ഓണാഘോഷത്തിനു പിന്നാലെ കോട്ടയത്ത് കോവിഡും സമാന ലക്ഷണങ്ങളുള്ള വൈറല്‍ പനിയും; ജില്ലാ ആശുപത്രിയിൽ കഴിഞ്ഞ ദിവസം മാത്രം ചികിത്സ തേടിയെത്തിയത് അറുന്നൂറിലേറെ പേർ; സ്വയം ചികിത്സിക്കേണ്ടെന്ന് ആരോഗ്യവകുപ്പ്

ഓണാഘോഷത്തിനു പിന്നാലെ കോട്ടയത്ത് കോവിഡും സമാന ലക്ഷണങ്ങളുള്ള വൈറല്‍ പനിയും; ജില്ലാ ആശുപത്രിയിൽ കഴിഞ്ഞ ദിവസം മാത്രം ചികിത്സ തേടിയെത്തിയത് അറുന്നൂറിലേറെ പേർ; സ്വയം ചികിത്സിക്കേണ്ടെന്ന് ആരോഗ്യവകുപ്പ്

സ്വന്തം ലേഖകൻ

കോട്ടയം : ഓണഘോഷം പൊടിപൊടിച്ച കോട്ടയം ഇപ്പോൾ പനിയുടെ കിടുകിടുപ്പിലാണ്. ഓണാഘോഷത്തിനു പിന്നാലെ ജില്ലയില്‍ കോവിഡും സമാന ലക്ഷണങ്ങളുള്ള വൈറല്‍ പനിയുമാണ് പിടിമുറുക്കുന്നത്. ഓണക്കാലത്തെ തിരക്കും ആ ദിവസങ്ങളില്‍ മാസ്‌ക്‌ ഉപയോഗിക്കാതെ ജനങ്ങള്‍ വ്യാപാര സ്‌ഥാപനങ്ങളിലേക്കും പൊതു സ്‌ഥലങ്ങളിലേക്കുമെത്തിയതും കോവിഡും വൈറൽ പനിയും വ്യാപിക്കാന്‍ കാരണമായി.

കഴിഞ്ഞ ദിവസം കോട്ടയം ജനറല്‍ ആശുപത്രിയില്‍ മാത്രം അറുനൂറിലേറെ പേരാണ്‌ പനി ബാധിച്ചു ചികിത്സ തേടിയത്‌. മിക്ക ആശുപത്രികളിലും ചികിത്സ തേടിയെത്തുന്നവരില്‍ ഏറെയും കുട്ടികളാണ്‌. സര്‍ക്കാര്‍ – സ്വകാര്യ ആശുപത്രികളിലായി നുറുകണക്കിന്‌ രോഗികളാണ് നിലവിൽ ചികിത്സയിലുള്ളത്‌. മിക്ക സ്വകാര്യ ആശുപത്രികളിലും കിടപ്പു രോഗികള്‍ നിറഞ്ഞ് ബെഡ് ഒഴിവില്ലാത്തതിനാൽ ഇപ്പോള്‍ വരുന്നവരെ മരുന്നു നല്‍കി വീട്ടിലേക്ക്‌ പറഞ്ഞ്‌ അയയ്‌ക്കുകയാണ്‌.
സർക്കാർ ആശുപത്രികളിൽ ആവശ്യത്തിന് ഡോക്ടർമാർ ഇല്ലാത്തതും മരുന്ന് സ്റ്റോക്ക് ഇല്ലാത്തതും രോഗികളെ വലക്കുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നീണ്ടുനില്‍ക്കുന്ന ശക്‌തമായ പനി, ജലദോഷം, തൊണ്ടവേദന എന്നീ ലക്ഷണങ്ങളാണ് ഭൂരിഭാഗം പേരിലും കണ്ടുവരുന്നത്‌. സമാന ലക്ഷണങ്ങളോടെ വൈറല്‍ പനിയും പടരുന്നതിനാല്‍ മിക്കവരും കോവിഡ്‌ ടെസ്‌റ്റ്‌ നടത്താതെതന്നെ സ്വന്തം നിലക്ക് പോലും മരുന്നുവാങ്ങി മടങ്ങുകയാണ്‌.

കോവിഡിന്റെ വകഭേദമായ ഒമിക്രോണ്‍ തന്നെയാണ്‌ ഇപ്പോഴും വ്യാപകമായിട്ടുള്ളത്‌. രുചി, മണം എന്നിവ നഷ്ടപ്പെടുന്നതിനൊപ്പം ചെവി വേദന, ശ്വാസംമുട്ടൽ ഉള്‍പ്പെടെയുള്ള അസ്വസ്‌ഥതകളും പലരിലും കാണുന്നുണ്ട്‌. കോവിഡ്‌ രോഗികളുടെ എണ്ണവും ക്രമാതീതമായി വര്‍ധിക്കുന്നുണ്ട്‌.

പനി ബാധിച്ചാല്‍ സ്വയം ചികിത്സ നടത്തരുതെന്ന്‌ ആരോഗ്യവകുപ്പ്‌ മുന്നറിയിപ്പു നല്‍കുന്നു. ആശുപത്രിയില്‍ ചികിത്സ തേടുന്നതിനൊപ്പം വീട്ടില്‍ പരിപൂര്‍ണ വിശ്രമത്തില്‍ കഴിയണം. ധാരാളം വെള്ളം കുടിക്കണം. രണ്ട്‌ മണിക്കൂര്‍ ഇടവിട്ട്‌ ആവികൊള്ളുന്നതും ആശ്വാസം പകരും.