‘വേളാങ്കണ്ണിക്ക് കുടുംബവുമായി പോയ ഗൃഹനാഥനോട് കാർ ‘മകൻ’ കൊണ്ടുപോയ കാര്യം അറിയിച്ച്,സെക്യൂരിറ്റിക്കാരൻ , ഇതോടെ ഗൃഹനാഥൻ പൊട്ടിത്തെറിച്ചു. മകൻ തന്റെ കൂടെ ഉണ്ടായിരുന്നെന്നും വേളാങ്കണ്ണിക്ക് പോയ മകനെങ്ങനെ കാറുമായിപോയിട്ട് തിരിച്ചെത്തിയെന്നുമുള്ള ചോദ്യത്തില്‍ കുഴഞ്ഞ് സെക്യൂരിറ്റി’; കോട്ടയത്തെ കാറുകഥയിലെ ട്വിസ്റ്റ് ഇങ്ങനെ
കോട്ടയം: തീർഥയാത്രപോയ കുടുംബത്തിന്റെ കാറുമായി, പ്ലസ്ടു വിദ്യാർഥിനിയുടെ ആണ്‍സുഹൃത്തിന്റെ വിനോദയാത്ര.
കുടുംബം തിരിച്ചെത്തുന്നതിന് മണിക്കൂറുകള്‍ ക്കുമുമ്പ് ഇയാള്‍ കാർ തിരിച്ചെത്തിച്ചെങ്കിലും ഗൃഹനാഥനുണ്ടാക്കിയ പൊല്ലാപ്പ് പോലീസിനെയും സെക്യൂരിറ്റി ജീവനക്കാരെയും വട്ടംചുറ്റിച്ചു.
കോട്ടയം റെയില്‍വേ സ്റ്റേഷനിലായിരുന്നു സിനിമാക്കഥകളെ വെല്ലുന്ന സംഭവം. അച്ഛനും അമ്മയും മകനും മകളുമടങ്ങിയ കുടുംബവും ഇവരുടെ അടുത്ത ബന്ധുവിന്റെ കുടുംബവുമാണ് വേളാങ്കണ്ണിക്ക് തീർഥയാത്രപോയത്.
ഇവരുടെ കാർ, റെയില്‍വേ സ്റ്റേഷനിലെ പാർക്കിങ് സ്ഥലത്തിട്ടശേഷം പണമടച്ച് രസീത് വാങ്ങി താക്കോല്‍ സെക്യൂരിറ്റി ജീവനക്കാരനെ എല്പിച്ചു.
തുടർന്നാണ് കഥയിലെ ട്വിസ്റ്റ്
കുടുംബം ട്രെയിനില്‍ കയറിപ്പോയി രണ്ട് മണിക്കൂറിനുശേഷം ഒരു യുവാവെത്തി തന്റെ അപ്പയാണ് കാർ പാർക്കുചെയ്ത് വേളാങ്കണ്ണിക്ക് പോയതെന്ന് അറിയിച്ചു. വാഹനം അവർ വരുമ്ബോഴേക്ക് എത്തിച്ചാല്‍ മതിയെന്ന് പറഞ്ഞിട്ടുണ്ടെന്നും കാറെടുക്കാനെത്തിയതാണെന്നും സെക്യൂരിറ്റിയോട് പറഞ്ഞു. പാർക്കിങ്ങിന് പണമടച്ച രസീതിന്റെ ഫോട്ടോ മൊബൈല്‍ ഫോണില്‍ കാണിച്ച് വിശ്വാസ്യത വരുത്തി. ഏല്പിച്ച താക്കോല്‍ അവിടെയിരുന്നോട്ടെയെന്നും വേറെ താക്കോലുണ്ടെന്നും പറഞ്ഞ് കാറുമായിപോയി.
രണ്ട് ദിവസത്തിനുശേഷം കുടുംബം തിരിച്ചെത്തുന്നതിനുമുമ്ബ് യുവാവ് വാഹനം പാർക്കിങ് സ്ഥലത്ത് എത്തിച്ചു. അപ്പ വരുന്നുണ്ടെന്നും കാറെടുത്തോളുമെന്നും പറഞ്ഞ് മടങ്ങി.
ഗൃഹനാഥനെത്തിയപ്പോള്‍, കാർ ‘മകൻ’ കൊണ്ടുപോയ കാര്യം സെക്യൂരിറ്റി ജീവനക്കാരൻ അറിയിച്ചു. ഇതോടെ ഗൃഹനാഥൻ പൊട്ടിത്തെറിച്ചു. മകൻ തന്റെ കൂടെ ഉണ്ടായിരുന്നെന്നും വേളാങ്കണ്ണിക്ക് പോയ മകനെങ്ങനെ കാറുമായിപോയിട്ട് തിരിച്ചെത്തിയെന്നുമുള്ള ചോദ്യത്തില്‍ സെക്യൂരിറ്റി ജീവനക്കാരൻ കുഴങ്ങി.
കാർ കൊണ്ടുപോയത് കഞ്ചാവ് കടത്താനാണെന്നും ഇദ്ദേഹം ആരോപിച്ചു. സെക്യൂരിറ്റി ജീവനക്കാരനെതിരേ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് റെയില്‍വേ പോലീസില്‍ പരാതിയും നല്‍കി. ഇതോടെ പോലീസും ഉണർന്നു,
കാർ കടത്തിക്കൊണ്ടുപോയ ആള്‍ക്കായി അന്വേഷണം തുടങ്ങി.
സി.സി.ടി.വി.യില്‍നിന്ന് കാർ കൊണ്ടുപോകുന്ന ദൃശ്യം ലഭിച്ചു. ആളെ തിരിച്ചറിഞ്ഞപ്പോള്‍ ഞെട്ടിയത് കുടുംബവും പ്ലസ്ടു വിദ്യാർഥിനിയായ മകളും.
പോലീസിന്റെ ചോദ്യങ്ങള്‍ക്കുമുമ്പില്‍ പിടിച്ചുനില്‍ക്കാനാകാതെ മകള്‍ സംഭവം വിവരിച്ചു.
പ്ലസ്ടു വിദ്യാർഥിയായ ആണ്‍സുഹൃത്തിന് ‘കറങ്ങിനടക്കാൻ’, യാത്രപോകുന്നതിന് തലേദിവസം കാറിന്റെ ഡ്യൂപ്ലിക്കേറ്റ് താക്കോല്‍ താനാണ് കൈമാറിയതെന്ന് മകള്‍ സമ്മതിച്ചു. സ്റ്റേഷനിലെ പാർക്കിങ് സ്ഥലത്ത് പണമടച്ച രസീതിന്റെ ഫോട്ടോയെടുത്ത് ആണ്‍സുഹൃത്തിന് വാട്ട്സ് ആപ്പില്‍ അയച്ചും കൊടുത്തിരുന്നു.
തുടർന്ന് ആണ്‍സുഹൃത്തിനെ പോലീസ് വിളിച്ചുവരുത്തി വിവരങ്ങള്‍ ചോദിച്ചു. അയാളും ഇതെല്ലാം ശരിവെച്ചതോടെ പോലീസിനും ആശ്വാസമായി.
Whatsapp Group 1 | Whatsapp Group 2 |Telegram Group