ആർ. ബിന്ദു, കെ.എം. ആന്റോ എന്നിവർ അംഗങ്ങളുമായ കോട്ടയം ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ ഉത്തരവിട്ടത്.