ഇന്നു വൈകിട്ടു മുതൽ സംസ്ഥാനത്ത് മദ്യ നിരോധനം: നിരോധനം കർശനമായി നടപ്പാക്കാൻ ജില്ലാ കളക്ടർമാർക്കു നിർദേശം; ബാറുകളും ബിവറേജുകളും അടയ്ക്കുക വൈകിട്ട് ആറു മണിയ്ക്ക്
തേർഡ് ഐ ബ്യൂറോ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു വൈകിട്ട് ആറു മണിയോടെ മദ്യശാലകൾ അടച്ചിടും. ജില്ലയിലും ബാറുകളും ബിവറേജുകളും വൈകിട്ട് ആറു മണിയോടെ അടയ്ക്കും. തിരഞ്ഞെടുപ്പിനു ശേഷം മാത്രമേ ഇവ തുറന്നു പ്രവർത്തിക്കുകയുള്ളൂ.
വോട്ടെടുപ്പ് പൂർത്തിയാകുന്നതിന് 48 മണിക്കൂർ മുൻപ് മുതൽ സംസ്ഥാനമൊട്ടാകെ തിരഞ്ഞെടുപ്പ് കമ്മീഷൻ മദ്യ നിരോധനം ഏർപ്പെടുത്തി. സുഗമവും സമാധാനപരവുമായി നിയമസഭാ തിരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിന് ജനപ്രാതിനിധ്യ നിയമം 1951 വകുപ്പ് 135 സി പ്രകാരമാണ് നിരോധനം ഏർപ്പെടുത്തിയിട്ടുള്ളത്. ഏതെങ്കിലും മണ്ഡലങ്ങളിൽ വീണ്ടും വോട്ടെടുപ്പിന്റെ സാഹചര്യമുണ്ടായാൽ നിരോധന കാലയളവും നീളും. വോട്ടെണ്ണൽ ദിവസമായ മെയ് രണ്ടിനും നിരോധനം ഉണ്ടാകും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മദ്യവിൽപ്പനശാല, ഹോട്ടൽ, ക്ലബ് തുടങ്ങിയ പൊതു ഭക്ഷണശാലകളിൽ നിരോധന കാലയളവിൽ ലഹരി പാനീയങ്ങൾ വിൽക്കുകയോ ഉപയോഗിക്കുകയോ ചെയ്യരുത്. നിരോധനം സ്വകാര്യ ക്ലബുകൾക്കും സ്റ്റാർ ഹോട്ടലുകൾക്കും ബാധകമാണ്. വ്യക്തികൾക്ക് ലൈസൻസില്ലാതെ മദ്യം സൂക്ഷിക്കുന്നതിനുള്ള എക്‌സൈസിന്റെ ഇളവും നിരോധന കാലയളവിൽ ഒഴിവാക്കാനും കർശനമായി നിരീക്ഷിക്കുവാനും മുൻകരുതലെടുക്കാനും കമ്മീഷന്റെ കത്തിനെത്തുടർന്ന് സർക്കാർ എക്‌സൈസ്, പോലീസ് മേധാവികൾക്ക് നിർദ്ദേശം നൽകി.