
വൈക്കം: ശാരീരിക . മാനസിക പീഡനം സഹിക്കവയ്യാതെ ഹോസ്റ്റലിൽ നിന്ന് വിദ്യാർത്ഥിനികൾ ഇറങ്ങിപ്പോയി. വൈക്കം നഗരസഭ പരിധിയിൽ പുളിഞ്ചുവട്ടിൽ പട്ടികജാതി വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന പ്രീ
മെട്രിക് ഹോസ്റ്റലിലെ വാർഡനും
റസിഡൻ്റ് ട്യൂട്ടർക്കും എതിരേയാണ് പരാതി.
വാർഡനും റസിഡൻ്റ് ട്യൂട്ടറും കുട്ടികളെ മാനസികവും ശാരീരികവുമായി പീഡിപ്പിക്കുന്നതിനെ തുടർന്ന് കുട്ടികൾ ഹോസ്റ്റലിൽ നിന്നു വിട്ടു പോകുന്നതായി പരാതി.
കുട്ടികളെ ചൂരലിനടിക്കുകയും മാനസികമായി പ്രയാസമുണ്ടാക്കുന്ന തരത്തിൽ ശകാരിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്നതു മൂലമാണ് കുട്ടികൾ ഹോസ്റ്റൽ വിടാൻ നിർബന്ധിതരായതെന്ന ആരോപണവമായി രക്ഷിതാക്കളും രംഗത്തെത്തി. യു പി , ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി ഈ അധ്യയന വർഷം 16കുട്ടികളാണ് ഹോസ്റ്റലിൽ താമസിച്ച് വിവിധ സ്കൂളുകളിൽ പഠിക്കാനായി ചേർന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

എല്ലാം പാവപ്പെട്ട കുടുംബങ്ങളിൽ നിന്നുള്ള കുട്ടികളാണ്. ഈ അധ്യയന വർഷം ചുമതലയേറ്റ വാർഡൻ്റേയും റസിഡൻ്റ് ട്യൂട്ടറുടേയും ശാരീരിക മാനസിക പീഡനം മൂലം കഴിഞ്ഞ രണ്ടുമാസത്തിനിടയിൽ ആറു കുട്ടികൾ ഹോസ്റ്റലിൽ നിന്ന് പിരിഞ്ഞു പോയി. നിസാര കാര്യങ്ങളുടെ പേരിൽ വാർഡനും റസിഡൻ്റ് ട്യൂട്ടറും ചൂരലുപയോഗിച്ച് നിരന്തരം അടിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തതിനെ തുടർന്നാണ് ഗത്യന്തരമില്ലാതെ ഈ കുട്ടികൾ ഹോസ്റ്റൽ വിട്ടതെന്ന് രക്ഷിതാക്കൾ പറയുന്നു. ഈ വിധത്തിൽ ജീവനക്കാർ പെരുമാറുന്ന പക്ഷം ഈ അധ്യയന വർഷം പൂർത്തിയാകുന്നതിനുമുമ്പ് ഹോസ്റ്റൽ
അടച്ചുപൂട്ടേണ്ട സാഹചര്യമുണ്ടാകുമെന്നും രക്ഷിതാക്കൾ പറയുന്നു.ജീവിത സാഹചര്യങ്ങൾ പ്രതികൂലമായതിനാൽ ഏറെ നൊമ്പരങ്ങളുള്ള കുട്ടികളാണ് ഹോസ്റ്റലിലെത്തിയ വിദ്യാർഥികൾ പലരും. ഹോസ്റ്റലിലും മാനസികവും ശാരീരികമായ പീഡനം നേരിട്ടതിനാൽ ഹോസ്റ്റിലിലേക്ക് തിരിച്ചു വരാൻ കുട്ടികൾക്ക്ഭയമാണ്.
സ്കൂളിൽ നിന്ന് ഒരു ദിവസം വൈകി എത്തിയതിൻ്റെ പേരിൽ പ്ലസ്ടു വിദ്യാർഥിനിയെ സന്ധ്യ സമയത്ത് ഹോസ്റ്റലിൽ നിന്ന് ജീവനക്കാർ ഇറക്കിവിട്ടു. രണ്ടു കിലോമീറ്ററകലെ ബന്ധു വീടുള്ളതിനാൽ രാത്രി പെൺകുട്ടി വീട്ടിൽ നടന്നെത്തി. നിരുത്തരവാദപരമായി പെരുമാറുന്ന ജീവനക്കാരെ മാറ്റിയാൽ വിട്ടുപോയ കുട്ടികളിൽ ഭൂരിഭാഗത്തേയും ഹോസ്റ്റലിൽ തിരിച്ചെത്തിക്കാൻ തയ്യാറാണെന്ന് രക്ഷിതാക്കൾ പറയുന്നു.
സംഭവത്തിൻ്റെ നിജസ്ഥിതി അന്വേഷിച്ചു ബോധ്യപ്പെട്ടു പ്രീമെട്രിക് ഹോസ്റ്റലിൻ്റെ പ്രവർത്തനം സുഗമമാക്കാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് സമീപവാസിയും സി പി എമ്മിൻ്റെ നഗരസഭ കൗൺസിലറുമായ കവിതാരാജേഷ്, ജില്ലാ പട്ടികജാതി വികസന ഓഫീസർ, വൈക്കം ബ്ലോക്ക് പട്ടിക ജാതി വികസന ഓഫീസർ എന്നിവരെ ഫോണിൽ ബന്ധപ്പെട്ട് ആവശ്യമുന്നയിച്ചു.







